കയാക്കിങ്ങിനൊരുങ്ങി കാട്ടാമ്പള്ളി; പരിശീലന കേന്ദ്രം ഉടൻ തുറക്കും

കണ്ണൂർ: ഇനി വൈകാതെ തുഴയെറിയാം. കാട്ടാമ്പള്ളി കയാക്കിങ് കേന്ദ്രം ഒരുമാസത്തിനുള്ളിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. ഇതിനുള്ള ഒരുക്കം അന്തിമഘട്ടത്തിലാണെന്ന് ഡി.ടി.പി.സി സെക്രട്ടറി ജെ.കെ. ജിജേഷ് കുമാർ അറിയിച്ചു.

രണ്ട് ഘട്ടങ്ങളിലായാണ് നിർമാണ പ്രവൃത്തി നടന്നത്. ആദ്യഘട്ടത്തിൽ 80,80,172 രൂപ ചെലവിൽ 200 ചതുരശ്ര മീറ്ററിൽ ഇരുനില കെട്ടിടവും 12 സിംഗിൾ കയാക്, 13 ഡബിൾ കയാക് വഞ്ചികളും ഒരുങ്ങി.

കെട്ടിടത്തിൽ കയാക് സ്റ്റോർ, ടോയ് ലെറ്റ് സൗകര്യം, അടുക്കള, കഫ്റ്റീരിയ എന്നിവയും ഒരുക്കി. കൊച്ചി കേന്ദ്രമായ വാപ്കോസാണ് നിർമാണ പ്രവൃത്തി നടത്തിയത്.

കാട്ടാമ്പള്ളി പുഴയുടെ സാധ്യത ഉപയോഗപ്പെടുത്തി കയാക്കിങ് കേന്ദ്രത്തെ കയാക്കിങ് അക്കാദമിയായി ഉയർത്തുന്ന പ്രവൃത്തിയും പുരോഗമിക്കുകയാണ്. ആറുമാസത്തിനകം അക്കാദമിയുടെ പ്രവർത്തനം തുടങ്ങുമെന്നും ജിജേഷ് കുമാർ അറിയിച്ചു.

സംസ്ഥാന സർക്കാറിനുകീഴിലെ ആദ്യ കയാക്കിങ് പരിശീലന കേന്ദ്രമാണ് കാട്ടാമ്പള്ളിയിൽ ഒരുങ്ങുന്നത്. കാട്ടാമ്പള്ളി പുഴയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തിയാണ് കയാക്കിങ് കേന്ദ്രത്തെ അക്കാദമിയായി ഉയർത്തുന്നത്.

സീറോ മാലിന്യ സംവിധാനത്തിലാവും സെന്‍ററിന്‍റെ പ്രവർത്തനം. അക്കാദമിയാക്കുന്നതോടെ സെന്‍ററിന്‍റെ സ്ഥലസൗകര്യം വർധിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങൾ പരിഗണിക്കും. കണ്ണൂർ നഗരത്തിൽനിന്ന് എളുപ്പം എത്താമെന്നതും സാഹസിക ജല വിനോദത്തിനുള്ള സാധ്യതകളുമാണ് കാട്ടാമ്പള്ളി സെന്ററിനെ വ്യത്യസ്തമാക്കുന്നത്.

Tags:    
News Summary - kattampally kayaking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.