വടവന്തൂർപാലം ഇഴയുന്നതിൽ പ്രതിഷേധം

പയ്യന്നൂർ: പയ്യന്നൂർ പെരിങ്ങോം പാതയിലെ വടവന്തൂർപാലം നിർമാണം ഇഴയുന്നതിനെതിരെ പയ്യന്നൂർ താലൂക്ക് വികസന സമിതി യോഗത്തിൽ പ്രതിഷേധം. പ്രവൃത്തി ത്വരിതപ്പെടുത്തുന്നതിൽ ബന്ധപ്പെട്ടവരിൽനിന്നും കടുത്ത അനാസ്ഥയുണ്ടെന്ന് യോഗത്തിൽ സംസാരിച്ചവർ കുറ്റപ്പെടുത്തി. നിർമാണ സ്ഥലത്ത് തൊഴിലാളികൾ കുറവാണെന്നും പ്രവൃത്തി മന്ദഗതിയിലാണെന്നും ഔദ്യോഗികമായി നടത്തേണ്ട നടപടികൾ ഉടൻ സ്വീകരിക്കണമെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച ടി.ഐ. മധുസൂദനൻ എം.എൽ.എ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി. ജീവനക്കാരുടെ കുറവുമൂലം, കോവിഡിന് മുമ്പുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി ബസ് സർവിസുകൾ പൂർണമായും പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ബന്ധപ്പെട്ടവർ യോഗത്തെ അറിയിച്ചു. എന്നാൽ, രാവിലെ 4.45ന് ജോസ്ഗിരിയിൽനിന്ന് പയ്യന്നൂരിലേക്കുള്ള ബസ് സർവിസ് ആരംഭിച്ചിട്ടുണ്ടെന്നും കാനം വയൽ - പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ ബസ് സർവിസ് തുടങ്ങാൻ സാധിച്ചിട്ടില്ലെന്നും കെ.എസ്.ആർ.ടി.സി പ്രതിനിധി അറിയിച്ചു. യോഗത്തിൽ പയ്യന്നൂർ തഹസിൽദാർ എം.കെ. മനോജ് കുമാർ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.വി. വൽസല, പയ്യന്നൂർ നഗരസഭ ചെയർപേഴ്സൻ കെ.വി. ലളിത, വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ പ്രസിഡൻറുമാർ, എം.പിയുടെയും കല്യാശ്ശേരി എം.എൽ.എയുടെയും പ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.