കണ്ണൂർ: ശ്രോതാക്കളെ കൂട്ടി കുടുംബശ്രീ റേഡിയോ ശ്രീ. ജൂലൈ ഒന്നുമുതൽ പ്രക്ഷേപണം ആരംഭിച്ച റേഡിയോ ശ്രീ 10 ലക്ഷം ശ്രോതാക്കളിലേക്കെത്തുകയാണ്. നിലവിൽ അഞ്ചുലക്ഷം ശ്രോതാക്കളുണ്ട്. ജില്ലയിൽ ഇതുവരെ 20,000 പേർ റേഡിയോ ശ്രീ ശ്രോതാക്കളാണ്. അടുത്ത മൂന്ന് മാസത്തിനുള്ളിൽ 10 ലക്ഷം ശ്രോതാക്കളെകൂടെ റേഡിയോ ശ്രീയിൽ എത്തിക്കുകയെന്നതാണ് ലക്ഷ്യം.
ഇതിന്റെ ഭാഗമായി കുടുംബശ്രീ സി.ഡി.എസ്, എ.ഡി.എസ്, അയൽക്കൂട്ടംതലത്തിൽ നടക്കുന്ന പരിപാടികൾ വാർത്തകളായും അയൽക്കൂട്ടം പ്രവർത്തകരുടെ രചനകൾ, നാടകങ്ങൾ, കവിതകൾ, മികച്ച സംരംഭകരുമായുള്ള അഭിമുഖം, കർഷകർക്കും സംരംഭകർക്കും വേണ്ട പരിശീലന ക്ലാസുകൾ എന്നിവ കൂടുതൽ സംപ്രേഷണം ചെയ്ത് കൂടുതൽ ശ്രോതാക്കളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് റേഡിയോ ശ്രീ. കുടുംബശ്രീയുടെ 48 ലക്ഷം കുടുംബങ്ങളിലേക്കും എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
രാവിലെ ഏഴുമുതൽ ഒന്നുവരെ ഒരു മണിക്കൂർ ദൈർഘ്യമുള്ള സിന്ദൂരച്ചെപ്പ്, കൂട്ടുകാരി, റേഡിയോ ശ്രീമതി, നാട്ടരങ്ങ്, സാഹിത്യോത്സവം, ഓഡിയോ ബുക്ക് തുടങ്ങി ആറ് പ്രത്യേക പരിപാടികൾ തുടർച്ചയായി പ്രക്ഷേപണം ചെയ്യുന്നുണ്ട്. രണ്ട് മണിക്കൂർ ഇടവിട്ട് അഞ്ച് മിനിറ്റ് വീതം കുടുംബശ്രീ വാർത്തകളുമുണ്ട്.
കുടുംബശ്രീ നടത്തുന്ന പ്രവർത്തനങ്ങൾ, പരിപാടികൾ, സ്പെഷൽ പ്രോജക്ട് പ്രവർത്തനങ്ങൾ, കാലാവസ്ഥ മുന്നറിയിപ്പ് എന്നിവയാണ് വാർത്തകൾ. ആറ് മണിക്കൂർ വീതമുള്ള നാല് ഷെഡ്യൂളുകളിലായി 24 മണിക്കൂറും റേഡിയോ ശ്രീ പ്രക്ഷേപണം ചെയ്യുന്നുണ്ട്. പ്ലേ സ്റ്റോറിൽനിന്നും ആപ്പ് സ്റ്റോറിൽനിന്നും റേഡിയോ ശ്രീ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ സാധിക്കും. കൂടാതെ, റേഡിയോ ശ്രീ എന്ന വെബ്സൈറ്റിലും പ്രക്ഷേപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.