കണ്ണൂർ: പഴയ ബസ് സ്റ്റാൻഡിൽ നിന്ന് മുനീശ്വരൻ കോവിൽ ജങ്ഷൻ വരെ, കണ്ണൂരിന്റെ കിഴക്ക് ഭാഗത്തേയും പടിഞ്ഞാറ് ഭാഗത്തേയും ബന്ധിപ്പിക്കുന്ന റെയിൽവേ നടപ്പാലം പുനർനിർമിച്ച് ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരം കാണണമെന്ന് ജില്ല വികസന സമിതി യോഗം റെയിൽവേയോട് ആവശ്യപ്പെട്ടു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയാണ് യോഗത്തിൽ ഇത് സംബന്ധിച്ച പ്രമേയമവതരിപ്പിച്ചത്. വർഷങ്ങളായി റെയിൽവേ പാളം മുറിച്ചുകടക്കാൻ കാൽനടക്കായി ഉപയോഗിക്കുന്ന നടപ്പാലം കാലപ്പഴക്കം മൂലം അടച്ചിട്ടിരിക്കുകയാണ്. ഇത് യാത്രക്കാർക്കും വ്യാപാരികൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. വിഷയം സതേൺ റെയിൽവേ ഡിവിഷനൽ മാനേജരുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് ജില്ല കലക്ടർ അറിയിച്ചു.
സിവിൽ സ്റ്റേഷനിൽ ശൗചാലയ സമുച്ചയം സ്ഥാപിക്കുന്നതിന് കണ്ണൂർ എം.എൽ.എയുടെ പ്രാദേശിക വികസന നിധിയിൽനിന്ന് 30 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി അറിയിച്ചു. പദ്ധതിക്കായി 4.50 ലക്ഷം രൂപ വകയിരുത്തി എസ്റ്റിമേറ്റ് തയാറാക്കുന്നതായി കോർപറേഷനും അറിയിച്ചു.
2019-20 സംസ്ഥാന ബജറ്റിൽ ഫണ്ട് അനുവദിച്ച നടാൽ പാലത്തിന്റെ നിർമാണ സ്ഥലത്ത് കണ്ടൽ ചെടികൾ ഉള്ളതിനാൽ വനം വകുപ്പിന്റെ അനുമതിക്കായി 83,689 രൂപ പൊതുമരാമത്ത് വകുപ്പ് മുഖേന അടക്കേണ്ട സാഹചര്യത്തിൽ, മുൻകൂർ കൈവശാവകാശം നൽകുന്ന കാര്യം പരിഗണിക്കാൻ വനം വകുപ്പിന് മന്ത്രി നിർദേശം നൽകി.
അപകടാവസ്ഥയിലുള്ള മാഹി പാലത്തിന് പകരമായി പാലം നിർമിക്കുന്നതിന് 10 ലക്ഷത്തിന്റെ ഇൻവെസ്റ്റിഗേഷൻ എസ്റ്റിമേറ്റിന് ഭരണാനുമതി ജനുവരി 14നും സാങ്കേതികാനുമതി 30നും ലഭിച്ചതായും അടുത്തായാഴ്ച ഇതിന്റെ ടെൻഡർ നടപടി തുടങ്ങുമെന്നും പൊതുമരാമത്ത് (ദേശീയപാത) വകുപ്പ് അറിയിച്ചു. ദേശീയപാതയുടെ കീഴിലുള്ള പുതിയതെരു റോഡിലെ കുഴികളുടെ അറ്റകുറ്റപണി നടന്നു വരുന്നതായും രണ്ടുദിവസത്തിനകം തീർക്കുമെന്നും കരാറുകാരായ വിശ്വസമുദ്ര അറിയിച്ചു.
ആറളം ആദിവാസി പുനരധിവാസ മേഖലയിൽ ഭൂമി അനുവദിച്ച് സ്ഥിരതാമസമല്ലാത്തവരുടെ ഭൂമി ഏറ്റെടുത്ത് പുതിയ കുടുംബങ്ങൾക്ക് നൽകുന്നതിനായി 137 പേർക്ക് ഒരാഴ്ചക്കകം നറുക്കെടുപ്പ് നടത്തി പട്ടയം തയാറാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് പ്രൊജക്ട് ഓഫിസർ അറിയിച്ചു.
പെട്ടിപ്പാലം, പുന്നോൽ, മാക്കൂട്ടം മേഖലകളിൽ കള്ളക്കടൽ പ്രതിഭാസം മൂലം വെള്ളം കയറുന്ന പ്രശ്നത്തിന്റെ പരിഹാരത്തിനായി നാഷനൽ ഡിസാസ്റ്റർ മിറ്റിഗേഷൻ ഫണ്ടിൽ ഉൾപ്പെടുത്തിയ പ്രൊപോസൽ കെ.എസ്.ഡി.എം.എ വഴിയും ഹോട്ട് സ്പോട്ട് ഏരിയയിൽ ഉൾപ്പെടുന്ന പ്രവൃത്തി എഡിബി ഫണ്ടിങ്ങിന് വേണ്ടിയും സമർപ്പിച്ചിട്ടുണ്ട്. എ.ഡി.ബി ഫണ്ടിങ്ങുമായി ബന്ധപ്പെട്ട് എ.ഡി.ബി മിഷൻ എക്കോളജിക്കൽ ടീം മേധാവി ജനുവരി ഏഴിന് പെട്ടിപ്പാലം, പുന്നോൽ, മാക്കൂട്ടം എന്നീ ഹോട്ട് സ്പോട്ട് മേഖലകൾ സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
എ.ഡി.ബി ഫണ്ടിങ്ങിനുള്ള ഒന്നാം ഘട്ട പട്ടികയിൽ തലശ്ശേരി ഉൾപ്പെട്ടിട്ടുണ്ട്. മാർച്ചോടെ ഡിസൈനാവും. തലായി ഫിഷറീസ് ഹാർബറിന്റെ തെക്ക് വശം മാക്കൂട്ടം പുന്നോൽ ഭാഗത്തായി നിലവിൽ നാല് ഗ്രോയിനുകൾ നിർമിച്ചതായും, നിലവിലുള്ളവയുടെ നീളം വർധിപ്പിക്കുന്നതിനും, പുതിയ നിർമാണത്തിനുമായുള്ള പ്രൊപോസലുകൾ വാർഷിക പദ്ധതിയിൽ സമർപ്പിച്ചതായും ഹാർബർ എൻജിനീയറിങ് എക്സിക്യൂട്ടിവ് എൻജിനീയർ റിപ്പോർട്ട് ചെയ്തു. ഫണ്ട് ലഭ്യമാകുന്ന മുറക്ക് പ്രവൃത്തി തുടങ്ങും. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിനകത്ത് പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യങ്ങൾ കത്തിക്കുന്നതായി പരിസരവാസികളുടെ പരാതിയുള്ളതായി മട്ടന്നൂർ നഗരസഭ അധ്യക്ഷൻ എൻ. ഷാജിത്ത് അറിയിച്ചു. സ്ഥല പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ മലിനീകരണ നിയന്ത്രണ ബോർഡിന് കലക്ടർ നിർദേശം നൽകി.
തലശ്ശേരി ജനറൽ ആശുപത്രിയുടെ വാട്ടർ ടാങ്ക്, കാഷ്വാലിറ്റി ബ്ലോക്ക്, ലിഫ്റ്റ് മുതലായവയുടെ നിർമാണത്തിന് അനുമതി ലഭ്യമാകുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നുള്ള ഷാഫി പറമ്പിൽ എം.പിയുടെ പ്രതിനിധി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.