കണ്ണൂർ: ഒന്നിലേറെ ദിവസം അവധി ലഭിച്ച് നാട്ടിലെത്തി തിരിച്ചുപോകുന്നവർ മടക്കയാത്രയിൽ കുറച്ചൊന്നുമല്ല വെള്ളം കുടിക്കേണ്ടി വരുന്നത്. ട്രെയിൻ, റോഡ് മാർഗമെല്ലാം ലക്ഷ്യസ്ഥാനത്ത് എത്തേണ്ടവർ ദുരിതംപേറുകയാണ്. ഇത്തവണ സ്വാതന്ത്ര്യദിനവും വാരാന്ത്യവും ഒന്നിച്ചായപ്പോൾ അവധിക്ക് നാട്ടിലെത്തിയവർ ജോലിസ്ഥലത്തേക്കും മറ്റും തിരിച്ചുപോകാൻ നെട്ടോട്ടമോടുകയാണ്. കണ്ണൂരിൽനിന്ന് മംഗളൂരു, തിരുവനന്തപുരം, ചെന്നൈ, ബംഗളൂരു ഭാഗത്തേക്കുള്ള ട്രെയിൻ ടിക്കറ്റുകളെല്ലാം ആഴ്ചകൾക്ക് മുമ്പേ വെയിറ്റിങ് ലിസ്റ്റിലാണ്. ജനറൽ ടിക്കറ്റിൽ യാത്രചെയ്യാമെന്ന് കരുതിയവർക്ക് ട്രെയിനുകളിൽ കാലുകുത്താനിടമില്ല. അവധിക്ക് നാട്ടിലെത്തിയവരിൽ ഏറെയും വിദ്യാർഥികളാണ്. വലിയ ബാഗും ചുമന്ന് ട്രെയിനിന്റെ ചവിട്ടുപടിയിൽ യാത്രചെയ്യേണ്ട അവസ്ഥയാണ്.
ഞായറാഴ്ച വൻ തിരക്കാണ് കണ്ണൂർ, തലശ്ശേരി, പയ്യന്നൂർ റെയിൽവേ സ്റ്റേഷനുകളിൽ അനുഭവപ്പെട്ടത്. ഉച്ചക്ക് 2.50ന് കണ്ണൂരിൽനിന്ന് പുറപ്പെടുന്ന എറണാകുളം ഇന്റർസിറ്റിയിൽ കയറിപ്പറ്റാൻ യാത്രക്കാർ ബുദ്ധിമുട്ടി. അവധിക്ക് സ്പെഷൽ ട്രെയിനുകൾ ഓടുന്നുണ്ടെങ്കിലും തിരക്കിന് കുറവൊന്നുമില്ല. കോയമ്പത്തൂർ സ്പെഷൽ ട്രെയിൻ നാലുമണിക്കൂർ വൈകി 3.45നാണ് കണ്ണൂരിലെത്തിയത്. തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസും രണ്ടു മണിക്കൂർ വൈകി ഉച്ചക്ക് 2.10നാണ് കണ്ണൂരിലെത്തിയത്. ചെന്നൈ സൂപ്പർഫാസ്റ്റ്, സൗത്ത് ബംഗളൂരു സിറ്റി എക്സ്പ്രസ്, യശ്വന്ത്പുർ എക്സ്പ്രസ്, മാവേലി, മലബാർ ട്രെയിനുകൾക്കും നല്ല തിരക്കാണ് അനുഭവപ്പെട്ടത്. ദീർഘദൂര ബസുകളിലും നല്ല തിരക്കായിരുന്നു.
അവധി ദിവസം കഴിഞ്ഞ് വിദ്യാർഥികളും ജീവനക്കാരും മടങ്ങുന്നതിനാൽ കണ്ണൂരിൽ പ്ലാറ്റ്ഫോമിലും നടപ്പാലത്തിലും യാത്രക്കാരെ മുട്ടി നടക്കാനാവാത്ത അവസ്ഥയായിരുന്നു. സ്വാതന്ത്ര്യദിനവും വാരാന്ത്യ അവധിയും കഴിഞ്ഞ് തിരിച്ചുപോകാൻ ഞായറാഴ്ച കണ്ണൂരിലെത്തിയ യാത്രക്കാർക്ക് പ്ലാറ്റ്ഫോമിലെ നടപ്പാലത്തിൽ കയറാനും ഇറങ്ങാനും ഏറെ കാത്തിരിക്കേണ്ടിവന്നു. ഒന്ന്, രണ്ട്, മൂന്ന് പ്ലാറ്റ്ഫോമുകളിൽ കാൽകുത്താനാവാത്ത വിധം തിരക്കായിരുന്നു. തലശ്ശേരിയിലും പയ്യന്നൂരിലും സ്ഥിതി ഇതുതന്നെ.
കണ്ണൂരിൽ രണ്ട്, മൂന്ന് പ്ലാറ്റ്ഫോമുകളിൽ ഇറങ്ങുന്ന തീപ്പെട്ടി വലുപ്പത്തിലുള്ള ലിഫ്റ്റിൽ ബാഗുമായി കയറാൻ യാത്രക്കാർ പാടുപെട്ടു. രണ്ട് ട്രെയിനുകൾ ഒന്നിച്ചെത്തുന്ന സമയത്ത് വൻ തിരക്കാണ് അനുഭവപ്പെട്ടത്. വണ്ടിയിറങ്ങി പുറത്തുകടക്കാനായി മേൽപാലം കയറുന്നവരുടെ തിക്കിലും തിരക്കിലും പ്ലാറ്റ്ഫോമിൽ ഇറങ്ങാനും ടിക്കറ്റ് കൗണ്ടറിനടുത്ത് എത്താനുമാവാതെ നിരവധിപേർക്ക് ട്രെയിൻ വിട്ടുപോയി.
യാത്രാക്ലേശം പരിഹരിക്കാൻ നാലാം പ്ലാറ്റ്ഫോം നിർമിച്ച് വീതി കൂടിയ പുതിയ മേൽപാലം കിഴക്കേ കവാടവുമായി ബന്ധിപ്പിക്കലും ലിഫ്റ്റും എസ്കലേറ്ററും ഒരുക്കണമെന്നടക്കമുള്ള ആവശ്യത്തിന് ഏറെക്കാലം പഴക്കമുണ്ടെങ്കിലും റെയിൽവേ ഭൂമി സ്വകാര്യ കമ്പനിക്ക് പാട്ടത്തിന് കൊടുത്തതോടെ പ്രതീക്ഷകൾ അസ്തമിച്ച നിലയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.