ബിസിയാണ് ജില്ല പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റ്

കണ്ണൂർ: വിപ്ലവ മണ്ണിൽ ചരിത്രനേട്ടങ്ങൾ കൊണ്ടുവന്ന കണ്ണൂർ ജില്ല പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റ് തിരക്കിലാണ്. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവും മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റുമായ പി.കെ. ശ്രീമതിയാണ് ജില്ല പഞ്ചായത്തിന്റ പ്രഥമ പ്രസിഡന്റ്.

1995 ഒക്ടോബർ രണ്ടിന് പി.കെ. ശ്രീമതി തന്റെ 46ാം വയസ്സിൽ ജില്ല പഞ്ചായത്തിന്റെ പ്രസിഡന്റായി സ്ഥാനമേറ്റു. 1990ൽ ജില്ല കൗൺസിലേക്ക് മത്സരിച്ച് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷയായി. ആദ്യമായി മികച്ച പ്രകടനം കാഴ്ചവെച്ചതിനു പിന്നാലെയാണ് പാർട്ടി പുതിയ ചുമതലയേൽക്കാൻ നിയോഗിച്ചത്. ചെറുതാഴം ഡിവിഷനിൽ മത്സരിച്ച് വൻ ഭൂരിപക്ഷത്തിന് ജയിച്ചാണ് നാട്ടുകാരുടെ ടീച്ചർ ജില്ല പഞ്ചായത്തിലേക്ക് എത്തിയത്. വനിതാ സംവരണമായതോടെയാണ് പ്രസിഡന്റ് പദവിയിലേക്കെത്തിയത്.

ഇ.കെ. നായനാർ മുഖ്യമന്ത്രിയായ കാലം. പിന്നാലെ ജില്ല പഞ്ചായത്തിന് കൂടുതൽ ഫണ്ടുകളുമെത്തി. ഓലമേഞ്ഞ സ്കൂൾ കെട്ടിടങ്ങളുടെ മേൽക്കൂര മാറ്റിക്കൊണ്ടാണ് ചരിത്രപരമായ വികസനം തുടങ്ങിയതെന്ന് ടീച്ചർ ഓർക്കുന്നു. അതുവരെ മഴക്കാലത്ത് ചോർന്നൊലിക്കുന്ന ക്ലാസ് മുറികളിലായിരുന്നു കുട്ടികളുടെ പഠനം. അത്തരം സ്കൂളുകളുടെ കണക്കെടുപ്പ് അതിവേഗം നടത്തി റിപ്പോർട്ട് ശേഖരിച്ചു. പിന്നാലെ സ്കൂളുകളുടെ മേൽക്കൂര ഓല മാറ്റി ഓട് സ്ഥാപിച്ചു. അതിരൂക്ഷമായ കുടിവെള്ള ക്ഷാമമാണ് അന്നുണ്ടായിരുന്നത്.

പ്രത്യേകം അന്വേഷണം നടത്തി പ്രധാന പ്രദേശങ്ങളിലെല്ലാം കുടിവെള്ള പദ്ധതി നടപ്പാക്കിയതും വലിയ ജനകീയ പദ്ധതിയായിരുന്നു. പക്ഷെ, ഒന്നര വർഷം പിന്നിട്ടപ്പോൾ പി.കെ. ശ്രീമതിയെ മഹിള അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഇതോടെ ജില്ല പഞ്ചായത്ത് സ്ഥാനം രാജിവെക്കുകയാണുണ്ടായത്. അന്നത്തെ പ്രഥമ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പിന്നീട് പാർട്ടി പദവിയിലും അധികാര പദവിയിലും ഉയർന്നു. എം.എൽ.എ, മന്ത്രി, എം.പി എന്നീ നിലകളിൽ ശോഭിച്ചു. ജില്ല പഞ്ചായത്തിന്റെ പ്രസിഡന്റ് പദവിയിലിരുന്ന ശേഷം മന്ത്രിയായ സംസ്ഥാനത്തെ ഏക വനിതയും ശ്രീമതിയാണ്. പാർട്ടി പദവിയിൽ പിന്നെയും തിരക്കുള്ള നേതാവായി.

കഴിഞ്ഞദിവസം ഷിംലയിൽ നടന്ന മഹിളാ അസോസിയേഷൻ ഹിമാചൽ പ്രദേശ് സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തത് അഖിലേന്ത്യാ പ്രസിഡന്റ് പി.കെ ശ്രീമതിയും പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തത് മറിയം ധാവ്ളയുമാണ്. സമ്മേളനത്തിരക്കിനിടെയാണ് കണ്ണൂർ ജില്ല പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റായതിന്റെ ഓർമകൾ പങ്കുവെച്ചത്. സുശീല ഗോപാലനുശേഷം 36 വർഷം കഴിഞ്ഞ് കേരളത്തിൽനിന്ന് അഖിലേന്ത്യാ മഹിളാ അസോസിയേഷൻ തലപ്പത്തെത്തുന്ന നേതാവും പി.കെ. ശ്രീമതിയാണ്.

Tags:    
News Summary - first president of kannur district panchayat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.