പഴയങ്ങാടി: ജൽജീവൻ മിഷൻ പദ്ധതിയിലൂടെ കല്യാശ്ശേരി സമ്പൂർണ കുടിവെള്ള മണ്ഡലമെന്ന നേട്ടം കൈവരിച്ചതായി എം. വിജിൻ എം.എൽ.എ അറിയിച്ചു. മണ്ഡലത്തിലെ മുഴുവൻ വീടുകളിലും ഇതോടെ ശുദ്ധ കുടിവെള്ളം ലഭ്യമായതായി അദ്ദേഹം പറഞ്ഞു. മണ്ഡലത്തിലെ കല്യാശ്ശേരി, കണ്ണപുരം, ചെറുകുന്ന്, പട്ടുവം, മാടായി, മാട്ടൂൽ, ഏഴോം, ചെറുതാഴം, കുഞ്ഞിമംഗലം, കടന്നപ്പള്ളി-പാണപ്പുഴ എന്നീ 10 പഞ്ചായത്തുകളിൽ 43,369 കണക്ഷൻ നൽകുക ലക്ഷ്യമാക്കി തുടങ്ങിയ പദ്ധതിയിൽ 44,620 ഗാർഹിക കണക്ഷനുകൾ നൽകാൻ സാധിച്ചു.
ഇതിന് സംസ്ഥാന സർക്കാർ 184 കോടി രൂപയാണ് അനുവദിച്ചത്. നേരിട്ട് വീടുകളിൽ കുടിവെള്ളം എത്തിക്കുന്നതിന് 455 കി. മീറ്റർ പുതിയ പൈപ്പ് ലൈനാണ് പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചത്. ചെറുതാഴം-കുഞ്ഞിമംഗലം കുടിവെള്ള പദ്ധതിക്ക് കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി 45 കോടി രൂപ അനുവദിച്ചു. ഇതിന്റെ ഭാഗമായി എടാട്ട്, ശ്രീസ്ഥ, പടിക്കപ്പാറ എന്നിവിടങ്ങളിൽ പുതിയ ജലസംഭരണികൾ നിർമിച്ചു.
ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി കല്യാശ്ശേരി പഞ്ചായത്തിൽ 38 കി.മീ പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുകയും 6436 പേർക്ക് കുടിവെള്ള കണക്ഷനും നൽകി. ചെറുകുന്നിൽ 12.5 കി.മീ ലൈനിലൂടെ 1,954 പേർക്കും കണ്ണപുരം എട്ട് കി.മീ പൈപ്പ് ലൈനും 3,131 ഗാർഹിക ഉപഭോക്താക്കൾക്ക് കണക്ഷനും മാട്ടൂൽ 24.5 കി.മീ പൈപ്പ് ലൈൻ സ്ഥാപിക്കുകയും 5,387 ഗാർഹിക ഉപഭോക്താക്കൾക്ക് കണക്ഷനും നൽകി.
ഏഴോത്ത് 22.50 കി.മീ പൈപ്പ് ലൈനിലൂടെ 2,931, കടന്നപ്പള്ളി-പാണപ്പുഴ 29 കി.മീ പൈപ്പ് ലൈൻ സ്ഥാപിച്ച് 3,749, പട്ടുവം 10 കി.മീ ലൈനിൽ 2,050 , മാടായിയിൽ 88 കി.മീ പൈപ്പ് ലൈനിൽ 6,241, ചെറുതാഴം 173 കി.മീ പൈപ്പ് ലൈനിൽ 8,351, കുഞ്ഞിമംഗലത്ത് 107 കി.മീ പൈപ്പ് ലൈനിൽ 4,390 എന്നിങ്ങനെ 44,620 ഗാർഹിക കുടിവെള്ള കണക്ഷനുകളാണ് നൽകിയത്. മുഴുവൻ വീടുകളിലും കുടിവെള്ളം നേരിട്ടെത്തുന്നതുകൊണ്ടുതന്നെ കഴിഞ്ഞ വേനൽക്കാലത്ത് ഒരു മേഖലയിലും ടാങ്കർ ലോറിയിൽ കുടിവെള്ളമെത്തിക്കേണ്ട അവസ്ഥയുണ്ടായില്ലെന്നും കല്യാശ്ശേരി മണ്ഡലം സമ്പൂർണ കുടിവെള്ള പദ്ധതി 100 ശതമാനം പൂർത്തീകരിച്ചതിന്റെ ഹർ ഘർ ജൽ പ്രഖ്യാപനം വൈകാതെ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ സാന്നിധ്യത്തിൽ നിർവഹിക്കുമെന്നും എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.