കൊട്ടിയൂർ -വയനാട് ചുരം റോഡിന്​ 1.75 കോടി

കേളകം: കൊട്ടിയൂർ-വയനാട്​ ചുരം റോഡ്​ അറ്റകുറ്റപ്പണി ചെയ്യുന്നതിനായി 1.75 കോടി രൂപ പൊതുമരാമത്ത് വകുപ്പ് അനുവദിച്ചു. രണ്ടര കിലോമീറ്റർ ദൂരം കൊട്ടിയൂർ ബോയ്സ് ടൗൺ റോഡ് മെക്കാഡം ടാറിങ്​(ബിറ്റുമിൻ കാർപെറ്റ്) ചെയ്യുന്നതിനായി 1.75 കോടി രൂപ പൊതുമരാമത്ത് വകുപ്പിൽ നിന്ന് അനുവദിച്ചതായി അഡ്വ.സണ്ണി ജോസഫ് എം.എൽ.എ അറിയിച്ചു. പാൽചുരത്ത് രണ്ടര കിലോമീറ്റർ ഭാഗമാണ് മെക്കാടം ടാറിങ്​ ചെയ്യുന്നത്. ഉരുൾപൊട്ടലുകളും പ്രളയവും തകർത്ത കൊട്ടിയൂർ -വയനാട് ചുരം പാതയിൽ നിലവിലെ യാത്ര ഭീതിയുടെ മുൾമുനയിലാണ്. മുളവടികൾ ബാരിക്കേഡുകളും സംരക്ഷണ മറയൊരുക്കിയ പാതയിൽ യാത്രക്കാർക്ക് നെഞ്ചിടിപ്പേറുകയാണിപ്പോൾ. കൊട്ടിയൂർ-വയനാട് ചുരം റോഡ് പുനർനിർമാണത്തിനായി 10 കോടി രൂപയുടെ പദ്ധതി നിർദേശം പൊതുമരാമത്ത് വകുപ്പ് മുമ്പ് സർക്കാരിന് സമർപ്പിച്ചെങ്കിലും തുടർ നടപടികൾ ചുവപ്പുനാടയിൽ പെട്ടു. അമ്പായത്തോട് മുതൽ ബോയ്‌സ് ടൗണ്‍ വരെയുള്ള പാതയുടെ പാർശ്വഭിത്തി, ഓവുചാല്‍ എന്നിവ നിര്‍മിക്കുന്നതിനും റീടാറിങ്ങിനുമുള്ള പ്രൊപ്പോസലാണ് പി.ഡബ്ല്യു.ഡി ചുരം ഡിവിഷന്‍ സര്‍ക്കാരിന് നല്കിയത്. ഇതിൽ ഭാഗികമായ ഓട്ടയടക്കൽ മാത്രമാണ് കഴിഞ്ഞ വർഷം നടത്തിയത്. അഡ്വ.സണ്ണി ജോസഫ് എം.എൽ.എയുടെ നേേതൃത്വത്തിൽ നടത്തിയ പരിശ്രമത്തെ തുടർന്നാണ് പാതയുടെ വികസനത്തിന് 175 ലക്ഷം രൂപ സർക്കാർ അനുവദിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.