സ്പെഷൽ ക്ലാസുകൾക്ക് ബസുകളിൽ യാത്രാ ഇളവ്

കണ്ണൂർ: സ്പെഷൽ ക്ലാസുകൾ, ട്യൂഷൻ എന്നിവക്ക് പോകുന്ന വിദ്യാർഥികളുടെ ബസ് യാത്രാ ഇളവ് സംബന്ധിച്ച് വ്യക്തത വരുത്തി ആർ.ടി.ഒ ഉത്തരവായി. വീട്ടിൽനിന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തിരിച്ച് വീട്ടിലേക്കുമുള്ള യാത്രക്ക് മാത്രമേ സൗജന്യനിരക്ക് അനുവദിക്കുകയുള്ളൂ.

നിലവിൽ പഠിക്കുന്ന സ്ഥാപനത്തിലെ സ്പെഷൽ ക്ലാസുകൾ ഒഴിച്ച് മറ്റ് സ്ഥാപനങ്ങളിലേക്കുള്ള സ്പെഷൽ ക്ലാസുകൾക്കും ട്യൂഷനും യാത്രാസൗജന്യം അനുവദിക്കില്ല. ഇതുസംബന്ധിച്ച് നേരത്തെയുള്ള അറിയിപ്പിൽ അവ്യക്തതയുള്ളതിനാലാണ് ആർ.ടി.ഒ പുതിയ ഉത്തരവിറക്കിയത്.

പഠിക്കുന്ന സ്ഥാപനത്തിൽനിന്ന് വീട്ടിലേക്കുള്ള റൂട്ടിൽ 40 കിലോമീറ്റർ മാത്രമേ യാത്രാസൗജന്യം അനുവദിക്കൂ. സർക്കാർ സ്‌കൂളുകൾ, കോളജ്, ഐ.ടി.ഐ, പോളിടെക്നിക്, സർക്കാർ ഉടമസ്ഥതയിലുള്ള സഹകരണ കോളജുകൾ എന്നിവിടങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളുടെ ഐഡന്റിറ്റി കാർഡുകളിൽ കൃത്യമായ റൂട്ട് രേഖപ്പെടുത്തണം.

സ്വാശ്രയ വിദ്യാഭ്യാസ/പാരലൽ സ്ഥാപനങ്ങൾക്ക് ആർ.ടി.ഒ/ജോ. ആർ.ടി.ഒ അനുവദിച്ച കാർഡ് നിർബന്ധമാണ്. സർവകലാശാലയിൽ രജിസ്റ്റർ ചെയ്ത ഫുൾടൈം കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർഥികൾക്കാണ് യാത്രാസൗജന്യം.

സിറ്റി/ടൗൺ, ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ് ഓർഡിനറി എന്നീ ബസുകളിലെല്ലാം എല്ലാ ദിവസങ്ങളിലും അവധി ദിവസങ്ങൾ ഉൾപ്പെടെ യാത്രാസൗജന്യം അനുവദിക്കും. യൂനിഫോം ധാരികളായ സ്‌കൗട്ടുകൾക്കും എൻ.സി.സി കാഡറ്റുകൾക്കും ശനി, ഞായർ, മറ്റുള്ള അവധി ദിവസങ്ങളിൽ പരേഡുകളിൽ പങ്കെടുക്കാൻ പോകുമ്പോൾ യാത്രാസൗജന്യം അനുവദിക്കും.

Tags:    
News Summary - Concession in buses for special classes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.