കണ്ണൂർ റവന്യൂ ജില്ല സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് നടന്ന വിളംബര ഘോഷയാത്ര
കണ്ണൂർ: തെരഞ്ഞെടുപ്പാവേശച്ചൂടിൽ ജില്ല തിളച്ചു മറിയാനൊരുങ്ങുന്നതിനിടെ അഞ്ചു നാൾ ഇനി കൗമാര കലയുടെ സൗന്ദര്യവും. എല്ലാം മറന്ന് നിറങ്ങളിൽ നീരാടി രാഗ-താള-ലയ വിസ്‌മയത്തിൽ കൗമാരം കണ്ണൂരിന് ഉത്സവ രാവൊരുക്കും. കണ്ണൂർ റവന്യൂ ജില്ല കലോത്സവത്തിന് ചൊവ്വാഴ്ച വിവിധ മത്സരങ്ങളോടെ തുടക്കം കുറിക്കും. പ്രചാരണാർഥം തിങ്കളാഴ്ച വൈകീട്ട് റെയിൽവേ മുത്തപ്പൻക്ഷേത്ര സമീപത്ത് നിന്ന് മുനിസിപ്പൽ ഹയർ സെക്കൻഡറി സ്‌കൂളിലേക്ക് വിളംബര ഘോഷയാത്ര നടത്തി.
22 വരെ നഗരത്തിലെ വിവിധ വിദ്യാലയങ്ങളിലും മൈതാനത്തുമായി 15 വേദികളിലായാണ് മത്സരങ്ങൾ. 319 ഇനങ്ങളിലായി 15 ഉപജില്ലകളിൽ നിന്ന് 9000ലധികം വിദ്യാർഥികൾ കലോത്സവത്തിൽ മാറ്റുരക്കും. ബുധനാഴ്ച വൈകീട്ട് നാലിന് ജില്ല കലക്ടർ അരുൺ.കെ വിജയൻ ഉദ്ഘാടനം ചെയ്യും. സിനിമ സീരിയൽ താരം ഉണ്ണിരാജ് മുഖ്യാതിഥിയാകും.
സമാപന സമ്മേളനം 22ന് വൈകീട്ട് നാലിന് സിറ്റി പൊലീസ് കമീഷണർ പി. നിധിൻരാജ് ഉദ്ഘാടനം ചെയ്യും. സംഗീത സംവിധായകൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ, സിനിമ താരം നിഹാരിക എസ്. മോഹൻ എന്നിവർ മുഖ്യാതിഥികളാകും. പൂർണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ചാണ് കലോത്സവം. ദിവസവും 5000 പേർക്ക് പായസമുൾപ്പെടെയുള്ള ഭക്ഷണവും നൽകും. മത്സരങ്ങൾ രാവിലെ 9.30നാണ് ആരംഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.