കണ്ണൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് സർവിസ് ആരംഭിച്ച കണ്ണൂർ - മംഗളൂരു അൺ റിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ ട്രെയിനിന് നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്സ് കോഓഡിനേഷൻ കമ്മിറ്റി നൽകിയ സ്വീകരണത്തിൽ ലോക്കോ പൈലറ്റിനു മധുരം നൽകുന്നു
കണ്ണൂർ: കണ്ണൂർ-മംഗളൂരു അൺറിസർവ്ഡ് ട്രെയിൻ സ്പെഷൽ സർവിസ് തുടങ്ങി. കോവിഡ് സാഹചര്യത്തിൽ നിർത്തിയ കണ്ണൂർ-മംഗളൂരു പാസഞ്ചറിനു പകരമായാണ് സ്പെഷൽ സർവിസ് തിങ്കളാഴ്ച തുടങ്ങിയത്.
രാവിലെ 7.40നാണ് എല്ലാ ദിവസവും ട്രെയിൻ (നമ്പർ 06477) കണ്ണൂരിൽനിന്ന് പുറപ്പെടുന്നത്. 10.55ന് മംഗളൂരുവിൽ എത്തും. വൈകീട്ട് 5.05ന് മംഗളൂരുവിൽനിന്ന് പുറപ്പെടുന്ന 06478 നമ്പർ ട്രെയിൻ രാത്രി 8.40ന് കണ്ണൂരിലും എത്തിച്ചേരും. 12 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളും രണ്ട് ലഗേജ് കം ബ്രേക്ക് കോച്ചുകളും ട്രെയിനിൽ ഉണ്ടാകും. ടിക്കറ്റ് നിരക്ക് എക്സ്പ്രസ് ട്രെയിനിേൻറതാണ്.
തിങ്കളാഴ്ച രാവിലെ കണ്ണൂർ -മംഗളൂരു സ്പെഷൽ ട്രെയിനിെൻറ കന്നിയാത്രക്ക് മധുരം നൽകിയാണ് തുടക്കം കുറിച്ചത്. നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്സ് കോഓഡിനേഷൻ കമ്മിറ്റി (എൻ.എം.ആർ.പി.സി) നേതൃത്വത്തിലാണ് റെയിൽവേ യാത്രക്കാർ സ്വീകരണം നൽകിയത്. ഭാരവാഹികൾ ലോക്കോ പൈലറ്റിനും യാത്രക്കാർക്കും മധുരം നൽകി. കോഓഡിനേഷൻ ചെയർമാൻ അഡ്വ. റഷീദ് കവ്വായി, കോഓഡിനേറ്റർ ദിനു മൊട്ടമ്മൽ, വൈസ് ചെയർമാൻ ആർടിസ്റ്റ് ശശികല, രമേശൻ പനച്ചിയിൽ, പി. വിജിത്ത്കുമാർ, റിയാസ് എടക്കാട് തുടങ്ങിയവർ നേതൃത്വം നൽകി. റെയിൽവേ യാത്രക്കാരുടെയും വിവിധ സംഘടനകളുടെയും നിരന്തര സമ്മർദത്തിെൻറയും സമരത്തിെൻറയും ഫലമായാണ് പ്രത്യേക ട്രെയിൻ സർവിസ് യാഥാർഥ്യമായത്.
നേരത്തെ ഇതേ സമയത്ത് കണ്ണൂരിൽനിന്ന് മംഗളൂരുവിലേക്ക് സർവിസ് നടത്തിയിരുന്ന പാസഞ്ചർ ട്രെയിൻ കണ്ണൂർ, കാസർകോട് ജില്ലകളിലുള്ളവർക്ക് ഏറെ ആശ്വാസമായിരുന്നു. മംഗളൂരുവിൽ ആശുപത്രികളിലേക്ക് ചികിത്സക്കായി പോകുന്നവരും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികളും രാവിലെയും വൈകീട്ടും പാസഞ്ചർ ട്രെയിനിനെയായിരുന്നു ആശ്രയിച്ചിരുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് ഇത് നിർത്തലാക്കിയത് നിലവിൽ ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു. യാത്രാനിരക്ക് അധികം നൽകേണ്ടതുണ്ടെങ്കിലും സ്പെഷൽ ട്രെയിൻ സർവിസ് തുടങ്ങിയത് പല ആവശ്യങ്ങൾക്കുമായി മംഗളൂരുവിലേക്ക് പോകുന്ന കണ്ണൂർ, കാസർകോട് ജില്ലക്കാർക്ക് ആശ്വാസം പകരും.
കണ്ണൂരിനും മംഗളൂരുവിനും ഇടയിൽ വളപട്ടണം, പാപ്പിനിശ്ശേരി, കണ്ണപുരം, പഴയങ്ങാടി, ഏഴിമല, പയ്യന്നൂർ, തൃക്കരിപ്പൂർ, ചെറുവത്തൂർ, നീലേശ്വരം, കാഞ്ഞങ്ങാട്, ബേക്കൽ, കോട്ടിക്കുളം, കാസർകോട്, കുമ്പള, ഉപ്പള, മഞ്ചേശ്വരം, ഉള്ളാൾ എന്നിവിടങ്ങളിലാണ് ട്രെയിനിന് സ്റ്റോപ് അനുവദിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.