പഴയങ്ങാടി: വീടുകൾ കുത്തിത്തുറന്നുള്ള കവർച്ച, ജൈവവൈവിധ്യ കേന്ദ്രങ്ങളിൽ തീയിടൽ എല്ലാം പട്ടാപ്പകലുകളിലാണ് പഴയങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി നടക്കുന്നത്. കുറ്റകൃത്യങ്ങൾ പകൽ വേളകളിൽ നടന്നിട്ടും തുമ്പൊന്നും ലഭിക്കാതെ ഇരുട്ടിൽ തപ്പുകയാണ് പൊലീസ്. സ്വകാര്യ സ്ഥാപനങ്ങളുടെയും വീട്ടുകാരുടെയും ഉടമസ്ഥതയിലുള്ള സി.സി.ടി.വി കാമറകൾക്ക് പുറമേ സകല കേന്ദ്രങ്ങളിലും വിവിധ ഏജൻസികളുടെ നിരീക്ഷണ കാമറകൾ സ്ഥാപിച്ചുകൊണ്ടുള്ള സംവിധാനം നിലവിലിരിക്കെയാണ് സാമൂഹികദ്രോഹികൾ മേഖലയിൽ തകർത്താടുന്നത്.
രാത്രികാല പട്രോളിങ്ങിനിറങ്ങിയ പൊലീസ് വാഹനത്തിൽ അനധികൃത ലോറിയിടിപ്പിച്ച് ആക്രമണം നടത്തി പൊലീസ് ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്നു പേർക്ക് പരിക്കേൽപിച്ചത് പഴയങ്ങാടി ബസ് സ്റ്റാൻഡിൽ കഴിഞ്ഞ പത്തിന് പുലർച്ചക്കാണ്. എട്ടുപേരെ പ്രതിചേർത്ത് രജിസ്റ്റർ ചെയ്ത കേസിൽ ലോറി ഒളിപ്പിക്കുന്നതിന് സഹായം നൽകിയ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്ത് കോടതി റിമാൻഡ് ചെയ്തെങ്കിലും പ്രധാന പ്രതികളെ ഇനിയും പിടികൂടാനായിട്ടില്ല. ചൊവ്വാഴ്ച മാടായി തെരുവിലെ കെ. നളിനിയുടെ പൂട്ടിയ വീടിന്റെ വാതിൽ തകർത്താണ് അഞ്ചു പവൻ സ്വർണാഭരണം മോഷണം നടത്തിയത്. താമസമുള്ള വീടുപൂട്ടി ജോലിക്കുപോയ വീട്ടുകാരി തിരികെയെത്തുന്നതിനിടയിലായിരുന്നു കവർച്ച.
നിരീക്ഷണ കാമറകളും ടെലിവിഷനും കത്തിച്ചതിനു ശേഷമായിരുന്നു മോഷണം. അരയേക്കറോളം സ്ഥലത്ത് തീപടരുകയും തെങ്ങും മാവും കരിഞ്ഞുപോവുകയും ചെയ്തു.
ഈ കവർച്ചക്ക് ആറു ദിവസം മുമ്പാണ് ഒരു കിലോമീറ്റർ ദൈർഘ്യത്തിൽ പഴയങ്ങാടി റെയിൽവേ സ്റ്റേഷനു സമീപത്തെ സതി രവീന്ദ്രന്റെ പൂട്ടിയ വീട് കുത്തിത്തുറന്ന് പതിനൊന്ന് പവൻ സ്വർണാഭരണങ്ങളുടെ കവർച്ച നടന്നത്. വീട്ടുകാർ വീടുപൂട്ടി പയ്യന്നൂരിലേക്ക് പോയി തിരിച്ചുവരുന്നതിനിടയിലാണ് കവർച്ച നടന്നത്. ഏഴോം കൂർമ്പ ഭഗവതീക്ഷേത്രത്തിലെ തിരുവാഭരണം കവർച്ച, മോഷ്ടാവിന്റെ സി.സി.ടി.വി ദൃശ്യം ലഭ്യമായ മാടായി വടുകുന്ദ ശിവക്ഷേത്രത്തിലെ ഭണ്ഡാരം തകർത്ത കവർച്ച, സ്വർണാഭരണവും പൈസയുമടക്കം വെങ്ങരയിലെ ശിൽപി പവിത്രന്റെ വീട്ടിൽ നടന്ന കവർച്ച ഇവയെക്കുറിച്ചൊന്നും ഒരു തുമ്പും പൊലീസിന് കണ്ടെത്താനായിട്ടില്ല. ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയിൽ മൂന്നു മാസത്തിനിടക്ക് 17 തവണയാണ് സാമൂഹികദ്രോഹികൾ പകൽ സമയങ്ങളിൽ തീയിട്ടത്. ഏക്കർ കണക്കിന് പുൽമേടുകളും ജൈവ വൈവിധ്യങ്ങളുമാണ് കരിഞമർന്നത്. കഴിഞ്ഞ മാസം ഏഴോം പഞ്ചായത്തിലെ പൊടിത്തടത്ത് തീപിടിച്ചിരുന്നു. പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ പരിസരത്ത് കഴിഞ്ഞ മാസം നാലു തവണയാണ് സാമൂഹികദ്രോഹികൾ കാടുകൾക്ക് തീയിട്ടത്. എല്ലാം പകൽ സമയങ്ങളിലായിരുന്നു. മാട്ടൂൽ പഞ്ചായത്ത് മാട്ടൂൽ നോർത്തിൽ സ്ഥാപിച്ച മാലിന്യനിക്ഷേപ സംഭരണി കഴിഞ്ഞ മാസത്തിലെ ഒരു ദിവസം പുലർച്ചെ സാമൂഹികദ്രോഹികൾ തീയിട്ട് നശിപ്പിച്ചതിനെതിരെ മാട്ടൂൽ പഞ്ചായത്തധികൃതർ പൊലിസിന് പരാതി നൽകിയിരുന്നു. ഈ കുറ്റകൃത്യങ്ങളിലും അന്വേഷണങ്ങളിൽ പൊലീസിന് മുന്നോട്ടുപോകാൻ സാധിച്ചിട്ടില്ല.
പൊലീസിനെ ആക്രമിച്ചും നിയമത്തെ വെല്ലുവിളിച്ചും മാട്ടൂൽ കടൽ തീരത്ത് മണലെടുപ്പ് തകൃതിയായി നടക്കുന്നുണ്ട്. കുറ്റകൃത്യങ്ങൾ തുടരുമ്പോഴും കുറ്റവാളികളെ കണ്ടെത്താനാവാത്തതിൽ ആശങ്കയിലാണ് പൊതുജനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.