കണ്ണൂര്‍: അര്‍ബന്‍ നിധി തട്ടിപ്പ് കേസിൽ കഴിഞ്ഞദിവസം റിമാൻഡിലായ കമ്പനിയുടെ അസി. ജനറല്‍ മാനേജര്‍ സി.വി. ജീനയെ ടൗണ്‍ പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടു. വിശദമായ അന്വേഷണത്തിന് അഞ്ചു ദിവസത്തേക്കാണ് കണ്ണൂർ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഇവരെ കസ്റ്റഡിയില്‍ വിട്ടത്.
കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങൾ ഉൾപ്പെടുന്ന കാര്യങ്ങൾ ജീനയിൽനിന്ന് അറിയാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്ത ലാപ്ടോപ്പുകള് ഇതുവരെ തുറക്കാനായിട്ടില്ല. ജീനയെ ചോദ്യം ചെയ്യുന്നതോടെ പാസ്വേഡ് ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് പൊലീസ്.
അതിനിടെ, തട്ടിപ്പുമായി ബന്ധപ്പെട്ട് കണ്ണൂർ, കൂത്തുപറമ്പ്, പഴയങ്ങാടി, കണ്ണപുരം, പയ്യന്നൂര്‍ സ്റ്റേഷനുകളിലായി ഏതാനും കേസുകൾ കൂടി ബുധനാഴ്ച രജിസ്റ്റർ ചെയ്തു.
പയ്യന്നൂര്‍ കേളോത്ത് താമസിക്കുന്ന കെ.ടി. ഗോവിന്ദനും ഭാര്യയും സ്ഥാപനത്തിന്റെ മാനേജര്‍ ചന്ദ്രനെതിരെ പയ്യന്നൂര്‍ പൊലീസിൽ പരാതി നൽകി. 18 ലക്ഷം തട്ടിയെന്നാണ് ഇവരുടെ പരാതി. വെങ്ങര ചൂരിക്കാട്ടെ വാഴവളപ്പിൽ ദിലീപിന്റെ പരാതിയിൽ ഡയറക്ടർമാരായ ഷൗക്കത്തലി, ഗഫൂർ, ആന്റണി, സണ്ണി എന്നിവർക്കെതിരെ പഴയങ്ങാടി പൊലീസ് കേസെടുത്തു. എട്ടു ലക്ഷമാണ് ദിലീപിൽ നിന്ന് നിക്ഷേപം സ്വീകരിച്ചത്. 15 ലക്ഷം നിക്ഷേപിച്ചാൽ സ്ഥിര ജോലി നൽകുമെന്ന് പറഞ്ഞതായും പരാതിയിൽ പറയുന്നു.
അർബൻ നിധിയുടെ അനുബന്ധ സ്ഥാപനമായ എനി ടൈം മണിയിൽ 13 ലക്ഷം നിക്ഷേപിച്ച മാടായി കോഴി ബസാറിലെ പ്രണവ് പ്രഭാകരന്റെ പരാതിയിലും കേസെടുത്തു. കണ്ണപുരം അഞ്ചാംപീടിക സ്വദേശി പി. ബാലകൃഷ്ണന്റെ ആറു ലക്ഷവും കല്യാശേരിയിലെ ചാത്തുക്കുട്ടി നമ്പ്യാരുടെ 20 ലക്ഷവും നഷ്ടപ്പെട്ടെന്ന പരാതിയിൽ കണ്ണപുരം പൊലീസും അർബൻ നിധിക്കെതിരേ കേസെടുത്തു.
കണ്ണൂർ ടൗൺ സ്റ്റേഷനിൽ രണ്ട് പരാതികൾ കൂടി ലഭിച്ചു. 1.6 ലക്ഷം നഷ്ടപ്പെട്ടെന്ന് തളാപ്പ് സ്വദേശിനി സലീലയും 57 ലക്ഷം നഷ്ടപ്പെട്ടെന്ന് താഴെ ചൊവ്വ സ്വദേശി പ്രേംസുധനുമാണ് പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.