അച്ഛനും ഏകമകനും റോഡിൽ പൊലിഞ്ഞത് കൺമുന്നിൽ നൊമ്പരക്കാഴ്ചയായി നവ്യ

കണ്ണൂർ: റോഡിൽ പൊലിഞ്ഞത് ഏക മകനും സ്വന്തം പിതാവുമാണെന്ന സത്യം ഉൾക്കൊള്ളാനാകാതെ റോഡിൽ തകർന്നിരുന്നുപോയി നവ്യ.

ശബ്ദംകേട്ട് അപകടസ്ഥലത്തേക്ക് എത്തിയ നവ്യയുടെ നിലവിളിയിൽനിന്നാണ് ചോരയിൽ കുളിച്ച് ചലനമറ്റ് കിടക്കുന്നത് എടച്ചേരി സ്വദേശി മഹേഷ് ബാബുവും ചെറുമകൻ ആഗ്നേയുമാണെന്ന് നാട്ടുകാർക്ക് മനസ്സിലായത്. അപകടരംഗം കണ്ടുനിൽക്കാനാകാതെ ബോധം നഷ്ടമായി തളർന്നുവീണ നവ്യ ഓടിക്കൂടിയവർക്ക് കരളലിയിക്കുന്ന കാഴ്ചയായി.

വെള്ളിയാഴ്ച രാവിലെ 11ഓടെയാണ് പുതിയതെരു ഭാഗത്തേക്ക് സാധനങ്ങൾ വാങ്ങാൻ മഹേഷ് ബാബുവിനൊപ്പം ആഗ്നേയും പോയത്. മംഗളൂരു ഭാഗത്തേക്ക് ഗ്യാസ് സിലിണ്ടർ കയറ്റിവന്ന ലോറി ഇവരുടെ ബൈക്കിനെ മറികടക്കുന്നതിനിടെ പിന്നിൽ തട്ടുകയായിരുന്നു.

തെറിച്ചുവീണ ഇരുവരുടെയും തലയിലൂടെ ലോറിയുടെ ചക്രം കയറിയിറങ്ങി. അപകടം നടന്നതിന്റെ തൊട്ടടുത്ത ഫൈസ്റ്റോൺ സ്ഥാപനത്തിലെ ജീവനക്കാരിയാണ് നവ്യ.

സമീപത്തെ ടൈൽസ് കടയുടെ ഉദ്ഘാടനമായതിനാൽ അവിടേക്ക് പോകാൻ പുറത്തിറങ്ങിയപ്പോഴാണ് തൊട്ടരികിൽ അപകടം നടക്കുന്നത്.

ഓടിയെത്തിയപ്പോൾ വണ്ടിയും ധരിച്ച വസ്ത്രങ്ങളും കണ്ടപ്പോൾ പരസ്പരം ആലിംഗനംചെയ്ത് ചലനമറ്റുകിടക്കുന്നത് അച്ഛനും പൊന്നോമനയുമാണെന്ന് മനസ്സിലായി. നിലവിളിച്ചു കരഞ്ഞ നവ്യയെ സഹപ്രവർത്തകരും നാട്ടുകാരും ഏറെ പണിപ്പെട്ടാണ് സ്ഥലത്തുനിന്ന് മാറ്റിയത്. അപകടത്തിനുശേഷം അഞ്ച് മിനിറ്റിനുള്ളിൽ എത്തിയ ആംബുലൻസിൽ മൃതദേഹങ്ങൾ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

പൊലീസും സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. അപകടത്തെതുടർന്ന് ലോറി ഉപേക്ഷിച്ച് ഓടിക്കളഞ്ഞ ഡ്രൈവർക്കായി തിരച്ചിൽ തുടങ്ങി.

അപകടമേഖലയായി പള്ളിക്കുളം

നിരന്തര അപകടങ്ങൾ നടക്കുന്ന മേഖലയായി കണ്ണൂർ ദേശീയപാതയിലെ പള്ളിക്കുളം. ഗണപതി മണ്ഡപം മുതൽ പള്ളിക്കുളം ബസ് സ്റ്റോപ്പ് വരെയുള്ള ഭാഗങ്ങളിൽ നിരവധി അപകടങ്ങളാണ് നടന്നത്. ഒടുവിലായി വെള്ളിയാഴ്ച രാവിലെ ഹോണ്ട ഷോറൂമിന് സമീപം ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറി ഇടിച്ച് മുത്തച്ഛനും ചെറുമകനും ജീവൻ നഷ്ടമായി. റോഡരികിലെ അനധികൃത പാർക്കിങ്ങും അശ്രദ്ധമായ ഡ്രൈവിങ്ങുമാണ് അപകടകാരണം. പള്ളിക്കുളം വളവും അപകടമേഖലയാണ്. പള്ളിക്കുളത്ത് ടൈൽസ് സ്ഥാപനത്തിന്‍റെ ഉദ്ഘാടനം നടക്കുന്നതിനാൽ ഈ ഭാഗത്ത് അൽപം വാഹനത്തിരക്കുണ്ടായിരുന്നു. അതിനിടയിലാണ് അപകടം. ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് കാരണമായി കരുതുന്നത്. ഒരുവർഷത്തിനിടെ മൂന്നുപേർക്കാണ് ഈ ഭാഗത്ത് ജീവൻ നഷ്ടമായത്. മൂന്നുമാസം മുമ്പ് കാർ യാത്രികൻ വാഹനാപകടത്തിൽ മരിച്ചിരുന്നു. ബൈക്കുകൾ കൂട്ടിയിടിച്ച് നിലത്തുവീണതിനെത്തുടർന്ന് ടാങ്കർ ലോറി കയറി യോഗശാല സ്വദേശി മരിച്ചതും ഇതേസ്ഥലത്തുതന്നെ. അഞ്ചുമാസംമുമ്പ് ബൈക്കിടിച്ച് പരിക്കേറ്റ ഹോണ്ട ഷോറൂം ജീവനക്കാരി ഇപ്പോഴും ചികിത്സയിലാണ്. കാൽനടക്കാരും അപകടത്തിൽപെടുന്ന സംഭവങ്ങൾ ഏറെ. 2020ൽ പള്ളിക്കുളത്ത് ലോറികൾ കൂട്ടിയിടിച്ച് പരിക്കേറ്റ ലോറിത്തൊഴിലാളികളെ പുറത്തെടുത്തത് ഏറെ പണിപ്പെട്ടായിരുന്നു.

ഇതേവർഷം പള്ളിക്കുളം മണ്ഡപത്തിന് സമീപം ബൈക്ക് യാത്രക്കാരനും ജീവൻ നഷ്ടമായി. നോ പാർക്കിങ് ബോർഡുകൾ ഉണ്ടെങ്കിലും വാഹനങ്ങൾ നിർത്തുന്നത് തോന്നിയതുപോലെയാണ്. അപകടം വർധിക്കുമ്പോൾ അധികൃതർ ആവശ്യമായ നടപടികൾ എടുക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.

Tags:    
News Summary - Father and only son killed in road accident Navya as a nuisance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.