ജാമ്യരേഖകളിൽ തെറ്റായ വിവരം; പരിശോധനക്ക് കോടതി നിർദേശം

തലശ്ശേരി: കേസിൽപ്പെട്ട പ്രതികളെ ജാമ്യത്തിലെടുക്കാൻ കോടതി മുമ്പാകെ സമർപ്പിക്കുന്ന രേഖകളിൽ കർശനമായ പരിശോധന നടത്താൻ ജീവനക്കാർക്ക് കോടതി നിർദേശം. തെറ്റായ വിവരങ്ങൾ നൽകിയാണ് പലരും രേഖകൾ സമർപ്പിക്കുന്നതെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണിത്.

തലശ്ശേരി കോടതിയിൽ ജുവനൈൽ കേസിൽപ്പെട്ട പ്രതിയെ ജാമ്യത്തിലെടുക്കാൻ സമർപ്പിച്ച രേഖയിൽ തെറ്റായ വിവരം കഴിഞ്ഞദിവസം കണ്ടെത്തിയ സംഭവമുണ്ടായി. ഈ സാഹചര്യത്തിലാണ് ജാമ്യമെടുക്കാനെത്തുന്ന ആൾ സമർപ്പിക്കുന്ന രേഖകൾ കൃത്യമായി പരിശോധിക്കാൻ കോടതി ജീവനക്കാർക്ക് നിർദേശം നൽകിയത്.

പല കേസുകളിലും മുൻ കാലങ്ങളിൽ തെറ്റായ വിവരം നൽകി കോടതികളെ കബളിപ്പിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ജുവനൈൽ കേസിൽപ്പെട്ട പ്രതിയെ ജാമ്യത്തിലെടുക്കാൻ തലശ്ശേരി കോടതി മുമ്പാകെ സമർപ്പിച്ച രേഖയിൽ തെറ്റായ വിവരം നൽകി കോടതിയെ കബളിപ്പിക്കുവാൻ ശ്രമിച്ച സംഭവത്തിൽ ഇരിക്കൂർ പടിയൂർ സ്വദേശി പുത്തൻപറമ്പിൽ കെ.പി. ഫാരീസിനെതിരെ (38) നിയമ നടപടി സ്വീകരിക്കുവാൻ കോടതി നിർദേശം നൽകി.

ഇതു സംബന്ധിച്ച് ജില്ല കോടതി ശിരസ്തദാർ തലശ്ശേരി പൊലീസിൽ പരാതി നൽകി. കോടതിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിൽ സംശയം ഉയർന്ന സാഹചര്യത്തിലാണിത്. ഇയാൾ മുമ്പും പല കോടതികളിലും പലർക്കുമായി ജാമ്യം നിന്നിട്ടുള്ളയാളാണ്.

ഈ സംശയത്തിൽ പടിയൂർ വില്ലേജ് ഓഫിസുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ അന്വേഷണം നടത്തിയപ്പോൾ പടിയൂർ വില്ലേജിൽ ഇത് സംബന്ധിച്ച് ജപ്തി നടപടികൾ നിലവിലുള്ളതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. തുടർന്നാണ് ഫാരീസിനെതിരെ തലശ്ശേരി പൊലീസിൽ പരാതി നൽകിയത്. വരും ദിവസങ്ങളിൽ ജാമ്യം സംബന്ധിച്ച് നൽകുന്ന രേഖകളിൽ കർശനമായ പരിശോധന നടത്തുവാൻ ജീവനക്കാർക്ക് കോടതി നിർദേശം നൽകുകയായിരുന്നു.

വില്ലേജ് ഓഫിസ് വഴി നൽകുന്ന നികുതി ശീട്ടുകളിലാണ് തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തി കോടതിയെ കബളിപ്പിക്കുന്നത്. ജാമ്യമെടുക്കാനെത്തുന്ന ഇത്തരം ആളുകൾ പ്രതികളിൽനിന്ന് വൻ തുക കൈപ്പറ്റുന്നതായും വിവരമുണ്ട്.​

Tags:    
News Summary - False information in bail documents Court orders inspection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.