സി​റി​ല്‍, നൗ​ഷാ​ദ്

മാല പൊട്ടിക്കല്‍: മട്ടന്നൂരില്‍ കൊടുംകുറ്റവാളികള്‍ അറസ്റ്റില്‍

മട്ടന്നൂര്‍: ബൈക്കിലെത്തി സ്ത്രീകളുടെ സ്വർണമാല പൊട്ടിക്കുന്ന രണ്ട് കൊടുംകുറ്റവാളികളെ മട്ടന്നൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എം. കൃഷ്ണന്‍ അറസ്റ്റ് ചെയ്തു. കോട്ടയം സ്വദേശി സിറില്‍, ഉളിയില്‍ സ്വദേശി നൗഷാദ് എന്നിവരാണ് അറസ്റ്റിലായത്.

വ്യാഴാഴ്ച വൈകീട്ട് കൊടോളിപ്രം- കരടി പൈപ്പ് ലൈന്‍ റോഡിലൂടെ നടന്നുപോകുകയായിരുന്ന നായാട്ടുപാറ ട്യൂഷന്‍ സെന്ററിലെ അധ്യാപിക കെ. രാധയുടെ മൂന്നര പവന്‍ മാല പിടിച്ചുപറിച്ച കേസിലാണ് ഇവര്‍ അറസ്റ്റിലായത്.

ഇരുചക്ര വാഹനത്തിലെത്തിയ സംഘം റോഡരികില്‍ നിര്‍ത്തി മാല പിടിച്ചുപറിച്ച് രക്ഷപ്പെടുകയായിരുന്നു. അധ്യാപിക ബഹളം വെച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തി. തുടർന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

അന്വേഷണസംഘം പ്രതിയെ തിരയുന്നതിനിടെ പൊലീസുകാരൻ അശ്വിന് പാമ്പു കടിയേല്‍ക്കുകയും ചെയ്തിരുന്നു. നായാട്ടുപാറയിലെ മോഷണ ശ്രമത്തിനു ശേഷം ചക്കരക്കല്ല് പൊലീസ് സ്റ്റേഷന്‍ പരിധിയിലും മോഷണശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.

എ.സി.പി പ്രദീപന്‍ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തില്‍ എല്ലാ പൊലീസ് സ്റ്റേഷനിലും വിവരം നല്‍കി. തുടര്‍ന്നും പ്രതികള്‍ വീണ്ടും കൃത്യത്തിന് ശ്രമിച്ചിരുന്നു. പൊലീസിന്റെ ജാഗ്രതയിലാണ് പ്രതികള്‍ പിടിയിലായത്.

ദിവസങ്ങള്‍ക്കുമുമ്പ് മരുതായിയില്‍ വയോധികയായ പാർവതി അമ്മയുടെ സ്വർണമാല ഇരുചക്ര വാഹനത്തിലെത്തി പൊട്ടിച്ചതും ഈ സംഘമായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കണ്ണപുരം തുടങ്ങി വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഇവരുടെ പേരില്‍ കേസുണ്ട്. ഇന്നലെ അധ്യാപികയുടെ മാല പൊട്ടിച്ചശേഷം സമാനരീതിയില്‍ മറ്റ് മൂന്ന് ശ്രമവും പ്രതികള്‍ നടത്തിയിരുന്നു.

സിറില്‍, മുംബൈ അധോലോകസംഘവുമായി ബന്ധമുള്ള വ്യക്തിയാണെന്നും അവിടെ 16 വര്‍ഷം ജയിലിലായിരുന്നുവെന്നും സി.ഐ എം. കൃഷ്ണന്‍ വ്യക്തമാക്കി. പിന്നീട് കേരളത്തിലേക്ക് പ്രവര്‍ത്തനമേഖല മാറ്റുകയായിരുന്നു. ജയിലില്‍നിന്നു പരിചയപ്പെട്ട നൗഷാദുമായി ബന്ധം സ്ഥാപിച്ച് ഇരുവരും ഇരുചക്രവാഹനത്തില്‍ ചുറ്റിക്കറങ്ങി സ്ത്രീകളുടെ മാല പൊട്ടിക്കല്‍ പതിവാക്കുകയായിരുന്നു. 

Tags:    
News Summary - stealing Necklace-Criminals arrested in Mattannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.