കണ്ണൂർ കൃഷ്ണമേനോൻ കോളജിൽ നടന്ന കൃത്രിമ കാൽ വിതരണ ക്യാമ്പിൽ ഭിന്നശേഷിക്കാരുടെ കാലിന്റെ അളവെടുക്കുന്നു
കണ്ണൂർ: കാരുണ്യത്തിന്റെ വഴിയിലൂടെ ഇനിയും ഒരുപാടു ദൂരം അവർ സഞ്ചരിക്കും. അപകടങ്ങളിലും രോഗങ്ങളിലും കാൽ നഷ്ടപ്പെട്ടവരെ ചേർത്തുപിടിച്ച് പുതിയൊരു ജീവിതം നൽകുകയാണ് കണ്ണൂർ കൃഷ്ണമേനോൻ കോളജിലെ എൻ.എസ്.എസ് വിഭാഗം. കോളജിലെ കൃത്രിമ കാൽ വിതരണ ക്യാമ്പിലൂടെ നൂറിൽപരം അംഗപരിമിതരാണ് ഇതുവരെയായി കാൽ ഏറ്റുവാങ്ങിയത്. നിർധനരായ നിരവധി പേർക്കാണ് കൃത്രിമ കാൽ എന്ന സ്വപ്നം കോളജിലെ ക്യാമ്പ് വഴി സഫലമായത്. 2018 മുതലാണ് കോളജിൽ കൃത്രിമ കാൽ വിതരണം ആരംഭിച്ചത്.
ഇതിനകം 105 പേർക്കാണ് പൂർണമായും സൗജന്യമായി കാൽ വിതരണം ചെയ്തത്. ഇക്കുറി കാലിന് പുറമെ പോളിയോ ബാധിച്ച് കാലിന് ശേഷിക്കുറവുള്ളവർക്ക് നടക്കാൻ സഹായിക്കുന്ന കാലിപ്പർ വിതരണവും നടക്കുന്നുണ്ട്. 16 പേർക്ക് കാലും 20 പേർക്ക് കാലിപ്പറുമാണ് ഈ വർഷത്തെ ക്യാമ്പിൽ ആദ്യഘട്ടത്തിൽ വിതരണം ചെയ്യുന്നത്. കൃത്രിമ കൈക്കായി ഒരാളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒരു കാലിന് 10,000 മുതൽ 15,000 വരെ ചിലവുവരും. ഇത്തരം കാലുകൾ അളവെടുത്ത് നിർമിച്ചാണ് രോഗികൾക്ക് പൂർണമായും സൗജന്യമായി നൽകുന്നത്. എൻ.എസ്.എസ് യൂനിറ്റിന്റെ നേതൃത്വത്തിൽ സോപ്പ് നിർമിച്ച് വിറ്റും കൂപ്പൺ അടിച്ച് വിറ്റുമാണ് ഇതിനായുള്ള സാമ്പത്തികം കണ്ടെത്തുന്നത്.
ഇതിനുപുറമെ കോളജിലെ അധ്യാപകരുടെ സാമ്പത്തിക സഹായവും പദ്ധതിക്കായി ലഭിക്കുന്നുണ്ട്. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർമാരായ എസ്.ബി. പ്രസാദ്, ഡോ. എ.വി. സമൃത എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഇതിനുപുറമെ സഹപാഠിക്കൊരു വീട്, അർബുദ രോഗികൾക്ക് സാമ്പത്തിക സഹായം എന്നിങ്ങനെ നിരവധി കാരുണ്യ പ്രവർത്തനങ്ങളും എൻ.എസ്.എസ് യൂനിറ്റിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്.
കൂടാതെ മൂന്നുമാസത്തിലൊരിക്കൽ ചൊവ്വ അഗതി മന്ദിരത്തിലെത്തി അന്തേവാസികൾക്കൊപ്പം സമയം ചെലവഴിച്ച് സ്നേഹ വിരുന്നൊരുക്കാറുമുണ്ട്. കോളജിൽ നടന്ന കൃത്രിമ കാൽ നിർമാണ ക്യാമ്പ് ഉദ്ഘാടനവും സ്ക്രച്ചസ് വിതരണവും ഡോ. വി. ശിവദാസൻ എം.പി നിർവഹിച്ചു. പ്രിൻസിപ്പൽ സി.പി. സന്തോഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജിഷ മുഖ്യാതിഥിയായി. കണ്ണൂർ സർവകലാശാല സെനറ്റ് അംഗം കെ. വിജയൻ, നിഷ നമ്പ്യാർ, കെ. പ്രവീൺ, കോളേജ് ചെയർപേഴ്സൻ ഫാത്തിമ നൂഹ, ഗോപിക എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.