സ്വാശ്രയ ആര്‍ട്സ് ആൻഡ് സയന്‍സ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷന്‍ നേതൃത്വത്തിൽ കണ്ണൂർ സർവകലാശാലക്ക് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ കോർപറേഷൻ മേയർ പി. ഇന്ദിര ഉദ്ഘാടനംചെയ്യുന്നു

സ്വാശ്രയ കോളജുകൾക്ക് അഫിലിയേഷന്‍ നിരസിക്കൽ; കണ്ണൂർ സർവകലാശാലക്ക് മുന്നിൽ പ്രതിഷേധം

കണ്ണൂർ: സ്വാശ്രയ കോളജുകള്‍ക്ക് അഫിലിയേഷന്‍ നല്‍കാത്ത കണ്ണൂര്‍ സര്‍വകലാശാലയുടെ നിലപാടിനെതിരെ പ്രതിഷേധം. സ്വാശ്രയ ആര്‍ട്സ് ആന്‍റ് സയന്‍സ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷന്‍ നേതൃത്വത്തിൽ കോളജുകള്‍ അടച്ചുപൂട്ടി സർവകലാശാലയിലേക്ക് മാർച്ചും ധർണയും നടത്തി.

കോർപറേഷൻ മേയർ പി. ഇന്ദിര ഉദ്ഘാടനം ചെയ്തു. കേരളത്തിലെ 80 ശതമാനത്തോളം വിദ്യാർഥികളും നഗര ഗ്രാമീണ വ്യത്യാസമില്ലാതെ ആശ്രയിക്കുന്നത് സ്വാശ്രയ കോളജുകളെയാണെന്നും ഒന്നോ രണ്ടോ വ്യക്തികൾ ചേർന്ന് തകർക്കാൻ ശ്രമിച്ചാൽ തകരുന്ന പ്രസ്ഥാനമല്ല അതെന്നും മേയർ പറഞ്ഞു.

കാൽടെക്സ് ജംങ്ഷനിൽ മാർച്ച് നോർത്ത് മലബാർ ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് സച്ചിൻ സൂര്യകാന്ത മകേച്ച ഫ്ലാഗ് ഓഫ് ചെയ്തു. കോളജുകൾക്ക് അഫിലിയേഷൻ നൽകാതെയും അധ്യാപകരുടെയും വിദ്യാർഥികളുടെയും പ്രശ്നങ്ങൾ പരിഹരിക്കാതെയും മുന്നോട്ട് പോകുകയാണെങ്കിൽ വൻ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്ന് നേതാക്കൾ പറഞ്ഞു.

കോളജുകൾക്ക് 2025 -26 വര്‍ഷത്തെ അഫിലിയേഷന്‍ കണ്ണൂര്‍ സര്‍വകലാശാല നല്‍കാത്തതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കേണ്ട ഫീസിളവും സ്കോളർഷിപ്പും അടക്കമുള്ള ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്ന സാഹചര്യമാണ്. മുഴുവന്‍ അധ്യാപകര്‍ക്കും നെറ്റ് യോഗ്യതയുണ്ടെങ്കില്‍ മാത്രമേ അഫിലിയേഷന്‍ നല്‍കാന്‍ പാടുള്ളുവെന്ന് യു.ജി.സി നിഷ്‌കര്‍ഷിക്കുന്നുണ്ടെന്ന കാരണമാണ് സര്‍വകലാശാല പറയുന്നത്. എന്നാല്‍ ഈ ഉത്തരവുമായി ബന്ധപ്പെട്ട് സ്വാശ്രയ കോളജ് മാനേജ്‌മെന്റ് ഭാരവാഹികള്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തി ധാരണയുണ്ടാക്കിയിട്ടുണ്ടെന്നും നേതാക്കൾ പറഞ്ഞു. യോഗത്തിൽ പ്രസിഡന്റ് എം.പി.എ. റഹീം അധ്യക്ഷത വഹിച്ചു.

കേരള വഖഫ് ബോർഡ് അംഗം പി.വി. സൈനുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. ബാലകൃഷ്ണൻ പെരിയ, സി. അനിൽകുമാർ, ഫാ. ജോയ് എന്നിവർ സംസാരിച്ചു. ഡോ. ഷാഹുൽ ഹമീദ് സ്വാഗതവും രാജൻ സി. പെരിയ നന്ദിയും പറഞ്ഞു. ഡോ.വി.എൻ. മനോജ്‌, മൂസ ബി. ചേർക്കള, ഡോ.പി.വി. ജോസഫ്, യു.നാരായണൻ, കെ.എം. ജനാർദ്ദനൻ, പി.സി. ജലീൽ, സജു ജോസ്, സൽമാൻ ഫാരിസ്, കെ.കെ. മുനീർ, ഇടനീർ അബൂബക്കർ, സി. ജബ്ബാർ, എ. അഷ്‌റഫ്‌ തുടങ്ങിയവർ നേതൃത്വം നൽകി.

Tags:    
News Summary - Denial of affiliation to self-financing colleges; Protest in front of Kannur University

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.