കണ്ണൂർ: വൈവിധ്യവത്കരണത്തിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി ആരംഭിച്ച ബജറ്റ് ടൂറിസം പദ്ധതി ജില്ലയിലെ മൂന്നു ഡിപ്പോകളിലും വിജയം കണ്ടു. രണ്ടു വർഷം മുമ്പ് കണ്ണൂർ യൂനിറ്റിൽനിന്ന് മാത്രമായിരുന്നു ടൂർ പാക്കേജ് നടത്തിയത്. കൂടുതൽ അന്വേഷണങ്ങൾ വന്നതുകൊണ്ടാണ് തലശ്ശേരി, പയ്യന്നൂർ യൂനിറ്റുകളിലും ബജറ്റ് ടൂറിസം സെല്ലിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചതെന്ന് നോർത്ത് സോൺ ചീഫ് ട്രാഫിക് മാനേജർ വി. മനോജ്കുമാർ അറിയിച്ചു.
കണ്ണൂരിൽനിന്ന് മാർച്ച് 15ന് പുറപ്പെടുന്ന രീതിയിൽ കൊച്ചിയിൽ നെഫർറ്റിറ്റി ആഡംബര ക്രൂസിലേക്ക് യാത്ര സംഘടിപ്പിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെ 5.30ന് കണ്ണൂർ ഡിപ്പോയിൽനിന്ന് ആരംഭിക്കുന്ന യാത്ര ഉച്ചക്ക് 2.30ന് കൊച്ചിയിൽ എത്തും. അഞ്ചു മണിക്കൂർ ഉല്ലാസ നൗകയിൽ സഞ്ചരിച്ചു രാത്രി ഒമ്പതിന് തിരിക്കും. ഞായറാഴ്ച രാവിലെ അഞ്ചിന് കണ്ണൂരിൽ തിരിച്ചെത്തുന്ന രീതിയിലാണ് പാക്കേജ്. ഫോൺ: 9497007857.
പയ്യന്നൂരിൽനിന്ന് മാർച്ച് 14ന് സൈലന്റ് വാലി-മലമ്പുഴ യാത്രയാണ് ആദ്യത്തേത്. മാർച്ച് 14ന് രാത്രി ഒമ്പതിന് പുറപ്പെട്ട് 15ന് രാവിലെ 7.45ന് പ്രഭാത ഭക്ഷണം. 8.30 ജംഗിൾ സഫാരി. 1.30ഓടെ ഉച്ചഭക്ഷണം. വനശ്രീ ഇക്കോ ഷോപ്പിൽനിന്ന് വന ഉൽപന്നങ്ങൾ വാങ്ങുന്നതിനടക്കം മൂന്നുവരെ സൈലന്റ് വാലിയിൽ ചെലവഴിക്കും. ശേഷം നാലോടെ മലമ്പുഴ ഡാം സന്ദർശനം. 6.30ന് പുറപ്പെട്ട് 16ന് രാവിലെ തിരിച്ചെത്തും വിധമാണ് യാത്ര. മാർച്ച് 22, 23 തീയതികളിൽ ഗവി യാത്ര. 22ന് അടവി കുട്ടവഞ്ചി സവാരി, ആങ്ങാമുഴി, ഗവി പരുന്തുംപാറ, 23ന് തേക്കടി, കുമളി, കമ്പം, സ്പൈസസ് ഗാർഡൻ, രാമക്കൽമേട് എന്നിവിടങ്ങളാണ് സന്ദർശിക്കുക. 21ന് വൈകീട്ട് നാലിന് പുറപ്പെട്ട് 24ന് രാവിലെ എത്തിച്ചേരും. ഫോൺ: 8075823384.
തലശ്ശേരിയിൽനിന്ന് മാർച്ച് 14ന് രാത്രി ഏഴിന് പുറപ്പെടുന്ന മൂന്നാർ-മറയൂർ-കാന്തല്ലൂർ യാത്ര 17ന് രാവിലെ ആറിന് തിരിച്ചെത്തുന്ന രീതിയിലാണ് പാക്കേജ് തയാറാക്കിയിട്ടുള്ളത്. 15ന് മൂന്നാർ ബൊട്ടാണിക്കൽ ഗാർഡൻ, മറയൂർ, കാന്തല്ലൂർ യാത്ര, രണ്ടാം ദിവസം ഗ്യാപ്പ് റോഡ് വ്യൂ പോയന്റ്, ഫോട്ടോ ഷൂട്ട് പോയന്റ്, ആനയിറങ്കൽ ഡാം, പൊൻമുടി ഡാം, ചതുരംഗപ്പാറ ട്രക്കിങ് എന്നിവയാണ് മുഖ്യ ആകർഷണം. 16ന് വൈകീട്ട് ആറിന് പുറപ്പെട്ട് 17ന് രാവിലെ എത്തും. ഫോൺ: 9497879962.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.