ഇരിട്ടി: ഏതു നട്ടുച്ചയിലും തണൽ വിരിച്ചു കിടക്കുന്ന നേരമ്പോക്കിലെ പഴശ്ശി പദ്ധതിയുടെ അധീനതയിലുള്ള വടക്കേക്കര എന്ന് പഴമക്കാർ വിളിക്കുന്ന പ്രദേശത്ത് പ്രകൃതിസൗഹൃദ പാർക്ക് നിർമിക്കണമെന്ന ആവശ്യവുമായി പ്രദേശവാസികൾ രംഗത്ത്.
പഴശ്ശിയിൽ ഷട്ടർ അടക്കുന്നതോടെ മൂന്ന് ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന മനോഹരമായ പ്രദേശമാണിത്. ഏതു വേനലിലെ ചുട്ടുപൊള്ളലിലും ശരീരത്തിന് കുളിരും മനസ്സിനും കണ്ണിനും ഹരിതകാന്തിയും സമ്മാനിക്കുന്ന ആറ് ഏക്കറോളം വരുന്ന ഭൂപ്രദേശമാണിത്. ഇവിടം പ്രകൃതി സൗഹൃദ പാർക്കാക്കി മാറ്റുന്നതിലൂടെ മേഖലയുടെ വികസനത്തിന്റെ കുതിച്ചുചാട്ടത്തിനും നിരവധി പേർക്ക് തൊഴിൽ നൽകാനും സാധിക്കും.
ഇരിട്ടിയിൽ നിന്നും കീഴൂർ കവലയിൽ നിന്നും ഇവിടെ എത്തിച്ചേരാൻ ഒരു കി.മീറ്ററിൽ മാത്രമാണ് ദൂരം. ഇരിട്ടി -എടക്കാനം -പഴശ്ശി പദ്ധതി റോഡും കീഴൂർ- എടക്കാനം റോഡും സംഗമിക്കുന്ന സ്ഥലം കൂടിയാണ് ഇവിടം. ഇരിട്ടിയിലെ പ്രധാന ക്ഷേത്രങ്ങളായ കീഴൂർ മഹാദേവക്ഷേത്രം, മഹാവിഷ്ണു ക്ഷേത്രം എന്നിവയും ഇതിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു.
ഇവിടെ പ്രകൃതിസൗഹൃദ പാർക്ക് വരുന്നതോടെ വള്ള്യാട് സഞ്ജീവനി വനം, പെരുമ്പറമ്പ് ഇരിട്ടി ഇക്കോ പാർക്ക് എന്നിവയുമായി ബന്ധിപ്പിക്കുന്ന സോളാർ ബോട്ടുകളും പഴശ്ശി ജലാശയത്തിലൂടെയുള്ള യാത്രകളും സംഘടിപ്പിക്കാം. ഇതോടൊപ്പം വെള്ളം കയറിക്കിടക്കുന്ന പ്രദേശം ഉൾപ്പെടുത്തി ദേശീയനിലവാരത്തിലുള്ള നീന്തൽക്കുളവും നിർമിക്കാൻ കഴിയും.
കൂടാതെ പച്ചപ്പിന്റെ തീരത്ത് കലാപരിപാടികൾ, സൗഹൃദ കൂട്ടായ്മകൾ എന്നിവക്കുള്ള വേദിയും ഒരുക്കാൻ കഴിയും. നിരവധി സിനിമകൾക്കും ഹ്രസ്വ ചിത്രങ്ങൾക്കും വിവാഹ വിഡിയോ ചിത്രീകരണങ്ങൾക്കും വേദിയാണ് ഇവിടം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.