കണ്ണൂർ: ഹജ്ജ് പുറപ്പെടൽ കേന്ദ്രമായി കണ്ണൂർ തെരഞ്ഞെടുക്കുന്നവരുടെ എണ്ണത്തിൽ വൻ കുതിപ്പ്. കണ്ണൂർ ഹജ്ജ് എംബാർക്കേഷൻ പോയന്റ് ആയി മൂന്നാം വർഷത്തിലെത്തിയപ്പോൾ ഓരോ വർഷവും ഹാജിമാരുടെ എണ്ണത്തിൽ വലിയ വർധനയാണ് ഉണ്ടാവുന്നത്. ഈ വർഷത്തെ ഹജ്ജിനായി 4105 പേർ കണ്ണൂരാണ് തെരഞ്ഞെടുത്തത്. അന്തിമ കണക്ക് ആയിട്ടില്ലെങ്കിലും 4500 ഓളം പേർ കണ്ണൂർ വഴി ഹജ്ജിന് പുറപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് പറഞ്ഞു.
കണ്ണൂരിൽ ഹജ്ജ് ഹൗസ് യാഥാർഥ്യമാകുന്നതോടെ ഹാജിമാർക്കുള്ള സൗകര്യങ്ങൾ വർധിക്കുമെന്നും തീർഥാടകരുടെ എണ്ണം ഇനിയും കൂടുമെന്നും അദ്ദേഹം പറഞ്ഞു. 2023ലാണ് കണ്ണൂർ വിമാനത്താവളം ഹജ്ജ് പുറപ്പെടൽ കേന്ദ്രമായത്. ആദ്യ വർഷം 2030 പേരാണ് ഇവിടെനിന്ന് പുറപ്പെട്ടത്. 2024ൽ 3218 പേരും കണ്ണൂർ വഴി ഹജ്ജിന് പുറപ്പെട്ടു. ഈ വർഷത്തെ ഹജ്ജ് അപേക്ഷയിലുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതിനാൽ അന്തിമ കണക്ക് ലഭ്യമായിട്ടില്ല.
കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട് ജില്ലകൾക്കുപുറമെ കർണാടകയിലെ മൈസൂർ, കുടക് മേഖലയിൽനിന്നുള്ളവരും കണ്ണൂരിനെ ആശ്രയിക്കുന്നു. വാർത്തസമ്മേളനത്തിൽ ഹജ്ജ് കമ്മിറ്റിയംഗങ്ങളായ പി.പി. മുഹമ്മദ് റാഫി, ഷംസുദ്ദീൻ അരിഞ്ചിറ, ഒ.വി. ജയഫർ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.