മലയോര ഹൈവേയിൽ നവീകരണത്തിനായി ഒരുമാസം മുമ്പ് നിലവിലുള്ള റോഡ് പൊളിച്ചിട്ട കരിക്കോട്ടക്കരി-എടൂർ ഭാഗം
ഇരിട്ടി: വള്ളിത്തോട്-മണത്തണ മലയോര ഹൈവേ നവീകരണം ഇഴഞ്ഞുനീങ്ങുന്നത് നാട്ടുകാരെ വലക്കുന്നു. കരാർ കാലാവധി കഴിഞ്ഞ പ്രവൃത്തി ഒരുതവണ നീട്ടിനൽകിയിട്ടും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. വീണ്ടും എസ്റ്റിമേറ്റ് ഉയർത്തി പുതുക്കിക്കിട്ടുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമാണ് നിർമാണം വൈകിപ്പിക്കുന്നതെന്ന ആരോപണം ബലപ്പെടുത്തുന്ന രീതിയിലാണ് പ്രവൃത്തി. നിലവിലുളള റോഡ് പൊളിച്ചുനീക്കിയ ഭാഗങ്ങളിൽ ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപെടുന്നതും പതിവാണ്. എടൂർ മുതൽ കരിക്കോട്ടക്കരി വരെയുള്ള ഭാഗങ്ങളിൽ നിലവിൽ കാര്യമായ പോറലുകളൊന്നുമില്ലാത്ത റോഡ് വെട്ടിപ്പൊളിച്ചിട്ടിട്ട് ഒരു മാസമായിട്ടും നവീകരണം ആരംഭിച്ചിട്ടില്ല.
കൊട്ടുകപാറ വളവിൽ കിലോമീറ്ററോളം പഴയ റോഡ് നിലനിർത്തി ബാക്കി ഭാഗം കിളച്ചിട്ടതോടെ ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽ പെടുകയാണ്. വേഗതയിൽ വരുന്ന വാഹനങ്ങൾ പെട്ടെന്ന് കിളച്ചിട്ട റോഡിലേക്ക് പ്രവേശിക്കുന്നതോടെ നിയന്ത്രണം വിട്ട് മറിയുന്നത് പതിവായി. ഒരാഴ്ചക്കിടെ കൊട്ടുകപ്പാറയിൽ മാത്രം മൂന്ന് അപകടങ്ങൾ ഉണ്ടായെന്നാണ് നാട്ടുകാർ പറയുന്നത്.
കിളച്ചിട്ട റോഡിൽനിന്നുള്ള പൊടിശല്യം റോഡിന് സമീപത്തെ വീടുകളിൽ താമസിക്കുന്നവരെ ദുരിതത്തിലാക്കുന്നു. പ്രായമായവരെ അലർജിയും ചുമയും അലട്ടുമ്പോൾ കുട്ടികളിൽ ശ്വാസകോശ രോഗങ്ങളും വർധിപ്പിക്കുന്നു. കിളച്ചിട്ട റോഡ് ബലപ്പെടുത്തി ഒരാഴ്ചക്കുള്ളിൽ ടാറിങ്ങ് നടത്താനുള്ള സംവിധാനം ഉണ്ടായിരിക്കെ ഒന്നോ രണ്ടോ മാസം ഇതേ നില തുടരുന്നത് എന്തിനാണെന്നാണ് നാട്ടുകാരുടെ ചോദ്യം. കാര്യമായ കേടുപാടുകൾ ഇല്ലാത്ത, വാഹനത്തിരക്ക് കുറഞ്ഞ റോഡിനാണ് കോടികൾ വകയിരുത്തി നവീകരിക്കുന്നത്. കരാർ കാലാവധിക്ക് പ്രവൃത്തി പൂർത്തിയാക്കാതെ കഴിഞ്ഞ തവണ എസ്റ്റിമേറ്റ് വീണ്ടും പുതുക്കി കോടികൾ അനുവദിച്ചു. ഇതിന് പിന്നാലെയാണ് വീണ്ടും നിർമാണം ഇഴച്ച് കരാർ പുതുക്കാനുള്ള നീക്കം നടക്കുന്നത്.
നേരത്തെ ഈ റോഡിൽ പലപ്പുഴ, വിളക്കോട് ഭാഗങ്ങളിൽ ഇടവിട്ടിടവിട്ട് ടാറിങ് നടത്തിയതിനാൽ യാത്രക്കാർ അനുഭവിച്ച പ്രയാസം താലൂക്ക് വികസന സമിതിയിൽ ജനപ്രതിനിധികൾ ശക്തമായി ഉന്നയിച്ചതോടെ, ആ ഭാഗങ്ങളിൽ നവീകരണം പൂർത്തിയാക്കിയിട്ടുണ്ട്. കരിക്കോട്ടക്കരി, എടൂർ, വള്ളിത്തോട് ഭാഗങ്ങളിലാണ് നവീകരണം ഇഴയുന്നത്. കാര്യമായ പോറലുകൾ ഒന്നുമില്ലാത്ത റോഡിന് കോടികൾ അനുവദിച്ചതുതന്നെ ഉന്നത ഇടപെടലിലൂടെയാണെന്ന ആരോപണം ഉയർന്നിരുന്നു.
ഹൈവേയിലെ അങ്ങാടിക്കടവ് പാലത്തിന്റെ നിർമാണവും പാതിവഴിയിലാണ്. വെമ്പുഴ പാലം പൂർത്തിയായെങ്കിലും പാലപ്പുഴ ചേന്തോട് പാലത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. കഴിഞ്ഞ കൊട്ടിയൂർ ഉത്സവ സീസണിൽ പൂർത്തിയാകേണ്ടിയിരുന്ന പാലത്തിന്റെ നിർമാണം ഈ ഉത്സവ സീസണിലെങ്കിലും പൂർത്തിയാകുമോയെന്നത് കണ്ടറിയേണ്ട കാര്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.