പയ്യന്നൂര്‍: റോഡ് വികസനത്തിന് സ്ഥലം വിട്ടു കൊടുക്കാതിരുന്ന അഭിഭാഷകൻ്റെ ബൈക്കും കാറും അക്രമികൾ അടിച്ചു തകർത്തു. ഹൈക്കോടതി അഭിഭാഷകന്‍ കൊറോം മുതിയലത്തെ മുരളി പള്ളത്തിന്റെ വീട്ടില്‍ നിര്‍ത്തിയിട്ട കാറും സ്‌കൂട്ടറും ബൈക്കുമാണ് അർധരാത്രിയോടെ അടിച്ചു തകർത്തത്.
തിങ്കളാഴ്ച പുലർച്ചെ 1.30 ഓടെ വീട്ടുകാർ ശബ്ദം കേട്ടുണർന്നപ്പോഴാണ് വാഹനങ്ങൾ തല്ലിത്തകർത്തയായി കണ്ടത്. ഒരു കാറും ഒരു സ്കൂട്ടറും ഒരു ബൈക്കും അക്രമികൾ തകർത്തു. വിവരമറിയിച്ചതിനെ തുടർന്ന് പയ്യന്നൂർ പൊലീസ് രാത്രിയിൽ തന്നെ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.
പയ്യന്നൂർ കാനായി മാതമംഗലം റോഡിൻ്റെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. ജനകീയ കമ്മറ്റി ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് മുരളി പള്ളത്തുൾപ്പടെ അൻപതോളം പേർ വിവിധ കോടതികളെ സമീപിച്ചിരുന്നു. ഭൂമി എറ്റെടുക്കൽ തടഞ്ഞു കൊണ്ടുള്ള ഉത്തരവ് നിലനിൽക്കെ ഇദ്ദേഹത്തിൻ്റേതുൾപ്പടെ പലരുടെയും വീട്ടു മതിൽ കഴിഞ്ഞ ദിവസങ്ങളിൽ ചിലർ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തകർത്തതായും പരാതിയുണ്ട്. പ്രദേശത്തെ വാട്സ് ആപ്പ് ഗ്രൂപ്പുകളിലുൾപ്പടെ ഭൂമിക്ക് നഷ്ട പരിഹാരം ആവശ്യപ്പെടുന്നവരെ ഒറ്റപ്പെടുത്തണമെന്ന പ്രചരണമുണ്ടായിരുന്നു. ഇതിന് തുടർച്ചയായാണ് മുരളി പള്ളത്തിൻ്റെ വാഹനങ്ങൾ തകർത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.