കേളകം: ആറളം ഫാം പുനരധിവാസമേഖലയിൽ വൻ തീപിടിത്തം. ബുധനാഴ്ച ആറളം ഫാം 13ാം ബ്ലോക്കിലാണ് തീപിടിത്തം ഉണ്ടായത്. അഗ്നിരക്ഷാ സേനയും വനം വകുപ്പ് ജീവനക്കാരും പ്രദേശവാസികളും ചേർന്ന് തീയണച്ചു.
ആറളം ആദിവാസി പുനരധിവാസ മേഖലയിലെ 13ാം ബ്ലോക്കിൽ 55 പ്രദേശത്താണ് ഉച്ചയോടെ തീപിടിത്തം ഉണ്ടായത്. ആറളം വനത്തോട് ചേർന്ന പ്രദേശത്തെ ഉണങ്ങിയ പുല്ലുകൾക്കാണ് ആദ്യം തീപിടിച്ചത്. തുടർന്ന് പ്രദേശത്താകെ തീപടരുകയായിരുന്നു.
തീപടരുന്നത് ശ്രദ്ധയിൽ പെട്ട വനം വകുപ്പു ജീവനക്കാരാണ് ആദ്യം തീയണക്കാൻ ആരംഭിച്ചത്. ഇരിട്ടിയിൽനിന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് തീ പൂർണമായും അണച്ചത്. ജനവാസ മേഖലയിലേക്ക് തീ പടരുന്നതിന് മുമ്പുതന്നെ നിയന്ത്രണവിധേയമാക്കിയത് നാശനഷ്ടങ്ങൾ ഒഴിവാക്കി. ഏകദേശം മൂന്നു ഏക്കറോളം വരുന്ന പുൽമേടിനാണ് പല സ്ഥലങ്ങളിലായി തീപടർന്നത്. ഇരിട്ടിയിൽനിന്നുള്ള അഗ്നിരക്ഷാ സേന സംഘത്തിൽ അസി. സ്റ്റേഷൻ ഓഫിസർ സി.പി. ബൈജു, എഫ്.ആർ.ഒ ഡ്രൈവർമാരായ ഇ.ജെ. മത്തായി, ഷാലോ സത്യൻ, എഫ്.ആർ.ഒ ആർ. അനീഷ്, ഹോം ഗാർഡുമാരായ രാധാകൃഷ്ണൻ, എ. സദാനന്ദൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.