Representational Image
പാനൂർ: മലബാർ കാൻസർ സെന്റർ ദത്തെടുത്ത പന്ന്യന്നൂർ പഞ്ചായത്തിൽ സമഗ്ര കാൻസർ സർവേ പൂർത്തീകരിച്ചു. കാൻസർ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് വീടുകളിൽ സർവേ നടത്തിയത്. 6200 വീടുകളിൽ 250 സ്ക്വാഡുകളായാണ് സർവേ പൂർത്തിയാക്കിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ആതുരാലയം പഞ്ചായത്തിനെ പൂർണമായും ദത്തെടുക്കുന്നത്.
1000 ബോധവത്കരണ ക്ലാസുകൾ വിവിധ വാർഡ് കേന്ദ്രങ്ങളിൽ നടത്തും. വിദ്യാലയങ്ങൾ, ക്ലബുകൾ, കലാസമിതികൾ, അംഗൻവാടികൾ, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ വിവിധ പരിപാടികൾ ആവിഷ്കരിക്കും. ഒരു വർഷക്കാലം നീളുന്ന ആരോഗ്യ സാക്ഷരത പരിപാടിയിൽ ആവശ്യമായ ഡോക്ടർമാരുടെ സേവനവും പരിശീലനവും കാൻസർ സെന്റർ നൽകും.
ജീവിതശൈലീ രോഗങ്ങൾ കണ്ടെത്താനുള്ള പരിശോധന, കാൻസർ രോഗനിർണയ ക്യാമ്പുകൾ എന്നിവ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആരോഗ്യ സർവേ നടത്തുന്നതെന്ന് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അശോകൻ പറഞ്ഞു. സന്നദ്ധ-ആശാ-കുടുംബശ്രീ പ്രവർത്തകർ, മലബാർ മെഡിക്കൽ സെന്ററിലെ 100 വിദ്യാർഥികൾ എന്നിവർ വീടുകൾതോറുമുള്ള സ്ക്വാഡ് പ്രവർത്തനത്തിൽ നേരിട്ട് പങ്കാളികളായി. വൈസ് പ്രസിഡന്റ് കെ.പി. രമ ടീച്ചർ, കാൻസർ സെന്റർ ഡോക്ടർ ഫിൻസ് എം. ഫിലിപ്പ്, കോഓഡിനേറ്റർ കെ. രതീഷ്, നഴ്സിങ് അധ്യാപികമാരായ ടിറ്റു സെബാസ്റ്റ്യൻ, ആതിര, വാർഡ് അംഗങ്ങൾ, വാർഡ് കൺവീനർമാർ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.