സൈമൺ
കണ്ണൂർ: കുർള-തിരുവനന്തപുരം എക്സ്പ്രസിൽ പരാക്രമം കാട്ടിയ യുവാവിനെ അറസ്റ്റ് ചെയ്തു. ട്രെയിനിലെ ശുചിമുറി അടിച്ചു തകർത്ത മംഗളൂരു കാർവാർ സ്വദേശി സൈമൺ ലീമയെ (37) ആണ് ആർ.പി.എഫ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെ 8.30ഓടെ കണ്ണൂരിൽ ആർ.പി.എഫ് എസ്.ഐ മനോജ് കുമാർ, കോൺസ്റ്റബിൾമാരായ പി. ശശിധരൻ, പി. ഗോപാലകൃഷ്ണൻ, ഹരീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ സാഹസികമായി കീഴടക്കിയത്.
കാർവാറിൽനിന്ന് ട്രെയിനിൽ കയറിയ യുവാവ് മംഗളൂരു മുതലാണ് പരാക്രമം തുടങ്ങിയത്. കാസർകോട്ടെത്തിയപ്പോൾ ഇയാളെ പുറത്തിറക്കാൻ ആർ.പി.എഫ് അധികൃതർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇയാൾ പാൻട്രികാറിലെ ശുചിമുറിയിൽ കയറിയപ്പോൾ പുറത്തുനിന്ന് പൂട്ടുകയായിരുന്നു. തുടർന്നാണ് ശുചിമുറിയിലെ കണ്ണാടിയും ജനൽചില്ലുകളും അടിച്ചുതകർത്തത്.
വടിയും മറ്റുമായി അക്രമാസക്തനായി നിന്നയാളെ കണ്ണൂരിലെത്തിയപ്പോൾ ശുചിമുറി തുറന്ന് വലിയ കമ്പിളി പുതപ്പിട്ട് മൂടിയാണ് പിടികൂടിയത്. തുടർന്ന് വൈദ്യപരിശോധനക്ക് കൊണ്ടുപോയി. ആഴ്ചകൾക്ക് മുമ്പ് കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള വന്ദേ ഭാരത് എക്സ്പ്രസിന്റെ ശുചിമുറിയിൽ വാതിലടച്ചിരുന്ന യാത്രക്കാരനെ പൂട്ടുപൊളിച്ച് പുറത്തിറക്കിയിരുന്നു.
ഉപ്പള സ്വദേശി ശരണിന് മദ്യം കിട്ടാത്തതിലുള്ള അസ്വസ്ഥതയായിരുന്നുവെന്ന് റെയിൽവേ പൊലീസ് അറിയിച്ചു. ട്രെയിനുകൾക്ക് നേരെ കല്ലേറും ആക്രമണങ്ങളും വർധിക്കുന്നതിൽ യാത്രക്കാരിൽ ആശങ്കയുയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.