തൊഴിലുറപ്പ് ജോലിക്കിറങ്ങിയ നിയമ വിദ്യാർഥിനിക്ക് യൂത്ത് കോൺഗ്രസ് വക ലാപ്ടോപ്; തൊഴിലുറപ്പ് വേതനമുപയോഗിച്ച് അഞ്ചാം ക്ലാസുകാരിക്ക് ഓൺലൈൻ പo നത്തിന് ടി.വി

മാഹി: കണ്ണൂർ യൂനിവേഴ്സിറ്റിയുടെ പാലയാട് കാമ്പസിലെ ഏഴാം സെമസ്റ്റർ നിയമ വിദ്യാർത്ഥിനിയായ അഴിയൂരിലെ ശ്രീ നിത്യക്ക് ഏറെ മോഹിച്ച ലാപ്ടോടോപ് യൂത്ത് കോൺഗ്രസ് സമ്മാനിച്ചു. കോവിഡ് പ്രതിസന്ധിയിൽ സാമ്പത്തിക പ്രയാസങ്ങൾ നേരിടുന്ന കുടുംബത്തെ ബുദ്ധിമുട്ടിക്കാതെ തൻ്റെ പഠനാവശ്യത്തിന് സ്വന്തമായി ലാപ്ടോപ്പ് വാങ്ങാനുള്ള പണത്തിനായി ശ്രീ നിത്യ അഴിയൂർ പഞ്ചായത്തിൻ്റെ തൊഴിലുറപ്പ് പദ്ധതിയിൽ ജോലിക്കിറങ്ങിയ വാർത്ത മാധ്യമം പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത കണ്ട് പലരും അഭിനന്ദിച്ചും സഹായങ്ങൾ വാഗ്ദാനം നൽകിയും വിളിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് റിജിൽ മാക്കുറ്റി വിളിച്ച് യൂത്ത് കോൺഗ്രസ്‌ ലാപ്ടോപ് ഏർപ്പാടാക്കി തരാമെന്നും അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കോട്ടയിൽ രാധാകൃഷ്ണൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സുബിൻ മടപ്പള്ളി, ബഷീർ പട്ടാരാ തുടങ്ങിയവരുടെ ഇടപെടലിലൂടെ കെ. മുരളീധരൻ എം.പിയാണ് ശ്രീനിത്യക്ക് ലാപ്ടോപ് സമ്മാനിച്ചത്. വീടിന് സമീപത്ത് ടെലിവിഷൻ സൗകര്യങ്ങളില്ലാതെ ഓൺലൈൻ പഠനത്തിനായി പ്രയാസപ്പെട്ടിരുന്ന അഞ്ചാം ക്ലാസ് വിദ്യാർഥിനിക്ക് ടി.വി വാങ്ങി നൽകാൻ ശ്രീനിത്യ മുൻകൈയ്യെടുത്തു. നേരത്തെ സുമനസ്സുകളിൽ നിന്ന് തനിക്ക് ലഭിച്ചിരുന്ന ചെറിയ രീതിയിലുള്ള സഹായങ്ങളും ശ്രീനിത്യ ഇതിനായി ഉപയോഗപ്പെടുത്തി. ഇങ്ങനെ കിട്ടിയതും തൊഴിലുറപ്പ് പദ്ധതിയിലൂടെ സ്വരൂപിച്ചതുമായ തുക കൊണ്ടാണ് ശ്രീ നിത്യ ഒരു ടി.വി വാങ്ങി വിദ്യാർഥിനിക്ക് നൽകിയത്. ഓൺലൈൻ പഠനാവശ്യത്തിന് വാങ്ങിയ ടി.വി കെ.മുരളീധരൻ എം.പി വിദ്യാർഥിനിക്ക് കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.