പന്നിഫാമിൽനിന്ന് കണ്ടെത്തിയ പ്ലാസ്റ്റിക്ക് മാലിന്യശേഖരം
കൂത്തുപറമ്പ്: ചിറ്റാരിപ്പറമ്പ് തൊടീക്കളം വാർഡിലെ എടയാർ പന്നി ഫാമിൽ വൻ പ്ലാസ്റ്റിക് മാലിന്യക്കൂന കണ്ടെത്തിയതിനെ തുടർന്ന് തദ്ദേശ വകുപ്പിന്റെ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് തലശ്ശേരി, പാനൂർ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ അഞ്ച് ഹോട്ടലുകൾക്ക് പിഴ ചുമത്തി. ഹോട്ടലുകളിൽനിന്ന് ഭക്ഷ്യ അവശിഷ്ടങ്ങൾ പന്നി ഫാമിലേക്ക് നൽകുന്നതിനൊപ്പംതന്നെ കവറുകളിൽ പ്ലാസ്റ്റിക് മാലിന്യംകൂടി നൽകുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
തലശ്ശേരി ചിറക്കരയിലെ പൊന്ന്യം കഫെ, പുതിയ ബസ് സ്റ്റാൻഡിലെ എം.ആർ.എ കൂൾബാർ, കോട്ടയം ആറാം മൈൽ, പാനൂർ നഗരസഭയിലെ പൂക്കോം, മമ്പറം പിണറായി റോഡിലെ കമ്പിനിമെട്ട എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഒമാസ് റസ്റ്റാറന്റിന്റെ മൂന്നു ശാഖകൾ എന്നിവക്കാണ് 5000 രൂപ വീതം പിഴ ചുമത്തിയത്. ഫാമിന് 10,000 രൂപ പിഴ ഈടാക്കിയതായും 20 ദിവസത്തിനകം ശാസ്ത്രീയമായി മാലിന്യം നീക്കം ചെയ്യാൻ നോട്ടീസ് നൽകിയതായും പഞ്ചായത്ത് സെക്രട്ടറി കെ.കെ. സത്യൻ പറഞ്ഞു.
പന്നി ഫാമിൽനിന്ന് ശേഖരിച്ച തെളിവുകൾക്ക് പുറമെ ഈ ഹോട്ടലുകളിൽ മാലിന്യം തരംതിരിക്കാതെ സൂക്ഷിച്ചതായും സ്ക്വാഡ് കണ്ടെത്തി. ക്രിസ് സെബാസ്റ്റ്യന്റെ ഉടമസ്ഥതയിൽ എടയാർ പ്രവർത്തിക്കുന്ന പന്നി ഫാമിന്റെ പിറകിലാണ് കെട്ടുകണക്കിന് പ്ലാസ്റ്റിക് മാലിന്യം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ വർഷം ഇതേ ഫാമിൽനിന്ന് മലിനജലം ഒഴുക്കിവിട്ടതിന് ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് കാൽ ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു.
പന്നി ഫാമിലേക്ക് അജൈവ മാലിന്യം കൊടുത്തുവിടുന്ന ഹോട്ടലുകളെ കണ്ടെത്തുന്നതിന്റെ ഭാഗമായി 20ലധികം ഹോട്ടലുകളിലാണ് ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ പരിശോധന നടത്തിയത്. പരിശോധനയിൽ ജൈവ-അജൈവ മാലിന്യങ്ങൾ തരംതിരിക്കാതെ കൂട്ടിയിട്ടതിന് തലശ്ശേരി നാരങ്ങാപ്പുറത്തെ രാറാവീസ് റസ്റ്റാറന്റ്, എം.ആർ.എ റസ്റ്റാറന്റ് ആൻഡ് ബേക്കറി എന്നീ സ്ഥാപനങ്ങൾക്ക് 2500 രൂപ വീതവും പ്ലാസ്റ്റിക് കവറുകൾ കത്തിച്ചതിന് പാരീസ് റസ്റ്റാറന്റിന് 5000 രൂപയും പിഴ ചുമത്തി.
പരിശോധനയിൽ തദ്ദേശസ്വയംഭരണ വകുപ്പിന്റെ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ ബിജീഷ് കതിരൂ, എൻഫോഴ്സ്മെന്റ് ഓഫിസർ കെ.ആർ. അജയകുമാർ, പ്രവീൺ പി.എസ് എന്നിവരും തലശ്ശേരി, പാനൂർ നഗരസഭകളിലെ ഹെൽത്ത് ഇൻസ്പെക്ടർമാരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.