ലോക് അദാലത്ത്: 4391 കേസുകൾ തീർപ്പാക്കി

തലശ്ശേരി: ജില്ല ലീഗൽ സർവിസസ് അതോറിറ്റിയുടെയും തലശ്ശേരി, കണ്ണൂർ, തളിപ്പറമ്പ് താലൂക്ക് ലീഗൽ സർവിസസ് കമ്മിറ്റികളുടെയും നേതൃത്വത്തിൽ ജില്ലയിലെ വിവിധ കോടതികളിൽ ഞായറാഴ്ച നടന്ന ലോക് അദാലത്തിൽ 4391 കേസുകൾ തീർപ്പാക്കി. വിവിധ കോടതികളിൽ നിലവിലുള്ളതും അല്ലാത്തതുമായ 4592 കേസുകളാണ് പരിഗണിച്ചത്. മോട്ടോർ വാഹന നഷ്ടപരിഹാര കേസുകൾ, വൈദ്യുതി, ബി.എസ്.എൻ.എൽ, റവന്യൂ, ആർ.ടി.ഒ എന്നിവയുമായി ബന്ധപ്പെട്ട കേസുകൾ, കുടുംബ കോടതി, സിവിൽ കേസുകൾ, സ്ഥലം ഏറ്റെടുക്കൽ സംബന്ധിച്ച കേസുകൾ എന്നിവയാണ് പരിഗണിച്ചത്. 13 കോടി രൂപ നഷ്ടപരിഹാരമായി ബന്ധപ്പെട്ട കക്ഷികൾക്ക് കൊടുക്കാൻ ധാരണയായി. സ്പെഷൽ സിറ്റിങ്ങിലൂടെ മജിസ്ട്രേട്ട് കോടതികളിൽ നിലവിലുള്ള 3288 പെറ്റി കേസുകളിൽ 3260 എണ്ണം തീർപ്പാക്കി. ഇതിൽ 78.73 ലക്ഷം രൂപ ഈടാക്കി. ജില്ല ലീഗൽ സർവിസസ് അതോറിറ്റി ചെയർമാനും പ്രിൻസിപ്പൽ ജില്ല ജഡ്ജിയുമായ ജോബിൻ സെബാസ്റ്റ്യൻ, കണ്ണൂർ താലൂക്ക് ലീഗൽ സർവിസസ് കമ്മിറ്റി ചെയർമാനും ലേബർ കോർട്ട് ജഡ്ജിയുമായ ആർ.എൽ. ബൈജു, ജില്ല ജഡ്ജിമാരായ എ.വി. മൃദുല, എം. തുഷാർ, സി.ജി. ഘോഷ, രുഗ്മ എസ്. രാജ്, ജില്ല ലീഗൽ സർവിസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ വിൻസി ആൻ പീറ്റർ ജോസഫ്, തളിപ്പറമ്പ് താലൂക്ക് ലീഗൽ സർവിസസ്‌ കമ്മിറ്റി ചെയർമാനും സബ് ജഡ്ജിയുമായ മുജീബ് റഹ്മാൻ, അഡീഷനൽ സബ് ജഡ്ജി കെ.ബി. വീണ, മുൻസിഫ് കുമാരി പി. അഞ്ജലി, തലശ്ശേരി ടി.എൽ.എസ്.സി സെക്രട്ടറി ലെസ്സി കെ. പയസ്, കണ്ണൂർ ടി.എൽ.എസ്.സി സെക്രട്ടറി തുഷാര മോഹൻ, സജിമോൻ തോട്ടത്തിൽ എന്നിവർ വിവിധ കോടതികളിൽ അദാലത്തിന് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.