representational image
കണ്ണൂർ: ഡിസംബർ പിറന്നതോടെ നാടാകെ ക്രിസ്മസിനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ്. പള്ളികൾ നവീകരിക്കാനും ശുചീകരിക്കാനും തുടങ്ങിയതിനൊപ്പം വിപണികളിലും വീടുകളിലും നക്ഷത്രങ്ങൾ വിരിഞ്ഞിട്ടുണ്ട്. പെരുന്നാളിനും ഓണത്തിനും പിറകെയെത്തുന്ന ക്രിസ്മസും ഹരിതമാക്കാനൊരുങ്ങുകയാണ് ജില്ല ഭരണകൂടം.
പുൽക്കൂടും സാന്താക്ലോസും കരോളുമെല്ലാം ഇത്തവണ ഹരിത ചട്ടങ്ങളുടെ സന്ദേശം പകരും. പ്ലാസ്റ്റിക് മുക്ത കണ്ണൂരിന്റെ ഭാഗമായാണ് ഇത്തവണ ക്രിസ്മസ് ആഘോഷങ്ങൾ ഹരിതചട്ടങ്ങൾ പാലിച്ച് നടത്താൻ കലക്ടർ എസ്. ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന സഭാ പ്രതിനിധികളുടെ യോഗം തീരുമാനിച്ചത്.
ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക്, ഡിസ്പോസിബിൾ വസ്തുക്കൾ ആഘോഷങ്ങളിലും ഘോഷയാത്രയിലും ഉപയോഗിക്കില്ല. പുൽക്കൂടുകൾ പ്രകൃതി സൗഹൃദവസ്തുക്കളാൽ നിർമിക്കും. വീടുകളും ആരാധനാലയങ്ങളും മുൻകൂട്ടി ശുചീകരിക്കും. പേപ്പർ ഗ്ലാസ് ഉപയോഗിക്കില്ല. ഇടവക പരിധിയിലെ വീടുകളിൽ മാലിന്യങ്ങൾ തീയിടുന്നത് ഒഴിവാക്കും. അജൈവ മാലിന്യം ഹരിത കർമസേനക്ക് കൈമാറും.
സേനക്കുള്ള യൂസർ ഫീ ഉറപ്പുവരുത്തും. ഹരിത രീതിയിൽ ക്രിസ്മസ് ആഘോഷിച്ച വീടുകൾക്ക് സമ്മാനങ്ങൾ ഏർപ്പെടുത്തും. ക്രിസ്മസിന് ഹരിത പെരുമാറ്റച്ചട്ടങ്ങൾ പാലിക്കേണ്ടത് സംബന്ധിച്ച് പള്ളികളിൽ സന്ദേശം വായിക്കണമെന്ന് കലക്ടർ അഭ്യർഥിച്ചു. കുർബാനക്ക് മുമ്പേ സന്ദേശം നൽകാമെന്ന് സഭ പ്രതിനിധികൾ ഉറപ്പുനൽകി. ഹരിതചട്ടങ്ങൾ സംബന്ധിച്ച സന്ദേശം തയാറാക്കി ബിഷപ്പിനു നൽകാൻ ഹരിത കേരള മിഷനെ ചുമതലപ്പെടുത്തി. ബിഷപ് പള്ളിവികാരികൾക്ക് സന്ദേശം കൈമാറും.
പ്ലാസ്റ്റിക്കിനെ തുരത്താൻ നിരവധി പ്രവർത്തനങ്ങളാണ് ജില്ലയിൽ നടക്കുന്നത്. പ്രാദേശിക തലത്തിൽ വിജിലൻസ് സംഘങ്ങൾ കടകളിലും സ്ഥാപനങ്ങളിലും തുടർച്ചയായി പരിശോധന നടത്തുന്നുണ്ട്. ജനപ്രതിനിധികളും ആരോഗ്യവിഭാഗം അധികൃതരും പൊലീസും പരിശോധനയുടെ ഭാഗമാണ്. ഹരിതചട്ടങ്ങൾ പാലിച്ചുകൊണ്ടാണ് ജില്ലയിലെ ഉത്സവങ്ങളും ആഘോഷങ്ങളും നടക്കുന്നത്. കഴിഞ്ഞയാഴ്ച സമാപിച്ച ജില്ല സ്കൂൾ കലോത്സവവും ഹരിത ഉത്സവത്തിന് മാതൃകയായിരുന്നു.
സഭ പ്രതിനിധികളുടെ യോഗത്തിൽ കണ്ണൂർ രൂപത വികാരി ജനറൽ ക്ലാരൻസ് പാലിയത്ത്, തലശ്ശേരി ആർച്ച് ബിഷപ് പ്രതിനിധി ഫാ. മാത്യു ആശാരിപറമ്പിൽ, സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് ട്രസ്റ്റി പി.ടി. ബാബു, ഹരിത കേരള മിഷൻ ജില്ല കോഓഡിനേറ്റർ ഇ.പി. സോമശേഖരൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.