എ.ഡി.എം നവീൻ ബാബുവിന്റെ മരണം; നേരറിയാൻ വൈകുമോ ?
കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ മരണം അന്വേഷിക്കാൻ ഇനിയും സി.ബി.ഐ എത്തിയില്ല. കഴിഞ്ഞ ജൂൺ നാലിനാണ് സംസ്ഥാന സർക്കാർ അന്വേഷണം സി.ബി.ഐക്ക് വിട്ടത്. നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്ക്ക് ആശ്രിത നിയമനം നൽകാനും അന്നത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. നവീൻ ബാബുവിന്റെ കുടുംബം മുഖ്യമന്ത്രി വി.ഡി. സതീശനെ കണ്ട് പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും മറ്റൊരു ഏജൻസിയെ കൊണ്ട് മരണത്തിൽ അന്വേഷണം നടത്തി നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഇത് പരിഗണിച്ചാണ് യു.ഡി.എഫ് സർക്കാർ അന്വേഷണം സി.ബി.ഐക്ക് വിടാൻ തീരുമാനമെടുത്തത്. എന്നാൽ നാലുമാസം പിന്നിടുമ്പോഴും സി.ബി.ഐ എത്തിയിട്ടില്ല. ഉടൻ അന്വേഷണം തുടങ്ങുമെന്ന സൂചനയാണുളളത്. നിലവിൽ പൊലീസ് സമർപ്പിച്ച കുറ്റപത്രം അനുസരിച്ച് കേസിൽ സി.പി.എം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി. ദിവ്യ മാത്രമാണ് പ്രതി. കേസ് സി.ബി.ഐക്ക് വിടാനുള്ള നീക്കത്തെ സി.പി.എം നേരത്തെ എതിർത്തിരുന്നു. 2024 സപ്തംബർ 24 ന് രാവിലെയാണ് എ.ഡി.എം നവീൻ ബാബുവിനെ പള്ളിക്കുന്നിലെ താമസസ്ഥലത്ത് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിന്റെ തലേ ദിനം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ എ.ഡി.എമ്മിന് നൽകിയ യാത്രയയപ്പ് യോഗത്തിൽ, ക്ഷണിക്കാതെയെത്തിയ പി.പി. ദിവ്യ സംസാരിക്കുകയും നവീൻ ബാബുവിനെതിരെ പരസ്യമായി അഴിമതിയാരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു. ചെങ്ങളായി ചേരൻകുന്നിൽ വരാനിരുന്ന പെട്രോൾ പമ്പിന്റെ അനുമതിക്കായി പണം വാങ്ങിയെന്ന ആരോപണമാണ് ദിവ്യ ഉന്നയിച്ചിരുന്നത്. ഇതിൽ മനം നൊന്ത നവീൻ ബാബു കിട്ടിയ ഉപഹാരങ്ങൾ പോലും എടുക്കാതെയാണ് പുറത്തിറങ്ങിയത്. രാത്രി 8.55 നുള്ള മലബാർ എക്സ്പ്രസിന് നാട്ടിലേക്ക് പോകാനായിരുന്നു നവീൻ ബാബു ടിക്കറ്റ് എടുത്തിരുന്നത്.
പുലർച്ചെ ചെങ്ങന്നൂരിലെത്തിയ ബന്ധുക്കളാണ് നവീൻ ട്രെയിനിലില്ലെന്ന വിവരം കണ്ണൂരിൽ അറിയിക്കുന്നത്. പള്ളിക്കുന്നിലെ താമസ സ്ഥലത്ത് എ.ഡി.എമ്മിന്റെ ഡ്രൈവർ അന്വേഷിച്ചെത്തിയപ്പോഴാണ് നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടക്കം മുതൽ ഏറെ സംശയവും വിവാദവുമായ കേസിൽ ഇടതുസർക്കാർ പൊലീസ് അന്വേഷണം മാത്രം മതിയെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു. യു.ഡി.എഫ് സർക്കാർ അന്വേഷണം സി.ബി.ഐക്ക് വിട്ടതോടെ കുടുംബം നീതി കാത്തിരിക്കുകയാണ്.
പുനരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി
കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇരിക്കൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ് ജന.സെക്രട്ടറി ടി.എൻ.എ. ഖാദർ മുഖ്യമന്ത്രിക്ക് പരാതി നൽകി. ഈ കേസ് പി.പി. ദിവ്യയിൽ മാത്രം ഒതുങ്ങേണ്ടതല്ല. ചെങ്ങളായിലെ പെട്രോൾ പമ്പുമായി ബന്ധപ്പെട്ട ആരോപണമാണ് നവീൻ ബാബുവിന്റെ മരണത്തിൽ കലാശിച്ചത്.
നിടുവാലൂരിലെ പ്രശാന്തൻ എന്ന സി.പി.എം. പ്രവർത്തകന് ഇതിൽ പങ്കുണ്ട്. അന്നത്തെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നുവെന്ന് പ്രശാന്തൻ പറഞ്ഞിരുന്നുവെങ്കിലും അങ്ങിനെയൊരു പരാതിയില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ വ്യക്തമാക്കിയിരുന്നു. ഇല്ലാത്ത കത്താണ് പ്രശാന്തൻ പ്രചരിപ്പിച്ചത്. ഇത് വ്യാജ രേഖയാണ്. ഗൂഢാലോചന, വ്യാജ രേഖ ചമക്കൽ, ആത്മഹത്യാ പ്രേരണ എന്നിവയെല്ലാം ഈ കേസിലുണ്ട്. ദിവ്യയോടൊപ്പം പ്രശാന്തൻ അടക്കമുള്ളവരും ഈ കേസിൽ പ്രതികളാകേണ്ടവരാണെന്നും കേസ് വീണ്ടും അന്വേഷിച്ച് എല്ലാ വസ്തുതകളും പുറത്തു കൊണ്ടുവരണമെന്നും ടി.എൻ.എ.ഖാദർ പരാതിയിലൂടെ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.