നിര്‍മാണം പൂര്‍ത്തിയായ കെ.എസ്.ആര്‍.ടി.സി കണ്ണൂര്‍ ഡിപ്പോയിലെ കെട്ടിടം

വഴി ശരിയല്ലെന്ന്; നിർമാണം പൂര്‍ത്തിയായി നാലുവര്‍ഷമായിട്ടും ഉദ്ഘാടനം ചെയ്യാതെ കെ.എസ്.ആർ.ടി.സി ഡിപ്പോ കെട്ടിടം

കണ്ണൂര്‍: പ്രവൃത്തി പൂര്‍ത്തിയായി നാലുവര്‍ഷം കഴിഞ്ഞിട്ടും കെ.എസ്.ആര്‍.ടി.സി കണ്ണൂര്‍ ഡിപ്പോയിലെ ആത്യാധുനിക കെട്ടിടത്തിന്റെ ഉദ്ഘാടനം നീളുന്നു. കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പ്രയാസങ്ങള്‍ക്കു പരിഹാരമായാണ് ആധുനിക സജ്ജീകരണങ്ങളോടുകൂടിയ വിശ്രമമുറിയും കാന്റീന്‍ സൗകര്യങ്ങളുമടങ്ങിയ ഹെഡ് ഓഫിസ് കെട്ടിടം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ പൂര്‍ത്തിയാക്കിയത്. കെട്ടിടത്തിലേക്കുള്ള വഴി ശരിയല്ലെന്ന നിസ്സാര കാര്യത്താലാണ് ഉദ്ഘാടനം നീളുന്നത്. എന്നാല്‍, നാലുവര്‍ഷം കഴിഞ്ഞിട്ടും ഇതിനാവശ്യമായ തുക സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല. ഇതോടെ ജീവനക്കാര്‍ തീര്‍ത്തും ദുരിതത്തിലായി.

2018ല്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടന സമയം കണ്ണൂര്‍ ഡിപ്പോ ഉദ്ഘാടനവും നടക്കുമെന്ന് അന്നത്തെ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിക്കുകയും ദ്രുതഗതിയില്‍ പ്രവൃത്തി നടക്കുകയും ചെയ്തിരുന്നു. എന്നാല്‍, കെട്ടിട പ്രവൃത്തി പൂര്‍ണമായിട്ടും ഉദ്ഘാടനം മാത്രം ബാക്കിയായി. സംഭവത്തില്‍ കെ. സുധാകരന്‍ എം.പി ഗതാഗത മന്ത്രി ആന്റണി രാജുവിന് നിവേദനം നല്‍കിയിരുന്നെങ്കിലും മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയില്ല.

ദൂരസ്ഥലങ്ങളില്‍നിന്നടക്കം സ്ഥലംമാറിയെത്തിയ മുപ്പതോളം ജീവനക്കാര്‍ നിലവില്‍ വാടകവീട്ടില്‍ വലിയതുക നല്‍കി താമസിക്കേണ്ട സ്ഥിതിയാണ്. എഴുന്നൂറോളം ജീവനക്കാരുള്ള കണ്ണൂര്‍ ഡിപ്പോയില്‍ വിശ്രമമുറിയോ ആവശ്യമായ കാന്റീന്‍ സൗകര്യമോയില്ലാതെയാണ് പ്രവര്‍ത്തനം. പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതോടെ പഴയ ഓഫിസ് സൗകര്യം പുതിയ കെട്ടിടത്തിലേക്ക് മാറ്റി നിലവിലുള്ള ഓഫിസില്‍ കാന്റീന്‍ സൗകര്യം ലഭ്യമാക്കാനാണ് തീരുമാനിച്ചിരുന്നത്. മൂന്നുനിലയുള്ള പുതിയ കെട്ടിടത്തില്‍ ഓഫിസും ജീവനക്കാരുടെ വിശ്രമമുറിയും കോണ്‍ഫറന്‍സ് ഹാളുമുണ്ട്. സ്ഥലം എം.എല്‍.എ ഇടപെട്ട് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.


Tags:    
News Summary - Four years of work completed; Depot building awaiting inauguration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.