രണ്ടാം പിണറായി സർക്കാറിന്റെ ഒന്നാം വാർഷിക ഉദ്ഘാടന ചടങ്ങിലെ സദസ്സ്

ഉത്സവാന്തരീക്ഷത്തിൽ സർക്കാർ വാർഷികാഘോഷം

കണ്ണൂർ: വൻ ജനാവലി തീർത്ത ആരവങ്ങൾക്ക് മീതെ ഉയർന്ന ശംഖനാദത്തോടെ പഞ്ചവാദ്യങ്ങളുടെ മേളത്തിമിർപ്പ്. കൊട്ടും പാട്ടും ആവേശമാക്കി നാടൻ പാട്ടിന്റെ തുടിതാളം. രണ്ടാം പിണറായി സർക്കാറിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങ് കണ്ണൂർ നഗരത്തിന് ഉത്സവാന്തരീക്ഷം സമ്മാനിച്ചു.

ഉദ്ഘാടന ചടങ്ങിന് പൊലിമയേകി ഗ്രാമ്യ നിടുവാലൂരിന്റെ നാടൻ കലാമേളയും മാടായി ക്ഷേത്രകലാ അക്കാദമിയുടെ പഞ്ചവാദ്യവും അരങ്ങേറി.

ഉദ്ഘാടനച്ചടങ്ങ് പ്രൗഢഗംഭീരമാക്കിക്കൊണ്ടാണ് പഞ്ചവാദ്യവും നാടൻ കലാമേളയും അരങ്ങ് തകർത്തത്. മാടായി ക്ഷേത്രകലാ അക്കാദമിയുടെ 13 കലാകാരന്മാരാണ് നാദവിസ്മയം തീർത്തത്. കൂടാതെ ഡിജിറ്റൽ സ്വിച്ച് ഓൺ കർമത്തിലൂടെ ഉദ്ഘാടന ചടങ്ങ് വേറിട്ടതാക്കി.

മുഖ്യമന്ത്രി റിമോട്ട് ബട്ടണിൽ വിരലമർത്തിയതോടെ മൂന്ന്, രണ്ട്, ഒന്ന് എന്ന് കൗണ്ട് ഡൗൺ ആരംഭിച്ചു. 'എന്റെ കേരളം' എന്ന തലക്കെട്ടോടെ കേരളത്തിന്റെ സമഗ്ര മുന്നേറ്റത്തിന്റെ നേർക്കാഴ്ചകൾ സ്‌ക്രീനിൽ തെളിഞ്ഞു. കൃഷി, വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യം, തുടങ്ങിയ മേഖലകളിലും പ്രളയം, കോവിഡ് എന്നീ ദുരന്ത കാലഘട്ടങ്ങളിലും സർക്കാറിന്റെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ച വിഡിയോ ആണ് പ്രദർശിപ്പിച്ചത്. സർക്കാറിന്റെ വികസന പ്രവർത്തനങ്ങൾ വിളിച്ചോതുന്ന എക്സിബിഷൻ പവിലിയനും മുഖ്യമന്ത്രി പൊലീസ് മൈതാനിയിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വികസന പദ്ധതികളെ കുറിച്ചും സർക്കാർ വകുപ്പ് ലഭ്യമാക്കുന്ന സേവനങ്ങളെ കുറിച്ചുമുള്ള സ്റ്റാളുകളാണ് എക്സിബിഷനിൽ ഒരുക്കിയിരിക്കുന്നത്.

ജനനിബിഡമായി പൊലീസ് മൈതാനം

കണ്ണൂർ: രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ ഒന്നാംവാർഷിക സംസ്ഥാനതല ഉദ്ഘാടനത്തിന് ഒഴുകിയെത്തിയത് ആയിരങ്ങൾ. കണ്ണൂർ പൊലീസ് മൈതാനത്തൊരുക്കിയ ഉദ്ഘാടന സമ്മേളന വേദിയിലും 'എന്റെ കേരളം' മെഗാ പ്രദർശന വേദിയിലും ജനങ്ങൾ തിങ്ങിനിറഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച ശേഷം നടന്ന വൻ ജനാവലിക്കാണ് പൊലീസ് മൈതാനം സാക്ഷിയായത്. തദ്ദേശ സ്ഥാപന അധ്യക്ഷർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ, മുൻ എം.എൽ.എമാർ, രാഷ്ട്രീയ കക്ഷികളുടെ ജില്ല നേതൃത്വം, കലാ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പരിപാടിക്കെത്തി. ആദ്യദിനം എക്‌സിബിഷൻ-വിപണന സ്റ്റാളുകളിലും വൻതിരക്കാണ് അനുഭവപ്പെട്ടത്.

Tags:    
News Summary - Government anniversary celebration in a festive atmosphere

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.