ഡെ​പ്യൂ​ട്ടി ഇ​ൻ​സ്‍പെ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പൊ​ലീ​സ് ക​ണ്ണൂ​ർ റേ​ഞ്ച് കാ​ര്യാ​ല​യ​ത്തി​ന് മു​ന്നി​ലും കാ​ൽ​ടെ​ക്സി​ലും നോ ​പാ​ർ​ക്കി​ങ് ബോ​ർ​ഡി​ന് താ​ഴെ നി​ർ​ത്തി​യി​ട്ട

വാ​ഹ​ന​ങ്ങ​ൾ

നോ പാർക്കിങ്ങോ? അങ്ങനെയൊന്നുണ്ടോ!

കണ്ണൂര്‍: നോ പാർക്കിങ് ബോർഡുകളോട് നഗരത്തിലെത്തുന്ന വാഹനങ്ങൾക്ക് പ്രിയമേറെയാണ്. അതുകൊണ്ടുതന്നെ പാർക്കിങ് പാടില്ലെന്ന മുന്നറിയിപ്പ് ബോർഡുകൾക്ക് കീഴിലാണ് വാഹനങ്ങൾ നിർത്തിയിടുന്നത്. അനധികൃത പാര്‍ക്കിങ് കാൽനടക്കാർക്കും ഇതരവാഹന യാത്രികർക്കും ദുരിതമാവുകയാണ്.

അധികൃതരുടെ മൂക്കിൻതുമ്പിൽപോലും വാഹനങ്ങൾ അനധികൃതമായി നിർത്തിയിടുമ്പോൾ നടപടി വല്ലപ്പോഴുമാണ്. സിവിൽ സ്റ്റേഷൻ പരിസരം, പഴയ ബസ് സ്റ്റാൻഡ്, കാൽടെക്സ്, താണ, റെയിൽവേ സ്റ്റേഷൻ പരിസരം, പ്ലാസ, താഴെചൊവ്വ, മേലെചൊവ്വ തുടങ്ങിയിടങ്ങളിലെല്ലാം കാറും ബൈക്കും തലങ്ങും വിലങ്ങും നിർത്തിയിടുകയാണ്.

ദേശീയപാതയിൽ പലയിടത്തും മുന്നറിയിപ്പ് ബോർഡുകൾ ഉണ്ടെങ്കിലും ഡ്രൈവർമാർ മാനിക്കാറില്ല. ഇത് പുതിയതെരു മുതൽ ചൊവ്വ വരെ ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. ഇരുചക്രവാഹനങ്ങൾ പലപ്പോഴും നടപ്പാതയിലാണ് നിർത്തിയിടുന്നത്. ഇത് കാൽനടയാത്രക്കാർക്ക് ഭീഷണിയാണ്.

റോഡ് വീതി കുറഞ്ഞ മേലെചൊവ്വ, കാൽടെക്സ് ഭാഗങ്ങളിൽ നടപ്പാതകളിൽ ഇരുചക്രവാഹനങ്ങൾ നിർത്തിയിടുമ്പോൾ അപകടസാധ്യതയേറെയാണ്.

അനധികൃത പാർക്കിങ്ങിനെതിരെ നടപടിയെടുക്കേണ്ട ട്രാഫിക് പൊലീസ് ഉണർന്ന് പ്രവർത്തിക്കുന്നില്ലെന്ന ആക്ഷേപമുണ്ട്. സ്റ്റിക്കര്‍ പതിച്ച് പിഴ ഈടാക്കുകയും റിക്കവറി വാനുകള്‍ ഉപയോഗിച്ച് നീക്കംചെയ്യുകയും ചെയ്യുന്നത് വല്ലപ്പോഴുമാണ്.

സിവില്‍ സ്‌റ്റേഷന് സമീപം വലിയ വാഹനങ്ങൾ ഉൾപ്പെടെ നിര്‍ത്തിയിടുന്നതിനാൽ കാൽനടക്കാർ റോഡിലേക്കിറങ്ങി നടക്കേണ്ട സ്ഥിതിയാണ്. കടകളിൽനിന്ന് സാധനങ്ങൾ വാങ്ങുന്നവർ കാറുകൾ റോഡിൽ നിർത്തി പോവുകയാണെന്നും പരാതിയുണ്ട്.

ചില വ്യാപാരസ്ഥാപനങ്ങൾക്ക് മുന്നിൽ ഒരു നിയന്ത്രണവുമില്ലാതെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് കച്ചവടത്തെയും ബാധിക്കുന്നുണ്ട്. നഗരത്തിൽ കോർപറേഷന്റെ നേതൃത്വത്തിൽ മൾട്ടിലെവൽ പേ പാർക്കിങ് സമുച്ചയങ്ങൾ ഒരുങ്ങുന്നുണ്ടെങ്കിലും പ്രവൃത്തി ഇഴഞ്ഞുനീങ്ങുകയാണ്. 

Tags:    
News Summary - Illegal parking of vehicles is rampant in the city

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.