കുഞ്ഞിമംഗലം സമ്പൂർണ ക്ഷയരോഗ സാക്ഷരത പഞ്ചായത്ത്

പയ്യന്നൂർ: കുഞ്ഞിമംഗലം സമ്പൂർണ ക്ഷയരോഗ ബോധവത്കരണത്തിലേക്ക്. ക്ഷയരോഗമുക്ത കേരളം പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് പരിധിയിൽ ഊർജിത ക്ഷയരോഗ ബോധവത്കരണ പരിശോധന പരിപാടികൾ നടപ്പിലാക്കിയാണ് ലക്ഷ്യം കൈവരിച്ചത്. പഞ്ചായത്ത് പരിധിയിലെ 5120 വീടുകളിൽ 6000 ബോധവത്കരണ നോട്ടീസുകളും 13,500 ചോദ്യാവലിയും ജനപ്രതിനിധികളുടെയും ആരോഗ്യ പ്രവർത്തകരുടെയും സന്നദ്ധ പ്രവർത്തകരുടെയും ആശ പ്രവർത്തകരുടെയും നേതൃത്വത്തിൽ 92 ഹെൽത്ത് സ്ക്വാഡ് രൂപവത്കരിച്ച് വിതരണം ചെയ്തു. പൂരിപ്പിച്ച ചോദ്യാവലി ആശാവർക്കർമാരുടെ നേതൃത്വത്തിൽ ശേഖരിച്ച് നറുക്കെടുത്തു. 14 വാർഡുകളിൽനിന്ന് 28 പേർ സമ്മാനാർഹരായി. രോഗലക്ഷണമുള്ള 56 പേരുടെ കഫം ശേഖരിച്ച് പരിശോധനക്കായി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്ക് അയച്ചു. ഇതിൽ ഒരാൾക്ക് ക്ഷയരോഗം കണ്ടെത്തി. കുടുംബാരോഗ്യ കേന്ദ്രത്തിൽ നടത്തിയ സെമിനാറിൽ നറുക്കെടുപ്പ് പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. പ്രാർഥന ഉദ്ഘാടനം ചെയ്തു. എം. ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പരിധിയിൽ നടപ്പിലാക്കിയ സമ്പൂർണ ക്ഷയരോഗ ബോധവത്കരണ പരിപാടി മാതൃകാപരമാണെന്നും ആശാവർക്കർമാരുടെ സേവനം പ്രശംസനീയമാണെന്നും ജില്ലയിൽ എല്ലാ പഞ്ചായത്തിലും ഇത്തരം പരിപാടികൾ സംഘടിപ്പിക്കുമെന്നും സെമിനാറിൽ പങ്കെടുത്ത ജില്ല ടി.ബി. ഓഫിസർ ഡോ. ജി. അശ്വിൻ പറഞ്ഞു. അന്താരാഷ്ട്ര ക്ഷയരോഗ മരുന്നുഗവേഷണ സംഘാംഗം പ്രഫ. കെ.എം. സുരേശൻ, ഡോ. കെ. കവിത, ആയുർവേദ മെഡിക്കൽ ഓഫിസർ ഡോ. വി. ദീപ്തി, ഹോമിയോ മെഡിക്കൽ ഓഫിസർ ഡോ. കെ. വിജിത, ഹെൽത്ത് സൂപ്പർവൈസർ പി. വിജയൻ, എൻ.എച്ച്.എം കോഓഡിനേറ്റർ വി.വി. മനീഷ്, കുടുംബശ്രീ ചെയർപേഴ്സൻ കെ. ഷീബ, സ്ഥിരംസമിതി അധ്യക്ഷരായ പി. കരുണാകരൻ, കെ. ശോഭ, ഇന്ദുകുമാരി എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ കെ.വി. ഗിരീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. എ.വി. സന്തോഷ് കുമാർ സ്വാഗതവും എം. ബിന്ദു നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.