ജില്ല വികസനത്തിന് ദിശാബോധമേകി വിഷന്‍ 2025 സെമിനാര്‍

ജില്ല വികസനത്തിന് ദിശാബോധമേകി വിഷന്‍ 2025 സെമിനാര്‍ അഞ്ചുവര്‍ഷത്തില്‍ നടപ്പാക്കാനായി വിവിധ വകുപ്പുകളില്‍നിന്ന്​ വ്യത്യസ്ത ആശയങ്ങളും പദ്ധതികളും ഉയര്‍ന്നുകണ്ണൂർ: ജില്ല വികസനത്തിന് ദിശാബോധമേകി ജില്ല പഞ്ചായത്ത്​ സംഘടിപ്പിച്ച വിഷന്‍ 2025 സെമിനാര്‍. വരാനിരിക്കുന്ന അഞ്ച് വര്‍ഷത്തില്‍ നടപ്പാക്കാനായി വിവിധ വകുപ്പുകളില്‍ നിന്നും വ്യത്യസ്ത ആശയങ്ങളും പദ്ധതികളും ഉയര്‍ന്ന സെമിനാർ വികസന കാഴ്​ചപ്പാടുകൊണ്ട് വേറിട്ടതായി. ജില്ല പഞ്ചായത്ത് തുടക്കമിട്ട മത്സ്യകൃഷി പദ്ധതി കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും വീടുകളില്‍ മത്സ്യകൃഷി ആരംഭിക്കാനുള്ള പ്രോത്സാഹനവും സാമ്പത്തിക സഹായങ്ങളും ലഭ്യമാക്കണമെന്നും സെമിനാറിൽ ആവശ്യമുയർന്നു. വിദേശ രാജ്യങ്ങളില്‍ കയറ്റിയയക്കാന്‍ കഴിയുന്ന പുഷ്പങ്ങള്‍ കണ്ടെത്തി അവ ഉല്‍പാദിപ്പിക്കാനും വിപണി കണ്ടെത്താനുമുള്ള ശ്രമങ്ങള്‍ ജില്ല പഞ്ചായത്തി‍ൻെറ ഭാഗത്തുനിന്ന്​ ഉണ്ടാവണം. കോവിഡ് പശ്ചാത്തലത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഇനിയും മാറ്റങ്ങള്‍ കൊണ്ടുവരണമെന്നും തൊഴില്‍ മേഖലകളിലെ മറ്റ് പ്രതിസന്ധികള്‍ പരിഹരിക്കുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും ചര്‍ച്ചയില്‍ നിർദേശമുയര്‍ന്നു. കാര്‍ഷിക മേഖലക്ക് കൂടുതല്‍ ഊന്നല്‍ നല്‍കി മികച്ച ഉല്‍പാദന ക്ഷമത കൈവരിക്കാൻ ശ്രമം നടത്തണം. മൃഗസംരക്ഷണ മേഖലയില്‍ കൂടുതല്‍ ശ്രദ്ധചെലുത്തി ക്ഷീരോല്‍പാദനം കാര്യക്ഷമമാക്കാനും മുട്ട, ഇറച്ചി വ്യവസായങ്ങളെ പരിപോഷിപ്പിക്കാനും കഴിയണം. പട്ടിക ജാതി- പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് ചെറുകിട സൂക്ഷ്​മ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും പട്ടിക വര്‍ഗ വിഭാഗങ്ങളുടെ കോളനികള്‍ കേന്ദ്രീകരിച്ച് ആരോഗ്യ വിദ്യാഭ്യാസ മേഖലകള്‍ മെച്ചപ്പെടുത്താനുമുള്ള പദ്ധതി പ്രവര്‍ത്തനങ്ങളും നടപ്പിലാക്കണം. അജൈവ മാലിന്യ സംസ്‌കരണത്തിനായി ജില്ല പഞ്ചായത്തി​ൻെറ കീഴില്‍ സംവിധാനം അനിവാര്യമാണെന്ന നിർദേശവും ഉണ്ടായി.