ഗൃഹപരിചരണത്തിൽ 1039 കോവിഡ്​ രോഗികൾ

കണ്ണൂർ: വീട്ടിൽ കഴിയുന്ന കോവിഡ്​ രോഗികളുടെ എണ്ണം ജില്ലയിൽ ആയിരം കടന്നു. ലക്ഷണമില്ലാത്ത രോഗികളെ വീട്ടിലിരുത്തി നിരീക്ഷിക്കുന്ന ഹോംകെയറിൽ (ഗൃഹ പരിചരണം) നിലവിൽ 1039 പേരാണുള്ളത്​. റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ ഭൂരിഭാഗവും ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാത്തവരാണ്. ലക്ഷണമില്ലാത്ത രോഗികളില്‍നിന്ന്​ മറ്റുള്ളവരിലേക്ക് രോഗം പകരാനുള്ള സാധ്യത കുറവായാണ് കാണപ്പെടുന്നത്. അതുകൊണ്ട് രോഗലക്ഷണമില്ലാത്തവര്‍ കോവിഡ് പോസിറ്റിവ് ആയാലും കര്‍ശനമായ ഐസൊലേഷനില്‍ വീട്ടില്‍തന്നെ കഴിയുന്നത് കുടുംബാംഗങ്ങള്‍ക്കോ അയല്‍വാസികള്‍ക്കോ രോഗം പകരാന്‍ ഇടയാക്കില്ല. വീട്ടില്‍ നിരീക്ഷണത്തിലുള്ള രോഗിയെ 10 ദിവസങ്ങള്‍ക്ക് ശേഷം കോവിഡ് ടെസ്​റ്റിന് വിധേയമാക്കും. ഫലം നെഗറ്റിവാണെങ്കില്‍ ഒരാഴ്ച വിശ്രമത്തില്‍ തുടരണം. ഫലം പോസിറ്റിവാണെങ്കില്‍ 48 മണിക്കൂറിനു ശേഷം വീണ്ടും ടെസ്​റ്റ്​ ചെയ്യും. വീട്ടില്‍ ചികിത്സയില്‍ കഴിയുന്നവര്‍ സര്‍ക്കാര്‍ മാര്‍ഗനിർദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണെന്ന് ഡി.എം.ഒ അറിയിച്ചു. ആരോടും സമ്പര്‍ക്കമില്ലാത്ത ഐസൊലേഷന്‍ രീതി ആണ് വീട്ടിലും സ്വീകരിക്കേണ്ടത്. കൂടാതെ സമീകൃതാഹാരം കഴിക്കുക, ധാരാളം ശുദ്ധ ജലം കുടിച്ച് ശരീരത്തിലെ ജലാംശം നിലനിര്‍ത്തുക, ആവശ്യത്തിന് ഉറങ്ങുകയും വിശ്രമിക്കുകയും ചെയ്യുക തുടങ്ങിയ രോഗപ്രതിരോധ ശേഷി ഉയര്‍ത്തുന്നതിനുള്ള ജീവിത രീതികള്‍ പാലിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.