മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം: മുന്നണികള്‍ അണിയറ പ്രവര്‍ത്തനം തുടങ്ങി

മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ അവശേഷിക്കേ മുന്നണികള്‍ അണിയറ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. രണ്ടു വരണാധികാരികളെ നിശ്ചയിച്ചു. തിരുവനന്തപുരത്ത് ഉടന്‍ സര്‍വകക്ഷിയോഗം ചേരും. ആഗസ്റ്റിലോ സെപ്റ്റംബറിലോ വോട്ടെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനം.

ഒന്നു മുതല്‍ 18 വരെയുള്ള വാര്‍ഡുകള്‍ക്ക് കണ്ണൂര്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസറെയും 19 മുതല്‍ 35 വരെ വാര്‍ഡുകള്‍ക്ക് കണ്ണൂര്‍ സോഷ്യല്‍ ഫോറസ്ട്രി അസി. കണ്‍സര്‍വേറ്ററെയുമാണ് വരണാധികാരിയാക്കുക.

തൃക്കാക്കരയിലെ ചരിത്രവിജയം മട്ടന്നൂരില്‍ യു.ഡി.എഫ് കേന്ദ്രങ്ങളെ ഊർജ്ജസ്വലമാക്കിയിട്ടുണ്ട്. എന്നാല്‍, ഇടതുപക്ഷം ഇതിനകം പ്രാരംഭ ഒരുക്കങ്ങളില്‍ മുന്നിട്ടുനില്‍ക്കുന്നതായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

മട്ടന്നൂര്‍ നഗരസഭയില്‍ എന്നും വേറിട്ട തെരഞ്ഞെടുപ്പാണ്. പ്രചാരണ വീറും വാശിയും ലോക്‌സഭ മണ്ഡല തെരഞ്ഞെടുപ്പിനോളമെത്തും.

ആറാമത് മട്ടന്നൂര്‍ നഗരസഭ ഭരണസമിതി തെരഞ്ഞെടുപ്പിന് ജൂലൈയിൽ വിജ്ഞാപനം പുറപ്പെടുവിക്കാനാണ് സാധ്യത. സെപ്റ്റംബറിലാണ് ഇവിടെ പുതിയ ഭരണസമിതി അധികാരമേല്‍ക്കേണ്ടത്.

ഇടതുപക്ഷത്തിന് ഏറെ സ്വാധീനമുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെട്ട മട്ടന്നൂര്‍ നഗരസഭയില്‍ 2017ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 35 വാര്‍ഡില്‍ 28 സീറ്റുമായി എല്‍.ഡി.എഫ് ഭരണത്തുടര്‍ച്ച നേടിയപ്പോള്‍ ഏഴ് സീറ്റ് യു.ഡി.എഫ് നേടി.

സംസ്ഥാനത്തെ മറ്റെല്ലാ തദ്ദേശസ്ഥാപനങ്ങളിലേക്കും അഞ്ചുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മട്ടന്നൂര്‍ ഉള്‍പ്പെടാറില്ല. ആകെയുള്ള 1200ല്‍ 1199 തദ്ദേശസ്ഥാപനങ്ങളിലേക്ക് മാത്രമാണ് വോട്ടെടുപ്പ് നടന്നത്.

ഓരോ ഭരണസമിതിക്കും അഞ്ചുവര്‍ഷം കാലാവധി നല്‍കണമെന്ന നിയമമുള്ളതിനാല്‍ സംസ്ഥാനത്തെ മറ്റു പൊതുതെരഞ്ഞെടുപ്പിനൊപ്പം മട്ടന്നൂരില്‍ വോട്ടെടുപ്പ് നടത്താനാകാറില്ല.

സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഒമ്പതിന്

മട്ടന്നൂര്‍: നഗരസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഒമ്പതിന് രാവിലെ 10ന് കലക്ടറേറ്റില്‍ നടക്കും. വനിത, എസ്.സി- എസ്.ടി വാര്‍ഡുകളാണ് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുക. സെപ്റ്റംബര്‍വരെയാണ് നിലവിലെ നഗരസഭ ഭരണസമിതിയുടെ കാലാവധി.

News Summary - Mattannur Municipal Corporation elections only months away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.