തലശ്ശേരി: കണ്ണൂര്‍ റവന്യൂ ജില്ല സ്കൂൾ കായികമേളയുടെ രണ്ടാം ദിനം 68 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പയ്യന്നൂര്‍ ഉപജില്ല 17 സ്വര്‍ണം, 11 വെള്ളി, 13 വെങ്കലം എന്നിങ്ങനെ 152 പോയന്റുമായി പയ്യന്നൂര്‍ ഉപജില്ല കുതിപ്പ് തുടരുന്നു. 61.25 പോയന്റുമായി മട്ടന്നൂര്‍ ഉപജില്ലയാണ് തൊട്ടു പിന്നിൽ (ഏഴ് സ്വര്‍ണം, ആറ് വെള്ളി, അഞ്ച് വെങ്കലം), 53 പോയിന്റുമായി ഇരിക്കൂര്‍ ഉപജില്ലയും 48 പോയന്റുമായി ഇരിട്ടി ഉപജില്ലയും 44 പോയന്റുമായി കണ്ണൂര്‍ നോര്‍ത്ത് ഉപജില്ലയും മൂന്ന് മുതല്‍ അഞ്ചാം സ്ഥാനം വരെയെത്തിനില്‍ക്കുന്നു.
ആദ്യദിനം മൂന്നാം സ്ഥാനത്തുണ്ടായിരുന്ന തലശ്ശേരി സൗത്ത് ഉപജില്ല രണ്ടാം ദിനത്തിൽ 43 പോയന്റുമായി ആറാം സ്ഥാനത്തായി. പോയിന്റില്‍ മൂന്നാം സ്ഥാനത്തുള്ള ഇരിക്കൂര്‍ ഉപജില്ലക്ക് ആറ് സ്വര്‍ണം, ഏഴ് വെള്ളി, രണ്ട് വെങ്കലം, നാലാം സ്ഥാനത്തുള്ള ഇരിട്ടി ഉപജില്ലക്ക് നാല് സ്വര്‍ണം, ആറ് വെള്ളി, എട്ട് വെങ്കലം, അഞ്ചാം സ്ഥാനത്തുള്ള കണ്ണൂര്‍ നോര്‍ത്തിന് അഞ്ച് സ്വര്‍ണം, മൂന്ന് വെള്ളി, രണ്ട് വെങ്കലം എന്നിങ്ങനെ ലഭിച്ചു.മത്സരം ശനിയാഴ്ച വൈകീട്ട് സമാപിക്കും.
4.30ന് തലശ്ശേരി നഗരസഭ വൈസ് ചെയർമാൻ എം.വി. ജയരാജൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. വിജയികൾക്കുള്ള ട്രോഫി വിതരണം തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി. അനിത നിർവഹിക്കും.
കണ്ണൂർ റവന്യൂ ജില്ല കായികമേളയിൽ നേട്ടങ്ങൾക്ക് പിറകെയാണ് മട്ടന്നൂരിലെ ഒരു കുടുംബത്തിൽ നിന്നെത്തിയ ഈ സഹോദരങ്ങൾ. ഇവരിൽ ഏറ്റവും പ്രായവും കുറഞ്ഞ പത്താം ക്ലാസുകാരി ലാസിമ റഷീദ് മത്സരിച്ച മൂന്നിനങ്ങളിലും സ്വർണം കൊയ്തു. ജൂനിയർ പെൺകുട്ടികളുടെ ഡിസ്കസ്ത്രോ, ഷോട്ട്പുട്ട്, ജാവലിൻ ത്രോ മത്സരങ്ങളിൽ പങ്കെടുത്താണ് ലാസിമ ട്രിപ്പിൾ സ്വർണം നേടിയത്. മൂത്ത സഹോദരൻ റിസ് വാൻ റഷീദും അനിയത്തിക്കൊപ്പം നില മെച്ചപ്പെടുത്തി.
റിൻസ റഷീദ്, റിസ് വാൻ റഷീദ്, ലാസിമ റഷീദ്
സീനിയർ ബോയ്സ് ഷോട്ട് പുട്ട്, ജാവലിൻ ത്രോ മത്സരങ്ങളിൽ സ്വർണം നേടി. ഡിസ്കസ് ത്രോയിൽ വെള്ളിമെഡലും. ശാരീരിക ഉയരം പോലെ വിജയത്തിലും ഉയരങ്ങളിലാണെന്ന് ഇവർ തെളിയിച്ചു. ലാസിമയുടെ മൂത്ത സഹോദരി റിൻസ റഷീദ് സീനിയർ പെൺകുട്ടികളുടെ ഹൈജംപിൽ സ്വർണം നേടി. വ്യത്യസ്ത മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയ ഈ സഹോദങ്ങൾ മേളയിലെ താരങ്ങളായി മാറുകയായിരുന്നു. മട്ടന്നൂർ സബ് ജില്ലയിൽ നിന്നുള്ള മത്സരാർഥികളാണ് മൂവരും.
ഇരട്ടകളായ റിൻസയും റിസ് വാനും പ്ലസ് ടു വിദ്യാർഥികളാണ്. മട്ടന്നൂർ ഹയർസെക്കൻഡറി സ്കൂളിലാണ് മൂന്ന് പേരും പഠിക്കുന്നത്. കായിക അധ്യാപകരായ ശ്യാം സഹജൻ, കെ.സി. അഞ്ജലി, ഹരി, മണിയൻ എന്നിവരാണ് ഇവർക്ക് പരിശീലനം നൽകുന്നത്. മട്ടന്നൂർ പത്തൊമ്പതാം മൈലിലെ ദാർ അൽ അമാനിൽ എം.പി. റഷീദ് - കെ.വി. ജസീല ദമ്പതികളുടെ മക്കളാണ്. ഖത്തറിൽ ജോലി ചെയ്യുന്ന റഷീദും മൂത്ത മകൻ ലസിനും കായിക താരങ്ങളായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.