ആറളം ഫാം ആദിവാസി പുനരധിവാസ മേഖല; പകരം വീടുകൾക്ക്​ 17.46 കോടി

കേളകം: ആറളം ആദിവാസി പുനരധിവാസ മേഖലയിൽ വീടുണ്ടായിട്ടും ദുരിതപർവം താണ്ടുന്ന 291 കുടുംബങ്ങൾക്ക് പകരം വീടിന് പട്ടികവർഗക്ഷേമ വകുപ്പിൽനിന്ന്‌ 17.46 കോടി രൂപ അനുവദിച്ചു. ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിൽ പട്ടികവർഗക്കാർക്ക് നിർമിതികേന്ദ്രം നിർമിച്ചുനൽകിയ വീടുകളിൽ വാസയോഗ്യമല്ലാത്ത 291 വീടുകൾക്കുപകരം പുതിയ വീടുകൾ നിർമിക്കുന്നതിനാണ് തുക അനുവദിച്ചത്. വീടൊന്നിന് ആറുലക്ഷം രൂപ നിരക്കിലാണ് ലഭിക്കുക. ആദിവാസി പുനരധിവാസ മേഖലയായ ആറളം ഫാമിൽ ഒരേക്കർ വീതം ഭൂമി പതിച്ചുനൽകിയ സമയത്ത് ആദ്യഘട്ടത്തിൽ നിർമിച്ച വീടുകളാണ് നിർമാണത്തിലെ അപാകതമൂലം വാസയോഗ്യമല്ലാതായത്.

ഒരേക്കർ സ്ഥലവും വീടുമായിരുന്നു സർക്കാർ പ്രഖ്യാപിച്ചത്. ഇതിൽ ആദ്യഘട്ടമായി 361 വീടുകളാണ് ഒരു ദശകംമുമ്പ് സർക്കാർ ഏജൻസിയായ നിർമിതിയെ ഏൽപിച്ചത്. ഒരുലക്ഷം രൂപക്ക് 325 ചതുരശ്ര അടി വിസ്​തൃതിയുള്ള വീടാണ് നിർമിച്ചത്.

ഒരുമുറി, ചെറിയ ഹാൾ, വരാന്ത എന്നിവയുള്ള വീടാണ് നിർമിച്ചത്. അടുക്കള ഇല്ലാഞ്ഞതിനാൽ പലരും കിടപ്പുമുറി അടുക്കളയാക്കി മാറ്റി. നാലും അഞ്ചും അംഗങ്ങളടങ്ങിയ കുടുംബങ്ങൾ വളരെ പ്രയാസപ്പെട്ടാണ് ഇതിൽ കഴിഞ്ഞത്. ഇതോടൊപ്പം വീടുകൾ ഭൂരിഭാഗവും ഒരുവർഷത്തിനുള്ളിൽതന്നെ ചോർന്നൊലിക്കാൻ തുടങ്ങി.

പലരും വീട്ടിന് സമീപം പോളിത്തീൻ ഷീറ്റ് കെട്ടിയാണ് കഴിഞ്ഞിരുന്നത്. നിർമാണത്തിൽ വൻ അഴിമതി നടന്നതായി പരാതിയുണ്ടായി. ആദിവാസി പുനരധിവാസമിഷൻ നടത്തിയ പരിശോധനയിൽ തീർത്തും വാസയോഗ്യമല്ലാത്ത 291 വീടുകൾക്ക് പകരം പുതിയ വീടുകൾ നിർമിക്കാൻ തീരുമാനിക്കുകയായിരുന്നു.

2008-09, 2009-10 കാലഘട്ടത്തിലാണ് 361 വീടുകൾ നിർമിച്ചത്. വീട് നഷ്​ടപ്പെട്ട കുടുംബങ്ങൾക്ക്​ പകരം വീടുവെക്കാൻ ട്രൈബൽ റീസെറ്റിൽമെൻറ് ഡെവലപ്‌മെൻറ് മിഷനെ ചുമതലപ്പെടുത്താൻ തീരുമാനിച്ചതായി ആദിവാസി പുനരധിവാസ മിഷൻ അധികൃതരും അറിയിച്ചിരുന്നു. പണമനുവദിച്ചതോടെ ഗുണഭോക്താക്കൾതന്നെ വീട് നിർമാണം ഏറ്റെടുത്തേക്കുമെന്നാണ് സൂചന. വീടുകൾ ചോർന്നൊലിക്കുന്നതിനാൽ നിരവധി കുടുംബങ്ങൾ ഇപ്പോൾ പഴയ കോളനികളിലാണ് വസിക്കുന്നത്. പുതിയ ഭവനങ്ങൾ പൂർത്തിയാവുന്നതോടെ ഇവർ ഫാമിലേക്ക് മടങ്ങിയെത്തും.

Tags:    
News Summary - Aralam Farm Tribal Rehabilitation Area

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.