പാനൂർ: പാനൂരിൽ വ്യാപാര സ്ഥാപനങ്ങളിൽ ജില്ലാ എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും മിന്നൽ റെയ്ഡ്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് കപ്പുകളും, ഗ്ലാസുകളും ഉൾപ്പടെയുള്ളവ വിൽപ്പന നടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
വിൽപന നിരോധിച്ച 300 മില്ലി കുടിവെള്ള കുപ്പികൾ പിടിച്ചെടുത്തു. വരും ദിവസങ്ങളിലും പരിശോധന നടക്കും. പുത്തൂർ റോഡിലെ എം.ആർ.എ ബേക്കറിയിൽ നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക് ഗ്ലാസുകളും, കപ്പുകളും, കണ്ടെയ്നറുകളും കണ്ടെത്തി. അര ലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക്ക് കുപ്പികളിൽ കുടിവെള്ളം വിൽപനക്ക് വച്ചതും പിടികൂടി. 10,000 രൂപ എം.ആർ.എക്ക് പിഴ ചുമത്തി. പാനൂർ ചമ്പാട് റോഡിലെ ശ്രീനാരായണ എന്റർപ്രൈസസിൽ നിന്നും വിൽപനക്ക് വച്ച പ്ലാസ്റ്റിക്ക് കുടിവെള്ള കുപ്പികൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
രണ്ടായിരത്തോളം പ്ലാസ്റ്റിക് കുടിവെള്ള കുപ്പികളാണ് പിടിച്ചെടുത്തത്. വെള്ളം ഫലപ്രദമായി ഒഴിവാക്കിയ ശേഷം കുപ്പികൾ ഹരിതകർമസേനക്ക് കൈമാറും. ശ്രീനാരായണക്കും 10,000 പിഴചുമത്തി.
റംസാൻ കാലം മുൻനിർത്തി പള്ളികളിലേക്കായാണ് ഇത്തരം കുടിവെള്ള കുപ്പികൾ എത്തിച്ചതെന്ന് വ്യാപാരികൾ പറഞ്ഞെങ്കിലും മുഴുവൻ പള്ളികമ്മിറ്റി ഭാരവാഹികളെയും വിളിച്ചുചേർത്ത യോഗത്തിൽ ചെറിയ വെള്ളക്കുപ്പികളോ പ്ലാസ്റ്റിക് സാധനങ്ങളോ ഉപയോഗിക്കരുതെന്ന് കർശന നിർദ്ദേശം നൽകിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. ആഘോഷവേളകളിലും ഇത്തരം പ്ലാസ്റ്റിക് ബോട്ടിലുകൾ വിലക്കിയിട്ടുണ്ട്.
ഇത്തരം പ്ലാസ്റ്റിക്ക് ബോട്ടിലുകൾ ഹരിത കർമ്മ സേനക്ക് കൈമാറി ശിക്ഷാവിധി ഒഴിവാക്കണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കടയുടമകൾ കുറ്റം ആവർത്തിച്ചാൽ രണ്ടാം ഘട്ടം 25,000, മൂന്നാം ഘട്ടം 50,000 നാലാം ഘട്ടം ലൈസൻസ് റദ്ദാക്കൽ എന്നീ ശിക്ഷാ നടപടികളാണ് നേരിടേണ്ടി വരിക. റെയ്ഡിന് കണ്ണൂർ എൻഫോഴ്സ്മെന്റ് ടീം ലീഡർ റജി പി. മാത്യു, കെ.ആർ. അജയകുമാർ, ഷംസീർ, പാനൂർ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ പി. മൊയ്തു, ജെ.എച്ച്.ഐ പി.എം. രതീഷ്, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ ശ്രീധരൻ, ജഗദീഷ്, പ്രേംജിത്ത് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.