അഭ്യസ്തവിദ്യരായ വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ പദ്ധതികളും പാര്‍ട്ട് ടൈം ജോലികളും സൃഷ്​ടിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണം. തൊഴിലുറപ്പി​ൻെറ കീഴില്‍ കാര്‍ഷിക ഫാര്‍മസി, വില്ലേജ് ഹാര്‍ട്ട്​ എന്നീ ആശയങ്ങള്‍ പ്രവര്‍ത്തികമാക്കുന്നതിനുള്ള ആവശ്യങ്ങളും ഉയര്‍ന്നു. സ്‌കൂളുകളില്‍ ബെഞ്ചുകള്‍ക്കുപകരം ഒരു കുട്ടിക്ക് പ്രത്യേക സീറ്റ് നല്‍കണം. ബഡ്സ് സ്‌കൂളുകളുടെ വികസനത്തിനായി കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണം. സ്‌കൂളില്‍ ആരോഗ്യവിഭാഗം ആരംഭിച്ച് കുട്ടികള്‍ക്ക് ആവശ്യമുള്ളപ്പോള്‍ ചികിത്സ അവിടെ നിന്നുതന്നെ ലഭ്യമാക്കാനുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തണം. ഓരുജല മത്സ്യകൃഷി, ശുദ്ധജല മത്സ്യകൃഷികള്‍ വ്യാപിപ്പിക്കണം. കാട്ടാമ്പള്ളി പോലുള്ള ജില്ലയിലെ പുഴകളും പ്രകൃതി സമ്പത്തും സംരക്ഷിക്കണം.ഇ–ഗവേണന്‍സ് സാധ്യതകള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ നടപടി സ്വീകരിക്കണം. ഡിജിറ്റല്‍ ലിറ്ററസി കാമ്പയിന്‍ എന്ന പേരില്‍ ബഹുജന കാമ്പയിന്‍ സംഘടിപ്പിച്ച് ജനങ്ങളില്‍ ഡിജിറ്റല്‍ സാക്ഷരത ഉറപ്പുവരുത്തണം. ജില്ലയിലെ മുഴുവന്‍ പേരെയും പത്താംതരം തുല്യത പരീക്ഷ പാസാക്കുന്നതിനുള്ള പദ്ധതികളും രൂപവത്​കരിക്കണം. വയോജന സൗഹൃദ ജില്ലയാക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാനും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു.സെമിനാർ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്​ഘാടനം ചെയ്​തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ കെ.വി. സുമേഷ്​ അധ്യക്ഷത വഹിച്ചു. സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി.കെ. രാമചന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത്​ വൈസ് പ്രസിഡൻറ്​ പി.പി. ദിവ്യ, സ്ഥിരം സമിതി അധ്യക്ഷന്മാരായ വി.കെ. സുരേഷ് ബാബു, ടി.ടി. റംല, കെ.പി. ജയബാലന്‍ മാസ്​റ്റര്‍, ജില്ല ആസൂത്രണ സമിതി അംഗം കെ.വി. ഗോവിന്ദന്‍, അംഗങ്ങളായ അജിത് മാട്ടൂല്‍, തോമസ് വര്‍ഗീസ്, അന്‍സാരി തില്ലങ്കേരി, സെക്രട്ടറി വി. ചന്ദ്രന്‍, സി.എന്‍. ചന്ദ്രന്‍, അഡ്വ. എ.ജെ. ജോസഫ്, പി. സന്തോഷ് കുമാര്‍, ദിനേശന്‍ ചെറുവാട്ട്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സി. മനോജ്കുമാര്‍, പി. വിജയന്‍, ജില്ല പ്ലാനിങ് ഓഫിസര്‍ കെ. പ്രകാശന്‍, ഷാജു ജോണ്‍, ഇ.കെ. സോമശേഖരന്‍, കെ. സാജന്‍, എല്‍.എസ്.ജി.ഡി എക്‌സിക്യൂട്ടിവ് എൻജിനീയര്‍ ബിജോയ്, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട്​ ഡയറക്ടര്‍ വി.കെ. ദിലീപ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.പടം..... സന്ദീപ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.