representational image

കൂടുതൽ സർവിസിനായി കാത്തിരിപ്പ്; കണ്ണൂർ ഡീലക്സ് ഇനി സ്വിഫ്റ്റ്

കണ്ണൂർ: കെ.എസ്.ആർ.ടി.സിയുടെ അഭിമാന സർവിസായ കണ്ണൂർ ഡീലക്സ് ഓട്ടം നിർത്തി. തിങ്കളാഴ്ച വൈകീട്ട് 5.30ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട അവസാന സർവിസ് ബുധനാഴ്ച രാവിലെ തിരിച്ചെത്തും. 1ദീര്‍ഘദൂര ബസുകള്‍ക്കായി കെ.എസ്.ആർ.ടി.സി തുടങ്ങിയ പുതിയ കമ്പനിയായ കെ -സ്വിഫ്റ്റിലേക്കാണ് ഇനി ഈ സർവിസ് മാറുക. 1967 മുതൽ സർവിസ് തുടങ്ങിയ കണ്ണൂർ ഡീലക്‌സ്, സ്വിഫ്റ്റിന്റെ സമയത്ത് വൈകീട്ട് 5.30ന് സർവിസ് നടത്തുമെന്ന് നേരത്തെ ഉത്തരവിറങ്ങിയിരുന്നു.

എന്നാൽ, മാർച്ച് 12 മുതൽ കണ്ണൂർ -തിരുവനന്തപുരം സ്വിഫ്റ്റ് ഓട്ടം തുടങ്ങിയിരുന്നെങ്കിലും ഡീലക്സും തുടർന്നു. വിഷു -ഈസ്റ്റർ തിരക്കിൽ കൂടുതൽ ബുക്കിങ് ഉള്ളതിനാലാണ് ഒരാഴ്ചകൂടി ഡീലക്സിനെ നിലനിർത്തിയത്. കണ്ണൂർ, തലശ്ശേരി, പയ്യന്നൂർ ഡിപ്പോകളിലെ ഏഴ് സർവിസുകൾ സ്വിഫ്റ്റിലേക്ക് മാറും. അതേസമയം ഇതിനായുള്ള ബസുകൾ ഇതുവരെ എത്തിയിട്ടില്ല.

കണ്ണൂരിൽനിന്ന് ബംഗളൂരു (രാത്രി 9.30), ബംഗളൂരു ഡീലക്സ് (രാത്രി 7.00), കണ്ണൂർ -തിരുവനന്തപുരം ഡീലക്സ് (5.30), മധുര (വൈകീട്ട് 6.15) തുടങ്ങിയ നിലവിൽ ഓടുന്ന സർവിസുകളും വൈകീട്ട് ആറിന് പുതുച്ചേരിയിലേക്കുള്ള പുതിയ സർവിസുമാണ് സ്വിഫ്റ്റാവുക. മേയിൽ കണ്ണൂർ ഡിപ്പോയിൽനിന്ന് 10 ഡ്രൈവർമാർ വിരമിക്കുന്ന സാഹചര്യത്തിൽ സ്വിഫ്റ്റ് ബസുകൾ എത്രയുംവേഗം എത്തിയാൽ മാത്രമേ സർവിസുകൾ സുഗമമായി നടത്താനാവൂ. സർവിസുകൾ സ്വിഫ്റ്റിലേക്ക് മാറുന്നതോടെ ഡ്രൈവർമാരെയും ലഭിക്കും. 218 ഡ്രൈവർമാരും ഇരുന്നൂറോളം കണ്ടക്ടർമാരുമാണ് കണ്ണൂർ ഡിപ്പോയിലുള്ളത്.

Tags:    
News Summary - Waiting for more service; Kannur Deluxe is now Swift

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.