ബോംബ്​ പൊട്ടിയ​ ആർ.എസ്​.എസുകാരന്‍റെ​ വീട്ടിൽ മുമ്പും സ്​ഫോടനം; പരിക്കേറ്റത്​ ധനരാജ്​ വധക്കേസ്​ പ്രതിക്ക്​

പെരിങ്ങോം (കണ്ണൂർ): പെരിങ്ങോം പൊലീസ്​ സ്​റ്റേഷൻ പരിധിയിലെ ആലക്കാട്ട്​ വീട്ടിലുണ്ടായ ബോംബ്​ സ്ഫോടനത്തിൽ പരിക്കേറ്റ ആർ.എസ്.എസ് പ്രാദേശിക നേതാവ്​ ആലക്കാട്ട്​ ബിജുവിനെ കോഴിക്കോട്​ ഉള്ള്യേരി മലബാർ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾക്കെതിരെ സ്​ഫോടക വസ്​തു കൈകാര്യം ചെയ്​തതിന്​ പൊലീസ്​ കേസെടുത്തു.

സി.പി.എം പ്രവർത്തകൻ ധനരാജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്​ ആലക്കാട്ട് ബിജു. ഇയാളുടെ വീട്ടിലാണ്​ ശനിയാഴ്ച രാത്രി സ്​ഫോടനം നടന്നത്​. സ്​ഫോടനത്തില്‍ വീടിന് കേടുപാടുകള്‍ സംഭവിച്ചു. ബിജുവിന്റെ കൈപ്പത്തി തകരുകയും ഇടത് കൈപ്പത്തിയിലെ രണ്ട് വിരലുകള്‍ അറ്റു പോവുകയും ചെയ്തു. പെരിങ്ങോം എസ് ഐ യും സംഘവും കോഴിക്കോട് ആശുപത്രിയില്‍ എത്തി.

വീട്ടിൽ സൂക്ഷിച്ച ബോംബ് പൊട്ടിത്തെറിച്ചതാണോ അതോ ബോംബ് നിര്‍മാണത്തിനിടെ പൊട്ടിത്തറിച്ചതാണോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. പെരിങ്ങോം സി.ഐ സുഭാഷ്​ സംഭവ സ്​ഥലം സന്ദർശിച്ചു.

ആര്‍.എസ്.എസ് ശക്തികേന്ദ്രത്തിലാണ് സ്ഫോടനം നടന്നത്. ഇന്ന് രാവിലെയാണ് സ്ഫോടന വിവരം പുറത്തറിഞ്ഞത്. ധനരാജിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയായ ബിജു ഇപ്പോള്‍ ജാമ്യത്തിലാണ്. പരിക്കേറ്റ ബിജുവിനെ പുറമെ നിന്നും എത്തിയ ബൊ​ലേറോ വാഹനത്തിൽ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നുവെന്ന്​ സി.പി.എം പെരിങ്ങോം ഏരിയ കമ്മിറ്റി ആരോപിച്ചു.

കൊലപാതക കേസിലടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളുടെ വീട്ടിൽ മുമ്പും സ്​ഫോടനം നടന്നതായി ഇവർ പറഞ്ഞു. അന്ന്​ നടന്ന സ്ഫോടനത്തിൽ മാതാവിന്​ പരിക്കേറ്റതായും എന്നാൽ കേസ് ഇല്ലാതാക്കാൻ ചില പൊലീസ് ഉദ്യോഗസ്ഥർ കൂട്ടുനിന്നതായും സി.പി.എം നേതൃത്വം ആരോപിച്ചു.

അർധരാത്രിയിലും ഈ വീട്ടിൽ വിവിധ പ്രദേശങ്ങളിൽ നിന്നും ക്രിമിനലുകൾ എത്തിച്ചേരുന്ന വിവരം അറിഞ്ഞിട്ടും പൊലീസ് വേണ്ട ജാഗ്രത കാണിച്ചില്ല. യാതൊരു സംഘർഷവും ഇല്ലാത്ത പ്രദേശത്ത് സംഘർഷം സൃഷ്ടിക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നത്. നേരത്തെ വർഗീയ സ്വാധീനത്തിൽപ്പെട്ട പലരും ആർഎസ്എസ് ബന്ധം ഉപേക്ഷിച്ചത് അവർക്ക് വലിയ തിരിച്ചടിയായി മാറി. സമാധാനപരമായി ജനങ്ങൾ ജീവിക്കുന്ന ഈ പ്രദേശത്തെ സംഘർഷ ഭൂമിയാക്കി മാറ്റാനുള്ള നീക്കത്തിനെതിരെ ജനങ്ങൾ മുന്നോട്ടു വരണം. ബോംബ് നിർമിച്ച് അക്രമം നടത്താൻ ആർഎസ്എസ് തയ്യാറാക്കിയ ഗൂഢ പദ്ധതി പുറത്തു കൊണ്ടുവരാൻ പൊലീസ് തയ്യാറാകണമെന്നും ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.