കണ്ണൂര്‍: മുന്നറിയിപ്പില്ലാതെ കണ്ണൂർ സർവകലാശാലയിലെ അധ്യാപക നിയമനം ഉപേക്ഷിച്ചതോടെ വലഞ്ഞ് ഉദ്യോഗാർഥികൾ. കണ്ണൂര്‍ സര്‍വകലാശാല ജേണലിസം പഠനവകുപ്പില്‍ (ജേണലിസം ആൻറ് മീഡിയ സ്റ്റഡീസ്) താൽക്കാലിക അടിസ്ഥാനത്തില്‍ നിശ്ചയിച്ച അസി. പ്രഫസര്‍ നിയമനമാണ് ഉപേക്ഷിച്ചത്. തിങ്കളാഴ്ച രാവിലെ 10നാണ് അഭിമുഖം നടത്താന്‍ തീരുമാനിച്ചത്. ഇത് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.
അറിയിപ്പ് കിട്ടിയതുപ്രകാരം പഠനവകുപ്പിലെത്തിയെങ്കിലും അഭിമുഖം ഇല്ലെന്ന് അറിയിച്ചു. മുന്‍കൂട്ടി അറിയിക്കാതിരുന്നതിനാല്‍ ദൂരസ്ഥലങ്ങളില്‍ നിന്നുള്‍പ്പെടെ അഭിമുഖത്തിനെത്തിയവര്ക്ക് മടങ്ങേണ്ടി വന്നു. അസി. പ്രഫസര്‍ തസ്തികയിലേക്ക് സ്ഥിരം നിയമനം നടന്നതിനാലാണ് അഭിമുഖം ഉപേക്ഷിച്ചതെന്നാണ് അധികൃതര്‍ നല്കിയ മറുപടി. സ്ഥിരം നിയമനത്തിനുള്ള അഭിമുഖം നടത്തി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചിട്ട് ആഴ്ചകളായി.
റാങ്കുപട്ടികയിലുള്ളവരില് ഒരാള്‍ മാത്രമാണ് തിങ്കളാഴ്ച ജോലിക്ക് ചേര്‍ന്നത്. രണ്ടാമത്തെയാള്‍ സമയം നീട്ടിച്ചോദിച്ചിട്ടുണ്ട്. ഈ സാഹചര്യം അറിയാമായിരുന്നിട്ടും എന്തിനാണ് താത്കാലിക അടിസ്ഥാനത്തിലുള്ള നിയമനത്തിന് ക്ഷണിച്ചുകൊണ്ട് അറിയിപ്പ് നല്‍കിയതെന്നാണ് ഉദ്യോഗാര്‍ഥികളുടെ ചോദ്യം.
വകുപ്പ് മേധാവിയുടെ ചുമതല വഹിക്കുന്നത് മറ്റൊരു പഠനവകുപ്പിലുള്ള അധ്യാപികയാണ്. ജേണലിസം പഠനവകുപ്പില്‍ ഇതുവരെയും സ്ഥിരം അധ്യാപകരുണ്ടായിരുന്നില്ല. നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള സർവകലാശാല പ്രവർത്തനങ്ങളിൽ ആക്ഷേപം ഉയരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.