വ്യാജ ഇൻഷുറൻസ് സർട്ടിഫിക്കറ്റ് തട്ടിപ്പ്; ഇരിട്ടിയിൽ യുവാവിനെതിരെ കേസ്

ഇരിട്ടി: വ്യാജ ഇൻഷുറൻസ് സർട്ടിഫിക്കറ്റ് ഉണ്ടാക്കി തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഒരാൾക്കെതിരെ ഇരിട്ടി പൊലീസ് കേസെടുത്തു. പയഞ്ചേരിയിലെ അയില്ല്യത്ത് മഷൂദിന് (30)എതിരെയാണ് കേസെടുത്തത്. സ്വകാര്യ ഇൻഷുറൻസ് കമ്പനിയുടെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് നൽകി പറ്റിച്ചതായി കാണിച്ച് വേങ്ങാട് സ്വദേശിയും ഇരിട്ടി കീഴൂരിൽ താമസക്കാരനുമായ കെയീസ് ഹൗസിൽ സാദിഖ് (56)നൽകിയ പരാതിയിലാണ് കേസ്.

മഷൂദ് ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. സാദിഖിന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിന്റെ ഇൻഷുറൻസ് പ്രീമിയം മഷൂദ് മുഖാന്തരമാണ് അടച്ചിരുന്നത്. ഇരിട്ടി ആർ.ടി.ഒ ഓഫിസിൽ വാഹനത്തിന്റെ പെർമിറ്റ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് സാദിഖ് സമീപിച്ചപ്പോഴാണ് ഇൻഷുറസ് അടച്ചിട്ടില്ലെന്ന വിവരമറിയുന്നത്. ഇൻഷുറൻസ് തുക അടച്ചതിന്റെ വ്യാജ സർട്ടിഫിക്കറ്റ് മഷൂദ് നൽകിയിരുന്നു. ആർ.ടി.ഒ ഓഫിസിൽ നടത്തിയ വിശദ പരിശോധനയിൽ പ്രീമിയം അടച്ചതിന്റെ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തി. ശരിയായ വിധം ഇൻഷുറൻസ് അടച്ച വ്യക്തിയുടെ മേൽവിലാസം മാറ്റി വ്യാജ സർട്ടിഫിക്കറ്റാണ് ഉണ്ടാക്കിയതെന്ന് കണ്ടെത്തി.

ഇരിട്ടി എസ്.ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ മഷൂദിന്റെ കീഴൂരിലുള്ള ഇൻഷുറൻസ് ഓഫിസിൽ പരിശോധന നടത്തി കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌ക്കും പ്രിന്ററും പിടിച്ചെടുത്തു. ഇടപാടുകാരുടെ മേൽവിലാസം മാറ്റി മറ്റുപലരിൽ നിന്നും വ്യാജ സർട്ടിഫിക്കറ്റ് നൽകി പണം തട്ടിയിട്ടുണ്ടോയെന്നകാര്യം പൊലീസ് അന്വേഷിച്ചുവരുന്നു.

Tags:    
News Summary - Forged insurance certificate fraud; Case against a young man

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.