മഞ്ചേരി: കോക്കൂർ മഠത്തുംപുറത്ത് കോരനെയും മകന് ബാബു, അമ്മ മാളു, ബന്ധു രതീഷ് എന്നിവരെയും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ പ്രതിക്ക് 21 വര്‍ഷവും 10 മാസവും തടവും 35,000 രൂപ പിഴയും. ചങ്ങരംകുളം കോക്കൂര്‍ പറപ്പൂര് ഹരിനാരായണനെയാണ് (35) മഞ്ചേരി രണ്ടാം അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി ജഡ്ജി എ.വി. ടെല്ലസ് ശിക്ഷിച്ചത്.
2014 ആഗസ്റ്റ് എട്ടിന് രാത്രി 8.45നാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ അതിക്രമിച്ചു കയറിയ ഒമ്പതംഗ സംഘം കത്തി, മടവാള്, ഇരുമ്പുവടി എന്നിവകൊണ്ട് അടിച്ചും വെട്ടിയും കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ രതീഷിനും ബാബുവിനും ഗുരുതര പരിക്കേറ്റിരുന്നു. കേസിന്റെ വിചാരണ നടപടികള്‍ പൂര്‍ത്തിയായതിനുശേഷം വിധി പറയുന്നതിനുമുമ്പ് ഗള്‍ഫിലേക്കു മുങ്ങിയ പ്രതി മാര്‍ച്ച് 10ന് കോടതിയിൽ കീഴടങ്ങുകയായിരുന്നു.
വധശ്രമത്തിന് 10 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ ആറു മാസത്തെ അധിക തടവുമാണ് ശിക്ഷ. ആയുധംകൊണ്ട് ആക്രമിച്ച് പരിക്കേൽപിച്ചതിന് അഞ്ചു വര്‍ഷം കഠിന തടവും 10,000 രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ മൂന്നു മാസം തടവും. എട്ടു വകുപ്പുകളിലായി ആറു വര്‍ഷവും 10 മാസവും സാധാരണ തടവും അനുഭവിക്കണം. തടവുശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. ഒന്നാം പ്രതി ഉണ്ണികൃഷ്ണന്, രണ്ടാം പ്രതി ശ്രീജേഷ് എന്ന ഉണ്ണിമോന്, മൂന്നാം പ്രതി സിനീഷ്, അഞ്ചാം പ്രതി ശശിധരന്, എട്ടാം പ്രതി പ്രദീപ്, ഒമ്പതാം പ്രതി വിജീഷ് എന്നിവരെ 2023 മേയ് 29ന് കോടതി ശിക്ഷിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.