തലശ്ശേരി: ചരിത്രനഗരമായ തലശ്ശേരി റെയിൽവേ സ്റ്റേഷന് നല്ല വൃത്തിയും വെടിപ്പുമുണ്ടെന്ന് ഇവിടെ എത്തുന്ന ആരും സമ്മതിക്കും. ചൊവ്വാഴ്ച വന്നുപോയ റെയിൽവേ ബോർഡിലെ പാസഞ്ചേഴ്‌സ് സര്‍വിസസ് കമ്മിറ്റി അംഗങ്ങള്‍ക്കും ഇക്കാര്യത്തിൽ ഭിന്നാഭിപ്രായമുണ്ടായില്ല. സ്റ്റേഷനിൽ കാണപ്പെട്ട ശുചിത്വത്തെയും ജീവനക്കാർ മുൻകൈയ്യെടുത്ത് ചെടികൾ വെച്ച് സൗന്ദര്യവത്കരിച്ചതിനെയും കമ്മിറ്റി അംഗങ്ങൾ മുക്തകണ്ഠം അഭിനന്ദിക്കുകയുണ്ടായി. സ്റ്റേഷനാകെ നടന്നു കണ്ടതിനു ശേഷമായിരുന്നു പ്രതികരണം. എന്നാൽ തൊട്ടുപിറകെ കേട്ട ആവശ്യങ്ങളുടെയും അപര്യാപ്തതകളുടെയും മുറവിളി കമ്മിറ്റി അംഗങ്ങളെ അസ്വസ്ഥരാക്കുന്നതായി. എല്ലാം സശ്രദ്ധം കേട്ടതിനു ശേഷം അനുഭാവപൂർണമായ ഇടപെടൽ നടത്തുമെന്ന് വാഗ്ദാനം നൽകുകയും ചെയ്തു. കമ്മിറ്റി അംഗങ്ങളായ ജയന്തിലാല്‍ ജയ്ൻ, സുർമാ പാഫെ, പ്രകാശ് പാൽ, ബോർഡ് അംഗം ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തലശ്ശേരി റെയില്‍വേ സ്‌റ്റേഷന്‍ സന്ദര്‍ശിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ പരിശോധിച്ചത്. യാത്രക്കാരില്‍ നിന്നും അഭിപ്രായമാരാഞ്ഞു. ദീര്‍ഘദൂര ട്രെയിനുകളായ രാജധാനി, ഗരീബ്‌രഥ് എന്നിവക്ക് തലശ്ശേരിയില്‍ സ്‌റ്റോപ് അനുവദിക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു. സ്റ്റേഷന് സമീപത്തെ കാടുമൂടിക്കിടക്കുന്ന സ്ഥലങ്ങള്‍ വൃത്തിയാക്കി സാമൂഹികവിരുദ്ധരുടെ ശല്യമൊഴിവാക്കുക, റെയില്‍വേ പ്ലാറ്റ് ഫോമില്‍ മോല്‍ക്കൂരയുണ്ടാക്കുക, പൊട്ടിപ്പൊളിഞ്ഞ ടൈല്‍സ് മാറ്റുക, റെയില്‍വേ സ്‌റ്റേഷനില്‍നിന്നും പുതിയ ബസ് സ്റ്റാന്‍ഡിലേക്കുള്ള റോഡ് പണിയുക, ടെമ്പിള്‍ ഗേറ്റ് എന്ന പേരുമാറ്റി തലശ്ശേരി ജഗന്നാഥ ടെമ്പിള്‍ സ്റ്റേഷൻ എന്ന് പുനര്‍നാമകരണം ചെയ്യുക, റെയില്‍വേ കാന്റീനിൽ ചുരുങ്ങിയ ചെലവില്‍ ഭക്ഷണം ലഭ്യമാക്കുക, വെയിറ്റിങ് റൂമിലെ ബാത്ത് റൂം വിപുലപ്പെടുത്തുക, റെയില്‍വേ സ്‌റ്റേഷന്‍ വൃത്തിയായി സൂക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക എന്നീ ആവശ്യങ്ങളാണ് പ്രധാനമായും പൊതുജനങ്ങളില്‍ നിന്നുയര്‍ന്നത്. തലശ്ശേരിയിലെ സാമൂഹിക സംഘടന ട്രൂത്ത് ഭാരവാഹികളായ വി.വി. ഗോപാലകൃഷ്ണൻ, പി.പി. ബാലൻ എന്നിവർ ഒമ്പത് ആവശ്യങ്ങളടങ്ങിയ നിവേദനത്തിലൂടെയും കാര്യങ്ങൾ ബോധിപ്പിച്ചു. എം.പി. സുമേഷ്. കെ. അനില്‍കുമാര്‍, നഗരസഭാംഗം പ്രീത പ്രദീപ്, കെ. ജിഷ, പി.വി. വിജയരാഘവന്‍ കെ.എം. റിഥിൻ പി.വി. സുജേഷ് വി.ആർ. രാജൻ എന്നിവർ സന്നിഹിതരായി. സ്റ്റേഷൻ മാനേജർ വി.വി. രമേഷ് സംഘത്തെ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.