കൂത്തുപറമ്പ് വെടിവെപ്പിനുശേഷം കൂത്തുപറമ്പിലെത്തിയ വി.എസ്. അച്യുതാനന്ദന് ഷട്ടറിൽ വെടികൊണ്ടത് കാണിച്ചുകൊടുക്കുന്ന പി. ജയരാജൻ. എം.എം. ലോറൻസ് സമീപം. ജയരാജന്റെ മകൻ ജയിൻ പി. രാജ്
സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രം
കണ്ണൂർ: വിമാനത്താവളം അടക്കം നിരവധി വികസന പ്രവർത്തനങ്ങളിലും സമര പോരാട്ടങ്ങളിലും കണ്ണിയായ വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തിൽ കണ്ണീരണിഞ്ഞ് കണ്ണൂരും. സി.പി.എം പ്രവർത്തകരും വി.എസ് ആരാധകരുമടക്കം നിരവധിപേർ ജില്ലയിൽനിന്ന് അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാൻ തിരുവനന്തപുരത്തെത്തി.
പ്രത്യേകം വാഹനം ഏർപ്പാടാക്കിയും പാർട്ടി പ്രവർത്തകർ വിലാപയാത്രയിൽ പങ്കെടുക്കാനും അന്ത്യാഭിവാദ്യമർപ്പിക്കാനും തലസ്ഥാനത്തേക്ക് തിരിച്ചു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമൊക്കെയായിരുന്ന കാലത്ത് വി.എസ് നൽകിയ സഹായങ്ങളും ഇടപെടലുകളും സ്മരിച്ച് നിരവധിപേരാണ് സമൂഹ മാധ്യമങ്ങളിലടക്കം ഓർമകൾ പങ്കുവെച്ചത്.
കൂത്തുപറമ്പ് വെടിവെപ്പ് തുടങ്ങിയ പോരാട്ടങ്ങളിലും സമരമുഖങ്ങളിലും രക്തസാക്ഷികളായവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാനും പരിക്കേറ്റവരെ സന്ദർശിക്കാനും പ്രിയ സഖാക്കൾക്ക് ശക്തിപകരാനും മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് പലപ്പോഴായി കണ്ണൂരിലെത്തിയിരുന്നു. ആർ.എസ്.എസ്-സി.പി.എം സംഘർഷം നിലനിന്നിരുന്ന കാലഘട്ടത്തിൽ ആക്രമണത്തിനിരയായവരെയും കൊല്ലപ്പെട്ട പ്രവർത്തകരുടെ ഉറ്റവരെ സന്ദർശിക്കാനും വി.എസ് ജില്ലയുടെ വിവിധ ഭാഗങ്ങളിലെത്തി.
കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായ പുഷ്പനെ സന്ദർശിക്കാനും അദ്ദേഹമെത്തിയിരുന്നു. സി.പി.എം ജില്ല കമ്മിറ്റി ഓഫിസായി അഴീക്കോടൻ മന്ദിരത്തിലും കണ്ണൂർ ഗെസ്റ്റ് ഹൗസിലുമെല്ലാം ഇടക്കിടെയെത്തി. പയ്യാമ്പലത്തായിരുന്നു അദ്ദേഹത്തിന്റെ പ്രഭാത നടത്തം.
വി.എസിന്റെ നിര്യാണത്തിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ അനുശോചന യോഗങ്ങൾ സംഘടിപ്പിച്ചു. സി.പി.ഐ ജില്ല കൗൺസിൽ അനുശോചിച്ചു. ജനകീയ പ്രശ്നങ്ങളിലുൾപ്പെടെ ഇടപെട്ട് നീതിക്കുവേണ്ടി പോരാടിയ വിപ്ലവകാരിയായ അദ്ദേഹത്തിന്റെ വിയോഗം കേരള രാഷ്ട്രീയത്തിന് തീരാനഷ്ടമാണെന്ന് ജില്ല സെക്രട്ടറി സി.പി. സന്തോഷ് കുമാർ പറഞ്ഞു.
സീനിയർ ജേണലിസ്റ്റ്സ് യൂനിയൻ കേരള ജില്ല കമ്മിറ്റി യോഗം അനുശോചിച്ചു. പ്രസിഡന്റ് ടി.പി. വിജയൻ അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി സി.പി. സുരേന്ദ്രൻ, ഇ.എം. രഞ്ജിത്ത് ബാബു, മുഹമ്മദ് മുണ്ടേരി, ഹനീഫ കുരിക്കളകത്ത്, കെ.സി. രാജഗോപാലൻ, മട്ടന്നൂർ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. ജനതാദൾ എസ്. സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. ദിവാകരൻ, കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം കെ.പി. വേണുഗോപാലൻ തുടങ്ങിയവർ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.