പുത്തൻ സാങ്കേതിക വിദ്യയിലൂടെ നിർമാണം പൂർത്തീകരിച്ച ലൈനിലൂടെയുള്ള വൈദ്യുതി പ്രവാഹത്തിന്റെ സ്വിച്ച് ഓൺ കെ.എസ്.ഇ.ബി കണ്ണൂർ ട്രാൻസ്മിഷൻ സർക്ൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ ബിനു പാലപ്പിള്ളിൽ നിർവഹിക്കുന്നു
അഴീക്കോട്: വൈദ്യുതി വിതരണ ശൃംഖലകളുടെ നവീകരണം ലക്ഷ്യമിട്ട് കേന്ദ്ര സർക്കാറും കെ.എസ്.ഇ.ബിയും സംയുക്തമായി നടപ്പാക്കുന്ന നവീകരണ പദ്ധതിയായ ആർ.ഡി.എസ്.എസ് (റിവാബ്ഡ് ഡിസ്ട്രി ബ്യൂഷൻ സെക്ടർ സ്കീം) പൂർത്തിയായി. അഴീക്കോട് പാലോട്ടു വയലിലുള്ള 110 കെ.വി. സബ്സ്റ്റേഷൻ മുതൽ കണ്ണൂർ ടൗണിലെ പടന്നപാലത്തിനു സമീപത്തെ 33 കെവി സബ്സ്റ്റേഷൻ വരെയുള്ള 8 കിലോമീറ്റർ കവചിത കേബ്ൾ വലിക്കുന്ന ജോലികളാണ് പൂർത്തീകരിച്ചത്.
കേബിളുകൾ വലിക്കുന്നതിനൊപ്പം വൈദ്യുത തൂണുകളിൽ വയറുകൾ ഘടിപ്പിക്കുന്ന കോമ്ബോസിറ്റ് പിന്നുകളും ഇതോടൊപ്പം മാറ്റി സ്ഥാപിച്ചു. മഴക്കാലമായാൽ കെ.എസ്.ഇ.ബി അനുഭവിച്ചിരുന്ന വൈദ്യുതി തടസ്സം പരിധി വരെ കവചിത കേബിളുകൾ സ്ഥാപിക്കുന്നതിലൂടെ പരിഹാരമാകും. മരച്ചില്ലകളോ വള്ളികളോ പൊട്ടി വീണാലും വൈദ്യുതി തടസ്സപ്പെടില്ലെന്നതും അപകടങ്ങൾ കുറക്കാൻ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. നിലവിലുള്ള പഴകിയ അലൂമിനിയം കമ്പികൾ മാറ്റിയാണ് പുതിയ ഇൻസുലേറ്റഡ് കേബ്ൾ വലിക്കുന്നത്.
നാല് കോടിയോളം ചെലവ് വരുന്ന ഈ പദ്ധതിയുടെ നിർമാണ ചുമതല ഇലക്ട്രിക്കൽ കൺസ്ട്രക്ഷൻ കമ്പനിയായ ജെനിസിസ് എൻജിനീയറിങ് ഗ്രൂപ്പ്, തിരുവനന്തപുരം ആണ് നിർവഹിച്ചത്. പുത്തൻ സാങ്കേതിക വിദ്യയിലൂടെ നിർമാണം പൂർത്തീകരിച്ച ഈ ലൈനിലൂടെ അഴീക്കോട് സബ്സ്റ്റേഷനിൽനിന്ന് കണ്ണൂർ ടൗൺ സബ്സ്റ്റേഷനിലേക്ക് വൈദ്യുതി പ്രവാഹം വിതരണം ചെയ്യുന്നതിന്റെ സ്വിച്ച് ഓൺ കർമം കെ.എസ്.ഇ.ബി കണ്ണൂർ ട്രാൻസ്മിഷൻ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ ബിനു പാലപ്പിള്ളിൽ നിർവഹിച്ചു.
കണ്ണൂർ ട്രാൻസ്മിഷൻ ഡിവിഷൻ എക്സിക്യുട്ടിവ് എൻജിനീയർ അജയ് കുമാർ, അസി. എക്സിക്യൂട്ടിവ് എൻജിനീയർ മനോജ് കുമാർ പി.പി. അഴീക്കോട് സബ്സ്റ്റേഷൻ അസി. എൻജിനീയർ എം.കെ. മനോജ് കുമാർ സബ് എൻജിനിയർ കെ.ആർ. പ്രസാദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.