കണ്ണൂർ: ജില്ല പഞ്ചായത്തിന്റെ ഇരിക്കൂർ ബ്ലോക്കിൽ ഉൾപ്പെടുന്നതാണ് മയ്യിൽ ഡിവിഷൻ. ഇത്തവണ പട്ടികവർഗ സംവരണമാണ്. എന്നും ഇടതിനൊപ്പം നിന്ന ഡിവിഷനിൽ ഇത്തവണ വാർഡ് വിഭജനത്തിലെ മാറ്റം വലിയ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. തങ്ങളെ വിടില്ലെന്ന വിശ്വാസം എൽ.ഡി.എഫിനുമുണ്ട്. വോട്ടുകൾ ആർക്കും പോകാതിരിക്കാനാണ് എൻ.ഡി.എയുടെ നീക്കം. ഇത്തവണ ഡിവിഷനിൽ അങ്കത്തിനിറങ്ങിയ മൂന്നു മുന്നണികളുടെയും കണക്കുകൂട്ടൽ പഴയതു പോലാവില്ല.
കഴിഞ്ഞതവണ ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനായ എൻ.വി. ശ്രീജിനിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. മയ്യിലും സമീപ പഞ്ചായത്തുകളായ കുറ്റ്യാട്ടൂർ, കൊളച്ചേരി, മുണ്ടേരി ഗ്രാമപഞ്ചായത്തുകളിലെ ചില വാർഡുകളും ഉൾപ്പെടുന്നതാണ് ഡിവിഷൻ.
ഇരിട്ടി സ്വദേശിയും ബിരുദധാരിയായ കെ. മോഹനനാണ് എൽ.ഡി.എഫ് സ്ഥാനാർഥി. ജോലി ഉപേക്ഷിച്ചാണ് മുഴുസമയ പാർട്ടി പ്രർത്തകനായത്. മുൻ ഇരിട്ടി ബ്ലോക്ക് പഞ്ചായത്തംഗം, എ.കെ.എസിന്റെ ജില്ല സെക്രട്ടറി, സംസ്ഥാന കമ്മിറ്റി എക്സികൂട്ടിവ് അംഗം, ബി.എസ്.എൻ.എൽ ഉപദേശകസമിതിയംഗം, ജില്ലയിലെ ലൈബ്രറി വ്യാപന മിഷൻ ഡയറക്ട് ബോർഡംഗം എന്നീ നിലകളിൽ കഴിവു തെളിയിച്ചുണ്ട്.
യു.ഡി.എഫ് സ്ഥാനാർഥിയായി ഏരുവേശി ചളിമ്പറമ്പ് സ്വദേശി മോഹനൻ മൂത്തേടൻ (55) ആണ് മത്സരിക്കുന്നത്. എസ്.എസ്.എൽ.സി വിദ്യാഭ്യാസമുള്ള ഇദ്ദേഹം നിലവിൽ ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷനാണ്. മൂന്നുതവണ ഏരുവേശി സഹകരണ ബാങ്ക് ഡയറക്ടറായിരുന്നു. എസ്.സി സഹകരണ സംഘം പ്രസിഡന്റ്, കോൺഗ്രസ് ഏരുവേശ്ശി മണ്ഡലം കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയാണ്.
പയ്യാവൂർ കാട്ടിക്കണ്ടം സ്വദേശി കെ. സജേഷാണ് എൻ.ഡി.എ സ്ഥാനാർഥി. പ്ലസ് ടുകാരനായ ഇദ്ദേഹം ബി.ജെ.പി കണ്ണൂർ നോർത്ത് ജില്ല സെക്രട്ടറിയാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ 2015ൽ വാർഡിൽ മത്സരിച്ചു. പട്ടികവർഗ മോർച്ച ജില്ല പ്രസിഡന്റ്, എസ്.സി, എസ്.ടി മോർച്ചയുടെ ജില്ല സെക്രട്ടറി, ബി.ജെ.പി ബൂത്ത് പ്രസിഡന്റ്, ബി.എം.എസ് പയ്യാവൂർ പഞ്ചായത്ത് കൺവീനർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.